2010-11-24 17:23:38

ചൈനയിലെ മെത്രാഭിഷേകം
ആഗോളസഭയുടെ വേദനാജനകമായ മുറിവ്


24 നവംമ്പര്‍ 2010
അനുമതികൂടാതെ ചൈനീസ് ഭരണകൂടം മെത്രാനെ വാഴിച്ചത് വത്തിക്കാന്‍ അപലപിച്ചു. മാര്‍പാപ്പ നിയമിക്കാത്ത ജോസഫ് ജൂനോ ജൂങ്കായി എന്ന കത്തോലിക്കാ വൈദികനെ ചൈനയിലെ ചെങ്ങദെയില്‍ നവംമ്പര്‍ 20-ാം തിയതി ഞായറാഴ്ച ചൈനീസ് രാഷ്ട്രാധികാരികള്‍ മെത്രാനായി വാഴിച്ചാതാണ്, നവംമ്പര്‍ 24-ാം തിയതി പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ വത്തിക്കാന്‍ അപലപിച്ചത്. ചൈനയില്‍ നടന്ന സംഭവവികാസങ്ങളെ സൂക്ഷമായി പഠിച്ചതിന്‍റെ വെളിച്ചത്തിലാണ് തീരുമാനങ്ങളെടുത്തിട്ടുള്ളതെന്ന് വിജ്ഞാപനം വ്യക്തമാക്കി.
പരിശുദ്ധ പിതാവിന്‍റെ അപ്പസ്തോലികാനുമതിയില്ലാതെ നടത്തിയിട്ടുള്ള ഈ മെത്രാഭിഷേകം കത്തോലിക്കാ സഭാചട്ടങ്ങളുടെ ലംഘനവും ആഗോള സഭാകൂട്ടായ്മയില്‍ വേദനാജനകമായൊരു മുറിവുമാണെന്ന് വിജ്ഞാപനം ആമുഖമായി പ്രസ്താവിച്ചു. ചൈനീസ് ഭരണംകൂടം മുന്‍കൈയ്യെടുത്തു നടത്തിയ മെത്രാഭിഷേകത്തില്‍ പങ്കെടുക്കാന്‍ മറ്റു മെത്രാന്മാരെ നിര്‍ബ്ബണ്ഡിച്ചത് മതസ്വാതന്ത്ര്യത്തിന്‍റെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും ഗൗരവാവഹമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയ വിജ്ഞാപനം,...
പരിശുദ്ധ പിതാവായിട്ടും പ്രാദേശിക സഭയായിട്ടും ഐക്യത്തിലല്ലാത്ത ഒരു വ്യക്തിയെയും മെത്രാനായി അഭിഷേചിച്ചത് പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്തു. ഈ മെത്രാഭിഷേകത്തിനെതിരായി കഴിഞ്ഞൊരു വര്‍ഷത്തില്‍തന്നെ പല തവണ പരിശുദ്ധ സിംഹാസനത്തിന്‍റെ വിയോജിപ്പ് അറിയിച്ചിട്ടും ഏകപക്ഷീയമായി നടത്തിയ ഈ അനിഷ്ടസംഭവത്തില്‍ രാഷ്ടീയതലത്തിലും സഭാതലത്തിലുമുണ്ടാകുന്ന പ്രതിസന്ധികള്‍ ബഹുമുഖങ്ങളാണെന്ന് വിജ്ഞാപനം വെളിപ്പെടുത്തി. ചൈനയിലെ സഭയുടെ ക്ലേശപൂര്‍ണ്ണമായ ആത്മീയയാത്രയെ ആകാംക്ഷയോടെ പിന്‍തുടരുന്ന കത്തോലിക്കാലോകം അവരുടെ പിന്‍തുണയും പ്രാര്‍ത്ഥനയും വിജ്ഞാപനത്തിലൂടെ നേരുന്നുവെന്നും, പ്രത്യാശ കൈവെടിയാതെ ചരിത്രത്തിന്‍റെ അധിനാഥനായ ക്രിസ്തുവില്‍ ശരണപ്പെട്ട് മുന്നേറണമെന്നും വിജ്ഞാപനം ആഹ്വാനംചെയ്തു.

 







All the contents on this site are copyrighted ©.