2010-11-27 16:42:21

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 നവംബര്‍ മാസത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിന്‍ സന്ദര്‍ശിക്കും.


27.11.10

നവംബര്‍ 26-ാം തിയതി വെള്ളിയാഴ്ച ബെനിനിലെ ദേശീയമെത്രാന്‍ സമിതിയും പ്രാദേശീക ഭരണാധികാരികളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടന്നത്. ദേശീയ മെത്രാന്‍ സമിതിയുടെയും ബെനിനിന്‍റെ പ്രസിഡന്‍റിന്‍റെയും ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പ അന്നാടു സന്ദര്‍ശിക്കാന്‍ പോകുന്നത്. ബെനിനില്‍ സുവിശേഷ സന്ദേശമെത്തിയതിന്‍റെ നൂറ്റിയന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍പാപ്പ നടത്തുന്ന ഈ സന്ദര്‍ശനം പ്രധാനമായും അജപാലനപരമാണ്. 2009-ാം ആണ്ടില്‍ മെത്രാന്‍മാരുടെ സംഘം ആഫ്രിക്കയ്ക്കുവേണ്ടി ചേര്‍ന്ന പ്രത്യേക സമ്മേളനത്തിന്‍റെ ഫലമായി ഉരുത്തിരിഞ്ഞ അപ്പസ്തോലീക പ്രബോധനം സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മെത്രാന്‍മാരുടെ സമിതിക്കു സമര്‍പ്പിക്കും. കത്തോലിക്കാ സഭ, ആഫ്രിക്കയില്‍ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും നീതിയുടെയും സേവനത്തില്‍: എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ സിനഡു സമ്മേളനത്തില്‍ രൂപംകൊള്ളാനാരംഭിച്ച ഈ അപ്പസ്തോലീക പ്രബോധനം വരും വര്‍ഷങ്ങളില്‍ ആഫ്രിക്കയിലെ സഭാപ്രവര്‍ത്തനങ്ങള്‍ക്കുളള പ്രവര്‍ത്തനരേഖയായിരിക്കും. 2011 നവംബര്‍ മാസം 17ാം തിയതി ആരംഭിക്കുന്ന സന്ദര്‍ശനം 20-ാം തിയതി സമാപിക്കും.







All the contents on this site are copyrighted ©.