2010-11-29 17:08:14

വിശുദ്ധ അന്ത്രയോസിന്‍റെ
തിരുനാളില്‍ ഐക്യത്തിന്‍റെ സന്ദര്‍ശനം


29 നവംമ്പര്‍ 2010
പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികള്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമ്യോ പ്രഥമനെ സന്ദര്‍ശിച്ചു.
നവംമ്പര്‍ 30-ാം തിയതി ആഘോഷിക്കപ്പെടുന്ന വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളിനോടനുബന്ധിച്ചാണ് വത്തിക്കാനില്‍നിന്നും ഒരു പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റെനോപ്പിളിലെ ഓര്‍ത്തഡോക്സ് എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുന്നത്. പരിശുദ്ധ പിതാവ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പൗരസ്ത്യ ഓര്‍ത്തഡോക്ട് സഭയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.
അതേ കമ്മിഷന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ബ്രയന്‍ ഫാരെലും പൗരസ്ത്യ സഭകളുടെ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന ഫാദര്‍ ആന്‍ഡ്രൂ പര്‍മിയെറി എന്നിവരും സംഘത്തില്‍ ഉള്‍പ്പെടുന്നു.
ഈസ്താംബൂളിലേയ്ക്കു പുറപ്പെട്ട വത്തിക്കാന്‍ സംഘം തുര്‍ക്കിയിലുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചബിഷ്പ്പ് അന്തോണിയോ ലൂസിപെല്ലോയോടൊപ്പമായിരിക്കും കിഴക്കന്‍ സഭ ആഘോഷിക്കുന്ന വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ ഈ വര്‍ഷം പങ്കെടുക്കുന്നത്.
വത്തിക്കാനില്‍നിന്നുമുള്ള സംഘം പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയൊയോടൊപ്പം നവംമ്പര്‍ 29-ന് ഈസ്താംബൂളിലെ ഫാനാറിലുള്ള വിശുദ്ധ അന്ത്രയോസിന്‍റെ കത്തീദ്രല്‍ ദേവാലയത്തിലുള്ള തിരുനാള്‍ കുര്‍ബ്ബാനയില്‍ പങ്കെടുത്തശേഷം പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ജൂണ്‍ മാസത്തില്‍ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ കോണ്‍സ്റ്റന്‍റി നോപ്പിളിലെ പാത്രിയര്‍ക്കീസും സംഘവും റോമില്‍വന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയോടോപ്പം തിരുനാള്‍ ദിവ്യബലിയില്‍ പങ്കെടുക്കുകയും പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.







All the contents on this site are copyrighted ©.