2010-11-27 16:49:53

അന്താരാഷ്ട്രവികസന മേഖലയില്‍ ജപ്പാന്‍ നല്‍കുന്ന സംഭാവനകള്‍ക്ക് മാര്‍പാപ്പയുടെ അഭിന്ദനം.


27.11.10

നവംബര്‍ ഇരുപത്തയേഴാം തിയതി ശനിയാഴ്ച, തന്‍റെ അപ്പസ്തോലീക അരമനയില്‍ വത്തിക്കാനിലേക്കുള്ള ജപ്പാന്‍റെ പുതിയ സ്ഥാനപതി ഹിഡേക്കാസു യാമാഗുച്ചീയില്‍ നിന്നും ഔദ്ദ്യോഗീക സാക്ഷിപത്രം സ്വീകരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായശേഷം വികസനമേഖലയില്‍ പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ജപ്പാന്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണെന്ന് പ്രസ്താവിച്ച മാര്‍പാപ്പ, അന്താരാഷ്ട്ര സഹകരണത്തിലൂടെ മാനവ കുടുംബത്തിന്‍റെ ഐക്യത്തിനായി പ്രയത്നിക്കുന്നതുവഴി ഭൗതീക വിഭവങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന, ന്യായയുക്തമായ ഒരു ആഗോള സമ്പത്ത് വ്യവസ്ഥ രൂപീകരിക്കുവാന്‍ സാധിക്കുമെന്നു പ്രത്യാശപ്രകടിപ്പിച്ചു.
ഹിരോഷിമായിലെ അണുബോംബു സ്ഫോടനത്തിന്‍റെ എഴുപത്തയഞ്ചാം വാര്‍ഷികമാണ് ഇക്കൊല്ലമെന്ന് അനുസ്മരിച്ച മാര്‍പാപ്പ, നീരായുധീകരണവും ആണവായുധങ്ങള്‍ പോലെയുള്ള മാരക ആയുധങ്ങളുടെ ഉന്മൂലവും ഇപ്പോഴും ആശങ്കാവഹമായ ഒരു പ്രശ്നമായി നിലനില്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ആയുധശേഖരം രാജ്യങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളും വിശ്വാസക്കുറവും വളര്‍ത്തുന്നതിനിടയാക്കുമെന്നും മുന്നറിയിപ്പു നല്‍കി. ആഗോള സാമ്പത്തീക മാന്ദ്യത്തിന്‍റെ മദ്ധ്യത്തിലും ലോകസമ്പത്ത് വ്യവസ്ഥയില്‍ ശ്രേഷ്ഠസ്ഥാനം നിലനിറുത്തുന്ന ജപ്പാന്‍ ഇനിയും ധാര്‍മ്മീകതയില്‍ അടിസ്ഥാനമിട്ട സാമ്പത്തീകക്രമത്തിനായി പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

ജപ്പാനില്‍ നിലവിലുള്ള മതസ്വാതന്ത്ര്യത്തിലും മതമൈത്രിയിലും സന്തുഷ്ടി പ്രകടിപ്പിച്ച മാര്‍പാപ്പ, അന്നാടിന്‍റെ സാമൂഹീക സാംസക്കാരീക അഭിവൃദ്ധിക്കുവേണ്ടി കത്തോലിക്കാസഭ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഉറപ്പുനല്‍കി.







All the contents on this site are copyrighted ©.