2010-10-07 20:22:10

പ്രകൃതിസമ്പത്തുക്കള്‍
പുരോഗതിക്കായി ഉപയോഗിക്കണമെന്ന്
ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


7 ഒക്ടോബര്‍ 2010
പ്രകൃതിസമ്പത്തുക്കള്‍ മനുഷ്യാവകാശ സംരക്ഷണത്തിനും പുരോഗതിക്കുമായി വിനിയോഗിക്കണമെന്ന്, യുഎന്‍ അസംബ്ലിയില്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്സ് അസ്സീസ്സി ചുള്ളിക്കാട്ടിന്‍റെ പ്രസ്താവന. ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്തു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഒക്ടോബര്‍
5-ാം തിയതി അവതരിപ്പിക്കപ്പെട്ട സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന്‍റെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി. സാമ്പത്തിക മാന്ദ്യം നിലനില്ക്കമ്പോളും ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ നില്ക്കുമ്പോളും, 2007 മുതല്‍ 2009-വരെ കാലയളവില്‍ ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള സൈനീകാവശ്യങ്ങളുടെ ചിലവിന്‍റെ പതിനഞ്ചു ശതമാനം വര്‍ദ്ധനവ് ന്യായികരിക്കാനാവുന്നതല്ലെന്ന്, ആര്‍ച്ചുബിഷപ്പ് അസ്സീസി ചൂണ്ടിക്കാട്ടി.
ഓരോ രാഷ്ട്രവും തങ്ങളുടെ പ്രകൃതി സമ്പത്തുക്കള്‍ നാശോന്മുഖമായ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതിനു പകരം, ജീവന്‍ പരിരക്ഷിക്കുന്നതിനും, അതിന്‍റെ വികസനം സാക്ഷാത്ക്കരിക്കുന്നതിനും ഉപയോഗിക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് ആഹ്വാനംചെയ്തു.
വിശ്വസാഹോദര്യം വളര്‍ത്തേണ്ടത് സാമ്പത്തീക സഹായത്തിന്‍റെ വര്‍ദ്ധനവിലൂടെ മാത്രമല്ല, ജനങ്ങളുടെ വിശ്വാസത്തെയും മതസ്വാതന്ത്യത്തെയും ആദരിച്ചുകൊണ്ടുമായിരിക്കണമെന്നും വത്തിക്കാന്‍റെ പ്രതിനിധി അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.