2010-11-11 17:04:18

തീരമാനങ്ങള്‍ മനുഷ്യപുരോഗതി
മാനിക്കുന്നതായിരിക്കണം, മാര്‍പാപ്പ


11 നവംമ്പര്‍ 2010
തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും മനുഷ്യന്‍റെ സമഗ്രവും സത്യവുമായ പുരോഗതി പരമാവധി മാനിക്കുന്നതായിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ G20 സമ്മേളനത്തോടാഹ്വാനം ചെയ്തു. ദക്ഷിണ കൊറിയായിലെ സിയോളില്‍ ആരംഭിച്ച G20 ഉച്ചകോടി സമ്മേളനത്തോടനുബണ്ഡിച്ച് പ്രസിഡന്‍റ്, ലീ മ്യൂങ്ങ് ബാക്കിന് നവംമ്പര്‍ 11-ാം തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.
ആഗോള പ്രാധാന്യമുള്ളതും സങ്കീര്‍ണ്ണങ്ങളുമായ പല പ്രശ്നങ്ങളുടെയും പരിഹാരത്തിനായി സമ്മേളനം പരിശ്രമിക്കുമ്പോള്‍, തലമുറകളുടെ ഭാവിതന്നെ അതുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ എല്ലാ തീരുമാനങ്ങുടെയും പരമമായ ലക്ഷൃവും കേന്ദ്രവും മനുഷ്യാനായിരിക്കണമെന്ന് മാ‍ര്‍പാപ്പ ആഹ്വാനംചെയ്തു. മാനുഷിക തീരുമാനങ്ങളുടെ പക്വതയടങ്ങിയിരിക്കുന്നത്, അത് വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മനുഷ്യന്‍റെ സാമൂഹ്യ വളര്‍ച്ചയ്ക്ക് ഉതകുംവിധം.... സ്രഷ്ടാവായ ദൈവം നല്കിയിട്ടുള്ള കല്പനകള്‍ മാനിച്ചാകുമ്പോള്‍ മാത്രമാണെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. G20-യിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന മാര്‍പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലീകാശിര്‍വ്വാദവും നല്കി. ആഗോള സാമ്പത്തിക ഭദ്രത തിരികെപ്പിടിക്കുക എന്ന മുഖ്യപ്രമേയവുമായി വിളിച്ചുകൂട്ടിയിരിക്കുന്ന സമ്മേളനം ദീര്‍ഘ-ഹ്രസ്വകാല പ്രബലതയുള്ള വിവിധ തീരുമാനങ്ങളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയോടെയാണ് ആരംഭിച്ചിരിക്കുന്നത്. നവംമ്പര്‍ 12-ാം തിയതി സമ്മേളനം സമാപിക്കും.







All the contents on this site are copyrighted ©.