2010-10-29 17:18:27

മാര്‍പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനം
നവംമ്പര്‍ ആദ്യവാരത്തില്‍


29 ഒക്ടോബര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് സ്പെയിന്‍ സ്വാഗതമരുളുന്നു.
നവംമ്പര്‍ 6, 7 തിയതികളില്‍ നടക്കുവാന്‍ പോകുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിനൊരുക്കമായി സ്പെയിനിലെ കത്തോലിക്കാ മെത്രാന്‍സംഘം ഒക്ട‍ബോര്‍ 24-ാം ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത ഇടയലേഖനത്തിലാണ് സ്പെയിനിലെ ക്രൈസ്തവസമൂഹം ഒന്നായി മാര്‍പാപ്പയ്ക്ക് സ്വാഗതമരുളുമെന്ന് പ്രഖ്യാപിച്ചത്. സന്തിയാഗോ, ബാര്‍സലോണാ എന്നീ രണ്ടു രൂപതകളാണ് മാര്‍പാപ്പയുടെ സന്ദര്‍ശനവേദികളെങ്കിലും, സ്പെയിനിലെ സഭ ആകമാനം പത്രോസിന്‍റെ പിന്‍ഗാമിയുടെ വരവിനായി ആത്മീയമായും ബാഹ്യമായും ഒരുങ്ങുകയാണെന്ന് സ്പെയിനിലെ കത്തോലിക്കാ മെത്രാന്‍ സംഘം ഇടയലേഖനത്തിലൂടെ വ്യക്തമാക്കി. നവംബര്‍ 6-ാം തിയതി രാവിലെ സാന്തിയാഗോ കംമ്പസ്തോലായിലെത്തുന്ന മാര്‍പാപ്പ, അപ്പസ്തോലന്‍ ജെയിംസിന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവാലയ ചത്വരത്തില്‍ സമൂഹബലിയര്‍പ്പിക്കും. യൂറോപ്പിന്‍റെ വിശ്വാസ വളര്‍ച്ചയുടെ സ്രോതസ്സാണ് അപ്പസ്തോല സാന്നിദ്ധ്യമുള്ള സ്പെയിനെന്ന് ഇടയലേഖനം വിശേഷിപ്പിച്ചു.
നവംമ്പര്‍ 7-ാം തിയതി ബാര്‍സലോണായിലെത്തുന്ന മാര്‍പാപ്പ, പുരാതനവും, ഈയിടെ നവീകരിച്ചതുമായ ഏറെ വാസ്തുചാരുത നിറഞ്ഞ തിരുക്കുംമ്പദേവാലയം ആശിര്‍വ്വദിക്കുകയും ബസിലിക്കായായി പ്രഖ്യപിക്കുകയും ചെയ്യും.
ഒരോ വ്യക്തിയോടുമുള്ള ദൈവസ്നേഹത്തിന്‍റെ പ്രതീകമായി നില്ക്കുന്ന കുടുബങ്ങള്‍ക്ക് മാതൃകയാണ് ബാര്‍സിലോണായില്‍ വണങ്ങുന്ന തിരുക്കുടുംമ്പമെന്നും ഇടയലേഖനം ഉദ്ബോധിപ്പിച്ചു.
മാര്‍പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിനൊരുക്കമായ ഔദ്യോഗിക വെബ്സൈറ്റ്: www.visitadelpapa2010.org പ്രവര്‍ത്തനമാരംഭിച്ചതായും ഇടയലേഖനം വെളിപ്പെടുത്തി..







All the contents on this site are copyrighted ©.