2010-11-26 18:49:16

ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ
മങ്ങാത്ത സ്മരണകള്‍


26 നവംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മകള്‍ ഇന്നും സജീവമെന്ന്, എലിസബത്ത് രാജ്ഞി ലണ്ടണില്‍ പ്രസ്താവിച്ചു.
നവംബര്‍ 23-ാം തിയതി ചൊവ്വാഴ്ച ബ്രിട്ടണിലെ ആംഗ്ളിക്കന്‍ സഭയുടെ ദേശീയ സിനഡു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബ്രിട്ടീഷ് രാജ്ഞി. ക്രൈസ്തവസഭകളും സഭാ പാരമ്പര്യങ്ങളും സമൂഹത്തിന്‍റെ നന്മ വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നാണ്, 2010 സെപ്തംമ്പര്‍ 16 മുതല്‍ 19-വരെ നടന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന്, സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എലിസബത്ത് രാജ്ഞി പ്രസ്താവിച്ചു. സമൂഹത്തില്‍ മതാത്മക ജീവിതത്തിനുള്ള പ്രസക്തിയെക്കുറിച്ചു പരാമര്‍ശിക്കവേയാണ് എലിസബത്ത് രാജ്ഞി മാര്‍പാപ്പയുടെ ബ്രിട്ടണ്‍ സന്ദര്‍ശനത്തെക്കുറിച്ചും അതു രാജ്യത്തുയര്‍ത്തിയ ആത്മീയമായ അലയടിയെക്കുറിച്ചും പരാമര്‍ശിച്ചത്.
സമൂഹത്തില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ പതറാത്ത പരിശ്രമങ്ങള്‍കൊണ്ട് ക്രമീകരിക്കണമെന്നും രാജ്ഞി സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. ആംഗ്ലിക്കന്‍ സഭയുടെ സമ്പൂര്‍ണ്ണ ഭരണാധികാരിയാണ് supereme governor ബ്രീട്ടീഷ് രാജ്ഞി. ആംഗ്ളിക്കന്‍ സഭയുടെ ആത്മീയാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് സിനഡു-സമ്മേളനത്തിന് നേതൃത്വം നല്കി.







All the contents on this site are copyrighted ©.