2010-11-29 17:01:05

മനുഷ്യാന്തസ്സിന്നാധാരം മാസംധരിച്ച വചനം
- പാപ്പായുടെ ആഗമനകാലസന്ദേശം


29 നവംമ്പര്‍ 2010
മനുഷ്യഭാവനയ്ക്കും ചിന്തയ്ക്കുമതീതമായി, വിവേചനം കൂടാതെ ദൈവം എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ദൈവീക ജീവനിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷത്തെ ആഗമനകാലത്തിന് വത്തിക്കാനില്‍ തുടക്കും കുറിച്ചുകൊണ്ട് പ്രസ്താവിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യാരധനയോടെയാണ് മാര്‍പാപ്പ ആഗമനകാലത്തിന് പ്രാരംഭമായുള്ള സായാഹ്നപ്രാര്‍ത്ഥന നടത്തിയത്. ജീവിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ പ്രാര്‍ത്ഥന സായാഹ്നപ്രാര്‍ത്ഥനയുടെ മറ്റൊരു സവിശേഷതയായിരുന്നു. ആസന്നമായ ആഗമനകാലത്തിനൊരുക്കമായി നവംമ്പര്‍ 27-ാം തിയതി ശനിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ സായാഹ്നപ്രാര്‍ത്ഥനയുടെ സമാപനത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ദൈവം നമ്മെ സ്നേഹിക്കുന്നതുവഴി നമുക്കു ലഭിക്കുന്ന അതുല്യമായ മനുഷ്യാന്തസ്സിന്‍റെ മൂല്യം നന്ദിയോടെ മനുഷന്‍ എന്നും അംഗീകരിക്കേണ്ടതാണെന്നും അതിന്‍റെ ഉത്തരവാദിത്വം അനുദിനജീവിതത്തില്‍ പ്രകടമാക്കേണ്ടതാണെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.
ക്രിസ്തുവഴി നമുക്കു ലഭിക്കുന്ന ദൈവിക ജീവനിലുള്ള പങ്കാളിത്തംവഴിയാണ് മനുഷ്യന് ആത്മവിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും ഒരു നവദര്‍ശനം ലഭിക്കുന്നതെന്നു പ്രസ്താവിച്ച മാര്‍പാപ്പ, ഈ നവദര്‍ശനത്തില്‍ മനുഷ്യാന്തസ്സിന്‍റെ അന്യൂനവും പകരംവയ്ക്കാനാവാത്തതുമായ ജീവന്‍റെ മൂല്യം എല്ലാത്തലങ്ങളിലും മാനിക്കപ്പെടണമെന്നും അനുസ്മരിപ്പിച്ചു. അത് ഒരു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപമെടുക്കുന്ന ഭ്രൂണമായാലും, ദാരിദ്ര്യത്താലോ രോഗത്താലോ വാര്‍ദ്ധക്യത്താലോ സമൂഹത്തില്‍ ക്ലേശമനുഭവിക്കുന്ന ഒരു പാവം മനുഷ്യജീവനായാലും, ആദരിക്കപ്പെടമെന്ന് മാര്‍പാപ്പ, പത്രോസിന്‍റെ ബസിലിക്കായില്‍ സമ്മേളിച്ച വിശ്വാസ സമൂഹത്തോടും ലോകത്തോടുമായി ആഹ്വാനംചെയ്തു.
ഒരോ മനുഷ്യജീവനും ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും പരിചരിക്കപ്പെടുകയും വേണമെന്നും, നീതിയുടെ ഈ ദര്‍ശനത്തില്‍ മാത്രമേ നമ്മുടെ ലോകത്ത് ശാശ്വതവും യഥാര്‍ത്ഥവുമായ സമാധാനവും, സന്തോഷവും സ്വാതന്ത്ര്യവും ഉണ്ടാവുകയുള്ളൂവെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പതന്നെ രചിച്ച ജീവനുവേണ്ടിയുള്ള മനോഹരമായ പ്രാര്‍ത്ഥന വിശ്വാസസമൂഹം ഏറ്റുചൊല്ലിക്കൊണ്ട് 2010-ാമാണ്ടിലെ ക്രിസ്തമസ്സിനൊരുക്കമായുള്ള ആഗമനകാലത്തിന് തുടക്കംകുറിച്ചു.







All the contents on this site are copyrighted ©.