2010-11-24 16:36:56

കര്‍ദ്ദിനാള്‍ നവാരത്തേയ്ക്ക്
മാര്‍പാപ്പായുടെ ആദരാഞ്ജലി


24 നവംമ്പര്‍ 2010
സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റെ പാതയില്‍ തങ്ങളെത്തന്നെ നല്കിയവരെ
ദൈവികനീതി ഒരിക്കലും കൈവെടിയുകയില്ലെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ ഊര്‍ബാനോ നവാരത്തെയുടെ അന്തിമോപചാര ശുശ്രൂഷയില്‍ പ്രസ്താവിച്ചു. റോമില്‍ മരണമടഞ്ഞ കര്‍ദ്ദിനാള്‍ ഊര്‍ബാനോ നവാരത്തെയുടെ അന്തിമോപചാര ശുശ്രൂഷാബലി നവംമ്പര്‍ 24-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ അര്‍പ്പിച്ചുകൊണ്ടു നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട്, “എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരങ്ങളെയോ, പിതാവിനെയോ മാതാവിനെയോ, മക്കളെയോ സ്വത്തുക്കളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി പ്രതിഫലം ലഭിക്കുമെന്നും, അവന്‍ നിത്യജീവന്‍ പ്രാപിക്കുമെന്നും,” മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
നീതിനിഷ്ഠയുള്ള ഒരു കാനോനാ നിയമാദ്ധ്യപകനായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ നവാരത്തെയെന്നും, ജീവിതത്തിലെ നല്ലൊരുഭാഗവും പുതിയ തലമുറയെ ക്രിസ്തുവിന്‍റെയും സുവിശേഷത്തിന്‍റെയും സത്യമായ നീതിബോധം പഠിപ്പിക്കുന്നതിനായി അദ്ദേഹം ഉഴിഞ്ഞുവച്ചുവെന്നും മാര്‍പാപ്പ അനുസ്മരിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ നടത്തിപ്പിലും, പിന്നീട് സഭ കനോന നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോഴും കര്‍ദ്ദിനാള്‍ നവാരത്തെ നല്കിയ ആധികാരികവും ശാസ്ത്രീയവുമായ സംഭാവനകള്‍ മാര്‍പാപ്പ തന്‍റെ പ്രഭാഷണത്തില്‍ നന്ദിയോടെ അനുസ്മരിച്ചു. നവംമ്പര്‍ 22-ാം തിയതി തിങ്കളാഴ്ച, 90-ാമത്തെ വയസ്സിലാണ് കര്‍ദ്ദിനാള്‍ ഊര്‍ബാനോ നവാരത്തെ റോമിലെ ഈശോ സഭാമന്ദിരം, കനീസ്സിയോയില്‍ അന്തരിച്ചത്. 1937-ല്‍ ഈശോ സഭയില്‍ പ്രവേശിച്ച അദ്ദേഹം, 1952-ല്‍ വൈദികപട്ടം സ്വീകരിച്ചു. കാനോന നിയമാദ്ധ്യപകനായും റെക്ടറായും റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ സേവനംചെയ്ത അദ്ദേഹം, വത്തിക്കാന്‍റെ ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള സംഘത്തിന്‍റെ ഉപദേശക സമിതി അംഗമായും സേവനം ചെയ്തിട്ടുണ്ട്. ശുശ്രൂഷാജീവിതത്തിനിടയില്‍ മെത്രാന്‍സ്ഥാനം നിരസിച്ച നവാരത്തെയെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയാണ് 2007-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.







All the contents on this site are copyrighted ©.