2010-11-18 20:17:31

24 പുതിയ കര്‍ദ്ദിനാളന്മാര്‍
സ്ഥാനാരോപിതരാകുന്നു


18 നവംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 24 പുതിയ കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണകര്‍മ്മം വത്തിക്കാനില്‍ നിര്‍വ്വഹിക്കുന്നു. നവംമ്പര്‍ 20, 21 ശനി, ഞായര്‍ ദിവസങ്ങളിലായി വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകളുടെ വിശദാംശങ്ങള്‍ പേപ്പല്‍ ആരാധനക്രമങ്ങളുടെ ചുമതല വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി നവംമ്പര്‍ 17 ബുധനാഴ്ച ഒരു വാര്‍ത്താക്കുറിപ്പിലൂടെ പ്രസിദ്ധീകരിച്ചു.
നവംമ്പര്‍ 20-ാം തിയതി ശനിയാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍വച്ചു നടത്തപ്പെടുന്ന സ്ഥാനിക തൊപ്പിധരിപ്പിക്കലും നാമകരണവുമാണ് ചടങ്ങുകളുടെ ആദ്യഭാഗം. ഇതുവഴി പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള കൂട്ടായ്മയും കൂട്ടുത്തരവാദിത്തവും പുതിയ കര്‍ദ്ദിനാളന്മാര്‍ പ്രഖ്യാപിക്കുകയാണ്.
പുതിയ കര്‍ദ്ദിനാളന്മാരെ മാര്‍പാപ്പ അണിയിക്കുന്ന ചുവന്ന തൊപ്പി സഭ അവരെ ഭരമേല്‍പ്പിക്കുന്ന സ്നേഹ-ശുശ്രൂഷയുടെ പ്രതീകമാണ്. കലവറയില്ലാത്ത ദൈവസ്നേഹത്തിലേയ്ക്കും, സഭാസേവനത്തിലേയ്ക്കും, മനുഷ്യസ്നേഹത്തിലേയ്ക്കും, വേണ്ടിവന്നാല്‍ രക്തസാക്ഷിത്വത്തിലേയ്ക്കുമാണ് അവര്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ ലഘുശുശ്രൂഷയിലൂടെ പ്രഘോഷിക്കുകയാണെന്ന് വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
നവംമ്പര്‍ 21-ാം തിയതി ഞായറാഴ്ച, ക്രിസ്തുരാജന്‍റെ തിരുനാളില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലാക്കായില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിയില്‍ consistory-യിലെ എല്ലാ കര്‍ദ്ദിനാളന്മാരും സഹകാര്‍മ്മികരായിരിക്കും. ദിവ്യബലിമദ്ധ്യേ മാര്‍പാപ്പ പുതിയ കര്‍ദ്ദിനാളന്മാര്‍ക്ക് സ്ഥാനികമോതിരങ്ങള്‍ അണിയിക്കുന്നതോടെയാണ്, കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങ് പൂര്‍ത്തിയാകുന്നത്.
ആരാധനക്രമമനുസരിച്ച് ക്രിസ്തുരാജന്‍റെ തിരുനാള്‍ ബലിയാണ് മാര്‍പാപ്പ അര്‍പ്പിക്കുന്നതെങ്കിലും, പാരമ്പര്യമനുസരിച്ച് ക്രിസ്തുവിന്‍റെ കുരിശിനെ കേന്ദ്രീകരിച്ചാണ് കര്‍മ്മങ്ങള്‍ നടത്തപ്പെടുന്നതെന്ന്, പേപ്പല്‍ ആരാധനക്രമങ്ങളുടെ ചുമതലവഹിക്കുന്ന മോണ്‍സീഞ്ഞോര്‍ മരീനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സേവനത്തിന്‍റെയും സ്നേഹത്തിന്‍റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ ക്രിസ്തു കുരിശ്ശില്‍ ആര്‍ജ്ജിച്ച രാജത്വം മാതൃകയാക്കാന്‍ ആഹ്വാനംചെയ്തു കൊണ്ടാണ് മാര്‍പാപ്പ പുതിയ കര്‍ദ്ദിനാളന്മാരെ കുരിശിന്‍റെ ചിഹ്നമുള്ള സ്ഥാനികമോതിരം അണിയിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പേപ്പല്‍ ഗായകസംഘം പാരമ്പര്യമുറയില്‍ വെള്ളിക്കുഴലുകളിലൂടെ silver trumpets
Tu es Petrus അങ്ങു പത്രോസാകുന്നു, എന്ന പ്രശസ്തഗീതം ആലപിക്കപ്പെടുന്നതോടെയാണ് പുതിയ കര്‍ദ്ദിനാളന്മാരുടെ സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്കും, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഔദ്യോഗിക രൂപികരണച്ചടങ്ങുകള്‍ക്കും തിരശ്ശീല വീഴുന്നത്.
 







All the contents on this site are copyrighted ©.