2010-11-07 13:53:25

ബാര്‍സലോണായിലെ തിരുകുടുംബ ദേവാലയത്തിന്‍റെ പ്രതിഷ്ഠാവേളയില്‍ മാര്‍പാപ്പ നടത്തിയ വചന പ്രഘോഷണം


 07.11.10

ഈ സുദിനത്തിന് കര്‍ത്താവിന് സന്തോഷത്തോടെ നമുക്ക് നന്ദിപറയാം, കാരണം ഒരു നൂറ്റാണ്ടത്തെ പ്രത്യാശയുടെയും അദ്ധ്വാനത്തിന്‍റെയും ഏറേ ജനങ്ങളുടെ ഔദാര്യത്തിന്‍റെയും ചരിത്രം പൂവണിയുന്ന സുദിനമാണിന്ന്. കര്‍ത്താവിന്‍റെ ഈ ആലയത്തിന്‍റെ രൂപകല്പനചെയ്തവര്‍ മുതല്‍ കലാകാരന്മാര്‍വരെ, ഇതിന്‍റെ പണിക്കാര്‍ മുതല്‍ പണിചെയ്യിപ്പിച്ചവര്‍വരെ എല്ലാവരെയും ഞാന്‍ സ്നേഹപൂര്‍വ്വം അനുസ്മരിക്കുന്നു.... വിശിഷ്യ ഇതിന്‍റെ വാസ്തുശില്പി.. അന്തോണിയോ ഗൗദി... ഈ ബൃഹത്തായ പ്രാര്‍ത്ഥനാലയ നിര്‍മ്മിതിയുടെ ആത്മാവും പ്രചോദനവുമായ വ്യക്തിയാണദ്ദേഹം.
മാതൃകാ പരമായ ക്രൈസ്തവ ജീവിതം നയിച്ചുകൊണ്ട് അദ്ദേഹം വിശ്വാസത്തിന്‍റെ ദീപശിഖ പൊലിയാതെ മരണംവരെ കാത്തുസൂക്ഷിച്ചുകൊണ്ട്, പൂര്‍ണ്ണഅന്തസ്സോടെയും, വിരക്തിയോടെയും ജീവിച്ചുകൊണ്ട് വിശുദ്ധിയുടെ പടവുകള്‍ കയറി.

സഭയ്ക്ക് നിരവധി വിശുദ്ധാത്മാക്കളെ നല്കിയിട്ടുള്ള കാത്തലീനാ പ്രവിശ്യയുടെ വിശുദ്ധിയുടെയും കലാസാഹിത്യ ജീവിതത്തിന്‍റെയും, പ്രത്യേകിച്ച് 19-ാം നൂറ്റാണ്ടുവരെയുള്ള ചരിത്രത്തിന്‍റെ ഹൃദയസ്പര്‍ശിയായ ഭാഗമാണ് ഈ പുണ്യസ്ഥാനം. ഇന്ന് ഇതെല്ലാം ചേര്‍ത്ത് ഒരു കാണിക്കയായി നമ്മെത്തന്നെ ഈ തിരുവിരുന്നില്‍ ദൈവത്തിന് സമര്‍പ്പിക്കാം.

ഈ ആലയത്തിന് അതിന്‍റെ ആരംഭം മുതല്‍ക്കേ വിശുദ്ധ യൗസേപ്പിതാവുമായി ഒരു ബണ്ഡമുണ്ടെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ദേവാലയ നിര്‍മ്മാണമദ്ധ്യേ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ദൈവപരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് അന്തോണിയോ ഗൗദി പ്രാര്‍ത്ഥിക്കുമായിരുന്നു...
“വിശുദ്ധ യൗസേപ്പിതാവ് ഈ ദേവാലയം പണിതു തീര്‍ക്കും,” എന്ന്. ഇന്ന് ഈ ദേവാലയം പ്രതിഷഠചെയ്യുന്നത് വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമം മാമോദീസായില്‍ സ്വീകരിച്ചിട്ടുള്ള ഒരു വ്യക്തിയെന്നതില്‍ ഗൗദിയുടെ പ്രാര്‍ത്ഥന അര്‍ത്ഥപൂര്‍ണ്ണമാവുകയാണ്.
ഇന്നീ ദേവാലയ പ്രതിഷ്ഠചെയ്യുമ്പോള്‍ ഒരു മനോഹര കലാസൃഷ്ടിക്ക് രൂപംനല്കിയ മനുഷ്യന്‍റെ ബുദ്ധിയുടെയും കരവിരുതിന്‍റെയും ഫലമായ ഈ ഭൗമികാലയം ഈ ലോകത്തിന്‍റെ കേന്ദ്രഭാഗത്ത്, ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പേ, സന്തോഷത്തോടും എന്നാല്‍ എളിമനിറഞ്ഞ വിശ്വാസത്തോടുംകൂടെ ഞാന്‍ സമര്‍പ്പിക്കുകയാണ്.

ഈ ആലയത്തിന്‍റെ ശൃംഗങ്ങള്‍ പ്രതീകാത്മകമായി നിത്യപ്രകാശമായും ഉന്നതിയായും സൗന്ദര്യമായും എന്നു ഈ പ്രപഞ്ചത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ആദൃശ്യനായ ദൈവത്തിന്‍റെ ദൃശ്യരൂപമാണ്.
പ്രകൃതിയുടെയും വചനത്തിന്‍റെയും ആരാധനക്രമത്തിന്‍റെയും തൃവിധ ശ്രേണികളില്‍നിന്നും ലഭിച്ച പ്രചോദനം സമന്വയിപ്പിച്ചാണ് ഗൗദി ഈ ആലയം രൂപകല്പനചെയ്തിരിക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം..
അങ്ങനെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ളതും ആരാധനക്രമത്തില്‍ പ്രതിഫലിക്കുന്നതുമായ ഈ ലോകത്തിന്‍റെയും രക്ഷാകര ചരിത്രത്തിന്‍റേതുമായ യാഥാര്‍ത്ഥ്യങ്ങള്‍ ഗൗദി ഈ പ്രാര്‍ത്ഥാനാ സൗധത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.
കല്ലും മരങ്ങളും മനുഷ്യരും ഗൗദിയുടെ സവിശേഷ ശൈലിയിലും വാസ്തുഭംഗിയിലും സംയോജനംചെയ്തുകൊണ്ട്, സൃഷ്ടിമുഴുവനും ദൈവത്തെ സ്തുതിക്കുന്നതായും, എന്നാല്‍ പുറമേ ചിത്രീകരിച്ചിരിക്കുന്ന ക്രിസ്തുരഹസ്യങ്ങളിലൂടെ (തിരുപ്പിറവി, കുരിശുമരണം, ഉത്ഥാനം എന്നിവയിലൂടെ), ദൈവികരഹസ്യങ്ങള്‍ മനുഷ്യരുടെ മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഇതുവഴി ഇനിയും ഈ ലോകത്തില്‍ ഊന്നിനില്ക്കുന്നതെങ്കിലും, ദൈവോന്മുഖമായ, ക്രിസ്തുവിനാല്‍ പ്രകാശിപ്പിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള, മനുഷ്യമനസ്സാക്ഷിയെ വളരെ ക്രിയാത്മകമായി പ്രതീകാത്മകമായി കലാകാരന്മാര്‍ ഈ ആലയത്തില്‍
ചിത്ര സംയോജനംചെയ്തിരിക്കുന്നു.

ഇതുവഴി മനുഷ്യമനസ്സാക്ഷിയും ക്രിസ്തീയ മനസ്സാക്ഷിയും തമ്മിലുള്ള വിഭജനം അല്ലേങ്കില്‍ അന്തരം ഇല്ലാതാക്കിക്കൊണ്ട്.. ഭൗമികജീവിതവും പരലോകജീവിതവും പ്രാപഞ്ചിക സൗന്ദര്യവും ദൈവിക സൗന്ദര്യവും തമ്മിലും, അന്തരമില്ലാതാക്കുകയാണ്.
അന്തോണിയോ ഗൗദി ഇതെല്ലാം ചെയ്തത് വാക്കുകളാലല്ല, മറിച്ച്,
കല്ലും മണ്ണും മരവും നിറങ്ങളും കൊണ്ടാണ്. മനുഷ്യന്‍റെ സമുന്നതമായ ആന്തരീകാവശ്യം യഥാര്‍ത്ഥ സൗന്ദര്യമാണ്. അതില്‍നിന്നാണ് സമാധാനവും, പ്രത്യാശയും വേരെടുക്കുന്നത്. മനുഷ്യസൗന്ദര്യം അനശ്വരമായ ദൈവിക സൗന്ദര്യത്തിന്‍റെ പ്രതിഫലനം മാത്രമാണ്.
മനോഹാരിത, സൗന്ദര്യം ദൈവികദാനമാണ്, ആ ദാനത്തിലൂടെ ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. അങ്ങനെ യഥാര്‍ത്ഥ സൗന്ദര്യം, അതിന്‍റെ പൂര്‍ണ്ണതയില്‍ നിസ്വാര്‍ത്ഥവും സ്വതന്ത്രവുമായിരിക്കും.

ഈ ആലയം സത്യമായും ദൈവ-മനുഷ്യനായ ക്രിസ്തുവിലൂടെ തന്നെത്തന്നെ നമുക്കു വെളിപ്പെടുത്തിത്തന്ന ദൈവത്തിനു സമര്‍പ്പിക്കുകയാണ്. വെളപ്പെടുത്തപ്പെട്ട വചനവും, മനുഷ്യനായി അവതരിച്ച ക്രിസ്തുവും, അവിടുന്നു സ്ഥാപിച്ച സഭയും ദൈവത്തിന്‍റെ പരമമായ വെളിപ്പെടുത്തലിനും ദാനമായി തന്നെത്തന്നെ മനുഷ്യകുലത്തിന് നല്കിയതിന്‍റെയും ആത്യന്തികമായുള്ള ദൈവത്തിന്‍റെ തൃമാന യാഥാര്‍ത്ഥ്യങ്ങളാണ്.







All the contents on this site are copyrighted ©.