2010-10-07 20:13:37

സന്ദേശവും മാധ്യമവുമായ
ക്രിസ്തുവിനെ പ്രഘോഷിക്കുക


7 ഒക്ടോബര്‍ 2010
സാങ്കേതികതയുടെ ലോകത്ത് സത്യത്തിന്‍റെയും യാഥാര്‍ത്ഥ്യത്തിന്‍റെയും പ്രതിച്ഛായ മങ്ങിപ്പോകാതിരിക്കാന്‍ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
85-രാജ്യങ്ങളില്‍ നിന്നെത്തിയ 250-ാം കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒക്ടോബര്‍ 7-ാം തിയതി രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നില്കിയ ഒരു പൊതുകൂടിക്കാഴ്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്.
ഡിജിറ്റല്‍ സാങ്കേതികതയുടെ ആവിഷ്കൃതവും അയാഥാര്‍ത്ഥവുംമായൊരു ലോകത്ത് സത്യത്തോടും യാഥാര്‍ത്ഥ്യത്തോടും ഒരു നിസംങ്കഭാവം വളരുന്നുണ്ടെന്നും, സംഭവങ്ങളെ സന്തോഷപ്രദമോ, ദുഃഖദായകമോ എന്ന വേര്‍തിരിവില്ലാതെ, അവയെ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഉല്ലാസപരിപാടിയായി മാത്രം കാണുന്ന മനോഭാവം വളര്‍ന്നുവരുന്നുണ്ടെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇങ്ങിനെയുള്ളൊരു ലോകത്ത് സന്ദേശവും മാധ്യമവുമായ ക്രിസ്തുവിനെ പ്രഘോഷിക്കുകയെന്ന അത്യന്താപേക്ഷിതമായ ദൗത്യം, കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരില്‍ നിക്ഷിപ്തമാണെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു. അമ്പരചുംമ്പികളായി നില്ക്കുന്ന അന്‍റേനാകളുടെയും പ്രസരണ ഗോപുരങ്ങളുടെയും ലോകത്ത് അച്ചടി മാധ്യമങ്ങള്‍ക്ക് അതിന്‍റേതായ തനിമയും പ്രസക്തിയും ഫലദായകത്വവും ഉണ്ടെന്നു മാര്‍പാപ്പ അവരെ അനുസ്മരിപ്പിച്ചു. ചരിത്രത്തിന്‍റെ ചരടുപിടിക്കുന്ന ദൈവം തന്നെയായിരിക്കട്ടെ മൂല്യങ്ങളുടെ മുന്നിലെന്നും, കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരെന്ന നിലയില്‍, ആധുനീക മനുഷ്യനെ ക്രിസ്തുവിലേയ്ക്കു നയിക്കുവാനും, ലോകത്ത് എന്നും പ്രത്യാശയുടെ ദീപം പൊലിയാതെ കാത്തുസൂക്ഷിക്കുവാനും ഏവര്‍ക്കും സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.
സവിശേഷമായ ഈ ആഗോള കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനം സംഘടിപ്പിച്ച, സമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനും അതിന്‍റെ പ്രസിഡന്‍് ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരിയ ചേല്ലിക്കും സഹപ്രവര്‍ത്തകര്‍ക്കും പാപ്പ പ്രത്യേകം നന്ദിപറഞ്ഞു.







All the contents on this site are copyrighted ©.