2010-11-23 14:00:31

കര്‍ദിനാള്‍ നവാരെത്തെയുടെ മരണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.


23.11.10

നവംബര്‍ 22-ാം തിയതി റോമില്‍ അന്തരിച്ച കര്‍ദ്ദിനാള്‍ നവാരത്തെ അംഗമായിരുന്ന ഈശോസഭയുടെ ജനറല്‍ സുപ്പീരിയറിനയച്ച സന്ദേശത്തിലൂടെ കര്‍ദ്ദിനാളിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സന്ന്യസ്ത സഹോദരങ്ങളുടെയും വേദനയില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ കര്‍ദ്ദിനാള്‍ സഭയ്ക്കു നല്‍കിയ സേവനങ്ങളെക്കുറിച്ചും സന്ദേശത്തില്‍ നന്ദിയോടെ സ്മരിച്ചു. തന്‍റെ ജീവിതംതന്നെ ഒരു സാക്ഷൃമായി നല്‍കിയ കര്‍ദ്ദിനാള്‍ നവാരെത്തെ പുതിയ തലമുറയുടെ പ്രത്യേകിച്ച് നവ വൈദീകരുടെ രൂപീകരണത്തിന് നല്‍കിയ സംഭാവനകള്‍ അനുകരണീയമായ മാതൃകയാണ് നല്‍കുന്നതെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. കാനോനീക നിമയവിദഗ്ധനായിരുന്ന കര്‍ദ്ദിനാള്‍ നവാരെത്തെ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലും പരിശുദ്ധ സിംഹാസനത്തിനും നല്‍കിയ ശ്രേഷ്ഠസേവനങ്ങളും മാര്‍പാപ്പ കൃതഞ്ജതയോടെ അനുസ്മരിച്ചു.

കര്‍ദ്ദിനാളിന്‍റെ അന്തിമോപചാര ചടങ്ങുകള്‍ 24-ാം തിയതി രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ഭദ്രാസന ദേവാലയത്തില്‍ നടക്കും. കര്‍ദ്ദിനാളിന്‍റെ മരണത്തോടെ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ എണ്ണം ഇരുന്നൂറ്റിരണ്ടായി കുറഞ്ഞു. അതില്‍ നൂറ്റിഇരുപത്തിയൊന്ന് കര്‍ദ്ദിനാള്‍മാര്‍ക്കാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ അവകാശമുളളത്.







All the contents on this site are copyrighted ©.