2010-11-26 18:38:17

മാര്‍പാപ്പ ജീവനുവേണ്ടി
പ്രാര്‍ത്ഥിക്കുന്നു


26 നവംമ്പര്‍ 2010
ആഗമനകാലത്തിന് ആരംഭംകുറിച്ചുകൊണ്ട് മാര്‍പാപ്പ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കും. ആസന്നമാകുന്ന ആഗമനകാലത്തിനൊരുക്കമായി, നവംമ്പര്‍ 27-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടത്തപ്പെടുന്ന പ്രഥമ സായാഹ്ന പ്രാര്‍ത്ഥനയിലാണ് മാര്‍പാപ്പ ജീവനുവേണ്ടി പ്രാര്‍ത്ഥക്കുന്നതെന്ന് വത്തിക്കാന്‍റെ ആരാധനക്രമവിഭാഗം നല്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധനാമദ്ധ്യേ നടത്തപ്പെടുന്ന സങ്കീര്‍ത്താനാലാപനങ്ങള്‍, വചനപ്രഘോഷണം, നിശ്ശബ്ദമായ പ്രാര്‍ത്ഥന, ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവയാണ് സായാഹ്നപ്രാര്‍ത്ഥനയുടെ പ്രധാന ഘടകങ്ങള്‍. ഇതില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ രചിച്ച ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് ഏറെ ശ്രദ്ധേയമാകുന്നത്. മനുഷ്യചരിത്രത്തില്‍ തന്‍റെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കിയ ക്രിസ്തുവിനോട് ഇന്നും മനുഷ്യര്‍ക്ക് ദൈവികജീവനില്‍ പങ്കാളിത്തം നല്കണമെന്നും...., പിറക്കുവാനിരിക്കുന്ന മനുഷ്യജീവനോട് ആദരവുകാണിക്കുവാനും, ദമ്പതിമാരുടെ സ്നേഹത്തെ വിശുദ്ധീകരിച്ച് ഫലദായകമാക്കുവാനുംവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിക്കും.
ജീവനെ ആദരിക്കുവാനുള്ള മനസ്സും മനസ്സാക്ഷിയും രാഷ്ട്രനേതാക്കള്‍ക്കും, നിയമപാലകര്‍ക്കും നല്കേണമേ എന്നും, ശാസ്ത്രജ്ഞന്മാരുടെയും ഭിഷഗ്വരന്മാരുടെയും ശുശ്രൂഷ എവിടെയും നീതിയിലും, മനുഷ്യന്‍റെ സമഗ്രനന്മയിലും അധിഷ്ഠിതമായിരക്കണമെന്നും പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പ, ജീവന്‍റെ നാഥനായ ക്രിസ്തുവിനെ സ്വീകരിക്കാന്‍ പ്രത്യാശയോടെ തന്നെത്തന്നെ ദൈവഹിതത്തിനു സമര്‍പ്പിച്ച പരിശുദ്ധ ദിവ്യജനനിയുടെ മാദ്ധ്യസ്ഥ്യവും മാതൃസഹായവും യാചിച്ചുകൊണ്ട് സായാഹ്നപ്രാര്‍ത്ഥന സമാഹരിക്കുമെന്ന്, വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ജീവനുവേണ്ടിയുള്ള പരിശുദ്ധ പിതാവിന്‍റെ പ്രാര്‍ത്ഥനയുടെ ചുവടുപിടിച്ച്, വിവിധ മേഖലകളില്‍ ജീവന്‍ പരിരക്ഷിക്കപ്പെടുന്നതിനായി, ആഗോളസഭയില്‍ ആഗമനകാലത്തിന്‍റെ ആരംഭത്തില്‍ എല്ലാ സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും ജാഗര പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തണമെന്ന്, കുടുബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വത്തിക്കാനില്‍നിന്നുമുള്ള വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.