2010-10-12 15:12:07

മദ്ധ്യപൂവ്വപ്രദേശവും
സിനഡു സമ്മേളനവും


12 ഒക്ടോബര്‍ 2010
മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വ്വദേശത്തിനുവേണ്ടിയുള്ള
പ്രത്യേക സമ്മേളനം 2010 ഒക്ടോബര്‍ 10-മുതല്‍ 24-വരെ വത്തിക്കാനില്‍ നടത്തപ്പെടുന്നു. “വിശ്വാസികളുടെ സമൂഹം ഒരേ ഹൃദയത്തോടും ഒരേ ആത്മാവോടുംകൂടെ വ്യാപരിച്ചു.” – അപ്പസ്തോല നടപടി 4, 32 എന്ന വചനഭാഗത്തെ അധികരിച്ച്, മദ്ധ്യപൂര്‍വ്വദേശത്തെ കത്തോലിക്കാ സഭകളുടെ കൂട്ടായ്മയും സാക്ഷൃവും, എന്ന പ്രമേയവുമായിട്ടാണ് സിനഡ് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്നത്.

ഈജിപ്തു മുതല്‍ ഇറാന്‍വരെ വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് മദ്ധ്യപൂര്‍വ്വദേശം. ക്രിസ്തു ജനിച്ചു വളര്‍ന്നതും തന്‍റെ ദൗത്യ പൂര്‍ത്തീകരണം നടത്തിയതുമായ വിശുദ്ധനാടും ഇതില്‍പ്പെടുന്നു. ക്രിസ്തുവിനുശേഷം രണ്ടു സഹസ്രാബ്ദമായിട്ടും ഈ പ്രദേശത്തെ ക്രൈസ്തവര്‍ വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഏറെ വിധേയരാണ്. 2009 മെയ് മാസത്തില്‍ വിശുദ്ധ നാട്ടിലേയ്ക്കും, അതേ വര്‍ഷംതന്നെ നവംമ്പറില്‍ തുര്‍ക്കിയിലേയ്ക്കും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അപ്പസ്തോലിക പര്യടനങ്ങള്‍ നടത്തിക്കൊണ്ട് പലേ കാര്യങ്ങളും കണ്ടും കേട്ടും മനസ്സിലാക്കിയ ശേഷമാണ് ആ പ്രദേശത്തെ മെത്രാന്മാരുടെ ഒരു സിനഡു സമ്മേളനത്തിന് മുന്‍കൈ എടുത്തത്. 2010-ജൂണ്‍ 6-ാം തിയതി സൈപ്രസ്സിലേയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയില്‍ സമ്മേളനത്തിനാവശ്യമായ പ്രവര്‍ത്തനരേഖ (Intrumentum laboris) മാര്‍പാപ്പ മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ പ്രതിനിധി സംഘത്തിന് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു. റോമിലെ മെത്രാന്‍കൂടിയായ മാര്‍പാപ്പയുടെ ചുറ്റം ചേരുന്ന മദ്ധ്യപൂര്‍വ്വദേശത്തെ മെത്രാന്മാരുടെ പ്രഥമ സമ്മേളനമാണിത്. പത്രോസിന്‍റെ പിന്‍ഗാമിക്ക് ഈ പ്രദേശത്തെ സഭയോടും ക്രൈസ്തവ മക്കളോടുമുള്ള പ്രത്യേക അജപാലന സനേഹത്തിന്‍റെയും ശ്രദ്ധയുടെയും പ്രതീകമാണ് ഈ സമ്മേളനം. 2010 ഒക്ടോബര്‍ 10-ന് വത്തിക്കാനില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയോടൊപ്പം എല്ലാ പിതാക്കന്മാരും ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ദിവ്യബലിയോടെ ആരംഭിച്ച സിനഡ് സമ്മേളനം, 24-ാം തിയതി സമാപിക്കും.







All the contents on this site are copyrighted ©.