2010-11-02 14:40:32

ദീപാവലിസന്ദേശം – 5 നവംബര്‍ 2010


ദീദീപാവലി പരസ്പര ബഹുമാനത്തിന്‍റേയും
വിശ്വാസത്തിന്‍റേയും മഹോത്സവം
(വത്തിക്കാനില്‍നിന്നും മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തവ്റാന്‍ അയച്ച ദീപാവലി സന്ദേശം)

പ്രിയ സഹോദരങ്ങളേ,
മുന്‍വര്‍ഷങ്ങളിലേതുപോലെ ഈ ദീപാവലി മഹോത്സവത്തിലും ഭാരതീയരായ എല്ലാവര്‍ക്കും വത്തിക്കാനില്‍നിന്നും മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഹൃദയപൂര്‍വ്വകമായ ദീപാവലി ആശംസകളും അഭിനന്ദനങ്ങളും നേരുന്നു. അനന്ത ജ്യോതിസ്സായ ദൈവം നിങ്ങളുടെ മനസ്സുകളെ പ്രകാശിപ്പിച്ചും ഹൃദങ്ങളെ ഉദ്ദീപിപ്പിച്ചും എല്ലാ കുടുംബങ്ങളെയും സമൂഹങ്ങളെയും കൂട്ടായ്മയിലും സ്നേഹത്തിലും നിലനിറുത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഏവര്‍ക്കും സ്നേഹംനിറഞ്ഞ ദീപാവലി ആശംസകള്‍ പങ്കുവയ്ക്കുന്നു.

ദീപാവലിയുടെ ഈ ശുഭമുഹൂര്‍ത്തത്തില്‍ പരസ്പര ബഹുമാനത്തിലൂടെയും വിശ്വാസത്തിലൂടെയും തമ്മില്‍തമ്മില്‍ നാം എങ്ങനെ സൗഹൃദവും സഹകരണവും കൂടുതല്‍ വളര്‍ത്താമെന്ന് ചിന്തിക്കേണ്ടതാണ്. വ്യക്തികള്‍ എല്ലാവിധത്തിലുമുള്ള അക്രമങ്ങളില്‍നിന്നും അവഗണനയില്‍നിന്നും സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യാന്തസ്സിന്‍റെ ഭാഗവും നിഷേധിക്കാനാവാത്ത മനുഷ്യാവകാശവുമാണ്. അതിനാല്‍ സാമൂഹ്യ പുരോഗതിക്കും, സമാധാനപരവും സൗഹൃദപൂര്‍ണ്ണവുമായ ഒരു സഹവര്‍ത്തിത്വത്തിനും ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് നമ്മുടെ ഇടയിലെ പരസ്പര ധാരണയാണ്.
പരസ്പരമുള്ള ധാരണയും വിശ്വാസവുമാണ് വ്യക്തിതലത്തിലും സമൂഹ്യതലത്തിലും യഥാര്‍ത്ഥമായ മനുഷ്യബന്ധങ്ങള്‍ വളര്‍ത്തുന്നത്. സാമൂഹ്യപുരോഗതി കൈവരിക്കുന്നതിനും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനും മെച്ചമായ പൊതുനന്മയുടെ ഒരന്തരീക്ഷം വളര്‍ത്തുന്നതിനും ഈ പരസ്പര വിശ്വാസം ആവശ്യമാണ്.

പൊതുനന്മയ്ക്കുവേണ്ടി മാത്രമല്ല, കാലത്തിന്‍റെ അപരിഹാര്യവും ആഴവുമായ വെല്ലുവിളികളെ നേരിടുന്നതിനും, ക്രിയാത്മകവും ഫലദായകവുമായ സഹകരണം സൃഷ്ടിക്കുകയും, ഒരു പങ്കുവയ്പ്പിന്‍റെ ബോദ്ധ്യം ഓരോ വ്യക്തിയും സമൂഹവും വളര്‍ത്തിയെടുക്കേണ്ടതുമാണ്.
മനുഷ്യന്‍റെ നിലനില്പിന്‍റെതന്നെ നെടുംതൂണുകളായ പരസ്പര ബഹുമാനവും വിശ്വാസവും സമൂഹ്യജീവിതത്തില്‍ അധികപ്പറ്റായി കരുതാതെ, മതങ്ങള്‍ തമ്മിലുള്ള സംവാദത്തിന്‍റെ പാതയിലൂടെ നാം അവയെ വളര്‍ത്തിയെടുക്കുകയും പ്രായോഗികമാക്കേണ്ടതുമാണ്. വിശ്വാസികള്‍ മാത്രമല്ല, ആത്മാര്‍ത്ഥമായി സത്യം അന്വേഷിക്കുന്ന എല്ലാ മനുഷ്യരും പരസ്പര ബഹുമാനത്തിന്‍റേയും ധാരണയുടേയും സ്നേഹത്തിന്‍റേയും പാതയില്‍ അന്വോന്യമുള്ള വിശ്വാസസമര്‍പ്പണംവഴി സമൂഹത്തില്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളാകേണ്ടതാണ്.

പരസ്പര സഹകരണവും കൂട്ടായ്മയും വളര്‍ത്തിക്കൊണ്ട് വിവധ മതസമൂഹങ്ങള്‍ തമ്മിലുള്ള ആത്മാര്‍ത്ഥമായ സംവാദത്തിലൂടെ പരസ്പര ധാരണയിലും സഹകരണത്തിലും കൂടുതല്‍ മുന്നേറുവാന്‍ ഈ മഹോത്സവഴി നമുക്കു സാധിക്കട്ടെ. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ പ്രഥമ ഭാരത സന്ദര്‍ശനവേളയില്‍ ഉദ്ബോധിപ്പിച്ചത് ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണ്, “വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംവാദത്തിന്‍റെ പാതയിലൂടെ പരസ്പര-ബഹുമാനം വളര്‍ത്തുകയും അത് ആഴപ്പെടുത്തുകയും ചെയ്താല്‍ ലോകത്തുള്ള മനുഷ്യയാതനകള്‍ തുടച്ചുനീക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കും” എന്ന്.

സമൂഹത്തിന്‍റെയും വ്യക്തികളുടെയും പൊതുനന്മ ആഗ്രഹിക്കുന്ന എല്ലാവരിലും, പരസ്പര വിശ്വാസത്തിന്‍റെയും ബഹുമാനത്തിന്‍റെയും സഹകരണത്തിന്‍റെയും ഒരു സംസ്കാരം വളര്‍ത്തുവാനുള്ള ദര്‍ശനം ഉണ്ടാകട്ടെയെന്ന് ഈ ദീപാവലി മഹോത്സവത്തില്‍ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹപൂര്‍വ്വം വത്തിക്കാനില്‍നിന്ന്
+ കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തവ്റാന്‍
പ്രസിഡന്‍റ്
+ ആര്‍ച്ചുബിഷപ്പ് പിയെര്‍ ലൂയിജി ചെലാത്താ
സെക്രട്ടിറി
മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍

(The letter of felicitation from the Pontifical Council for Inter-religious Dialogue on the occasion of Deepavali 2010 -a broad translation of the message from Radio Vatican Malayalam Section)







All the contents on this site are copyrighted ©.