2010-10-22 10:01:16

 മനുഷ്യാന്തസ്സിനോടുള്ള ആദരവ്
കുടുംബ ബന്ധത്തിനാധാരം 


21 ഒക്ടോബര്‍ 2010
സ്ഥായിയായ കുടുംമ്പബന്ധം വളര്‍ത്തിയെടുക്കാന്‍ ജീവനോടും മനുഷ്യാന്തസ്സിനോടും അസന്ദിഗ്ദ്ധമായ സമര്‍പ്പണം കാണിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കൊറിയന്‍ റിപ്പബ്ളിക്കിന്‍റെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 21-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലേയ്ക്കുള്ള കൊറിയന്‍ റിപ്പബ്ളിക്കിന്‍റെ സ്ഥാനപതി, തോമസ് ഹാന്‍ സൂങ്ങിനെ തന്‍റെ അപ്പസ്തേലിക അരമനയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന മാര്‍പാപ്പ.
സാമൂഹ്യ നീതിയിലധിഷ്ഠിതമായ പൊതുനന്മയിലൂടെ ഉയര്‍ന്നു നില്ക്കുന്ന കൊറിയന്‍ റിപ്പബ്ളിക്കിന്‍റെ സാമ്പത്തിക സമൃദ്ധിയെ മാര്‍പാപ്പ അഭിനന്ദിച്ചു.
എന്നാല്‍ ഈ സമ്പദ്നേട്ടങ്ങള്‍ക്കുമപ്പുറം ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ അന്തസ്സ്, ജീവന്‍റെ എല്ലാ ഘട്ടങ്ങളിലും ഗര്‍ഭധാരണം മുതല്‍ മരണംവരെയ്ക്കും, മാനിക്കപ്പെട്ടെങ്കില്‍ മാത്രമേ പ്രകൃതി നിയമങ്ങള്‍ക്കനുസൃതമായി നീതിയിലും നന്മയിലും അധിഷ്ഠിതമായ നല്ലകുടുംമ്പങ്ങള്‍ സമൂഹത്തില്‍ വളരുകയുള്ളൂ എന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. നവംമ്പറില്‍ ആസന്നമാകുന്ന G20 ആഗോള ഉച്ചകോടി സമ്മേളനത്തിന് ദക്ഷിണ കൊറിയയിലെ സിയോളില്‍ വേദിയൊരുക്കുന്നതുവഴി, രാഷ്ട്രം കാണിക്കുന്ന ആഗോള സാമൂഹ്യപ്രതിബദ്ധതയെയും മാര്‍പാപ്പ അഭിനന്ദിച്ചു. തന്‍റെ സ്ഥാനികപത്രികകള്‍ ഔദ്യോഗികമായി മാര്‍പാപ്പായ്ക്കു സമര്‍പ്പിച്ച വത്തിക്കാനിലേയ്ക്കുള്ള കൊറിയയുടെ പുതിയ സ്ഥാനപതി, തോമസ് ഹാന്‍ സൂങ്ങ്, കൊറിയന്‍ പ്രസിഡന്‍റ്, ലീ മ്യൂങ്ങ് ബാക്കിന്‍റെ ആശംസകള്‍ പാപ്പയ്ക്കു നേരുകയും, കൊറിയയിലെ കത്തോലിക്കാ സഭ അവിടത്തെ ജനങ്ങള്‍ക്കു വേണ്ടിചെയ്യുന്ന സമൂഹിക-വിദ്യാഭ്യാസ മേഖലകളിലുള്ള തനിമയാര്‍ന്ന സേവനങ്ങളെ നന്ദിയോടെ അനുസ്മരിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.