2010-10-08 20:42:46

മൂല്യങ്ങളുടെ സംരക്ഷണത്തിനായി
സഭ നിലകൊള്ളും


8 ഒക്ടോബര്‍ 2010
സഭയും രാഷ്ട്രവും വ്യത്യസ്തവും സ്വതന്ത്രവുമായ രണ്ട് ഘടകങ്ങളാണെങ്കിലും വ്യക്തിപരവും സാമൂഹ്യവുമായ മനുഷ്യന്‍റെ ആവശ്യങ്ങളില്‍ തുണയ്ക്കുവാന്‍ ഒരുമിച്ചു നില്കേണ്ട പങ്കാളികളുമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ. വത്തിക്കാനിലേയ്ക്കുള്ള ചിലി രാജ്യത്തിന്‍റെ പുതിയ നയതന്ത്ര പ്രതിനിധി, സെബാസ്റ്റൃന്‍ പീനേരായെ തന്‍റെ അപ്പസ്തേലിക അരമനയില്‍ ഒക്ടോബര്‍ 7-ാം തിയതി വ്യാഴാഴ്ച സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുവാനുള്ള പ്രത്യേക ദൗത്യം നിര്‍വ്വഹിക്കന്ന സഭ, മനുഷ്യന്‍റെ ധാര്‍മ്മികവും, മാനുഷികവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനായി എന്നും നിലകൊള്ളുമെന്ന് മാര്‍പാപ്പ വ്യക്തമാക്കി. ആത്മീയ ദര്‍ശനത്തില്‍ മുന്നേറുന്ന സഭ യുദ്ധം, ദാരിദ്ര്യം, ജീവന്‍റെ നിഷേധം, കുടുംമ്പശിഥിലീകരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനം തുടങ്ങിയ മാനുഷിക പ്രശ്നങ്ങളുടെ മദ്ധ്യേ, ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് അവയെ ബോധ്യപൂര്‍വ്വും നേരിടുമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
തന്‍റെ സ്ഥാനികപത്രികകള്‍ ഔപചാരികമായി മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച ചിലിയുടെ വത്തിക്കാനിലേയ്ക്കുള്ള സ്ഥാനപതിയെ രാജ്യം സ്വാതന്ത്ര്യം നേടിയതിന്‍റെ 2-ാം ശതാബ്ദിവര്‍ഷത്തില്‍‍ സ്വീകരിക്കുന്നതിലുള്ള അതിയായ സന്തോഷവും പാപ്പ രേഖപ്പെടുത്തി. തന്നെ ഔദ്യോഗികമായി സ്വീകരിച്ചതിന് നന്ദിപറഞ്ഞ പുതിയ അമ്പാസിഡര്‍, വത്തിക്കാനും ചിലിയും എന്നും പരസ്പരം പുലര്‍ത്തിയിട്ടുള്ള നല്ല ബന്ധത്തെയും ചിലിയുടെ രാജ്യാന്തര പ്രതിസന്ധിയില്‍പ്പോലും പരിശുദ്ധ സിംഹാസനത്തിന്‍റെ ഇടപെടല്‍ മൂലം യുദ്ധം ഒഴിവാക്കയതും, തദവസരത്തില്‍ നന്ദിയോടെ അനുസ്മരിച്ചു.







All the contents on this site are copyrighted ©.