2010-11-30 16:40:42

ദൈവസ്മരണയില്‍ ജീവിക്കുന്നവര്‍ക്കാണ് ജീവിതത്തിന്‍റെ അര്‍ത്ഥം മനസിലാക്കാന്‍ സാധിക്കുന്നതെന്ന് മാര്‍പാപ്പ


30.11.10
അപ്പസ്തോലീക അരമനയില്‍ ഗാര്‍ഹീകസേവനം ചെയ്തിരുന്ന മാനുവേല കമാഞ്ഞിയുടെ അന്തിമോപചാര ശുശ്രൂഷാമധ്യേ വായിക്കപ്പെട്ട പേപ്പല്‍ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നത്. നവംബര്‍ ഇരുപത്തിനാലാം തിയതി റോമില്‍ ഒരുറോഡപകടത്തില്‍ മരണമടഞ്ഞ മാനുവേലയുടെ മൃതസംസ്ക്കാര ചടങ്ങ് 29-ാംതിയതി തിങ്കളാഴ്ച വൈകുന്നേരം വത്തിക്കാനില്‍ നടന്നു. മാര്‍പാപ്പയ്ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനാല്‍ അദ്ദേഹം സന്ദേശം പേഴ്സനല്‍ സെക്രട്ടറി വഴി അയക്കുകയായിരുന്നു.
ദൈവത്തോടുള്ള നമ്മുടെ ബന്ധം മരണഗര്‍ത്തത്തേക്കാള്‍ അഗാധമാണെന്നും ഒരു പക്ഷേ ദൈവം നമ്മില്‍ നിന്നും അകലെയാണെന്നോ, നമ്മെ അവിടുന്നു മറന്നുപോയെന്നോ നമുക്കു അനുഭവപ്പെട്ടേക്കാമെങ്കിലും അവിടുത്തെ സന്നിധിയില്‍ നാം എല്ലായ്പ്പോഴും സന്നിഹിതരാണെന്നും അവിടുന്ന് സ്വന്തം ഹൃദയത്തില്‍ നമ്മെ സംവഹിക്കുന്നുവെന്നതാണ് യാത്ഥാര്‍ത്ഥ്യമെന്നും സന്ദേശത്തിലൂടെ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. മാനുവേല അപ്പസ്തോലീക അരമനയില്‍ ചെയ്തിരുന്ന സേവനങ്ങള്‍ കൃതജ്ഞതയോടെ അനുസ്മരിച്ച മാര്‍പാപ്പ, എപ്പോഴും ദൈവസ്മരണയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അവര്‍ എന്നും പരാമര്‍ശിച്ചു.







All the contents on this site are copyrighted ©.