2010-10-02 10:39:10

വത്തിക്കാന്‍ റേഡിയോ ജീവനക്കാര്‍ പ്രത്യാശ പ്രചരിപ്പിക്കേണ്ടവരാണെന്ന് ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയാ


29.09.10

സെപ്റ്റംബര്‍ 29-ാം തീയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ ഗബ്രിയേല്‍ ദൂതന്‍റെ തിരുനാള്‍ ദിനം റേഡിയോ ആസ്ഥാനത്തെ കപ്പേളയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേ വചനപ്രഘോഷണം നടത്തുകയായിരുന്നു വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പൊതുകാര്യദര്‍ശി, ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയാ വിഗനോ.

മോശമായ വാര്‍ത്തകള്‍ തേടിയാണ് പൊതുവെ മാധ്യമങ്ങള്‍ പോകുന്നതെന്ന് തോന്നുന്ന ഈ കാലഘട്ടില്‍, യഥാര്‍ത്ഥ മാനുഷിക ഗുണങ്ങളും ക്രൈസ്തവമൂല്യങ്ങളും തെറ്റിദ്ധരിക്കപ്പെടുമ്പോള്‍, പ്രത്യാശ പ്രചരിപ്പിക്കുക എന്ന ദൗത്യം ആയാസകരമാണെന്നും ഉന്നതങ്ങളില്‍നിന്ന് ലഭ്യമാകുന്ന ആത്മീയ ശക്തികൊണ്ട് മാത്രമെ അതു നിര്‍വ്വഹിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയാ വ്യക്തമാക്കി.

മാര്‍പ്പായുടെ വാക്കുകളും സന്ദേശങ്ങളും ലോകത്തിന്‍റെ എല്ലാഭാഗത്തേയ്ക്കും എത്തിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന വത്തിക്കാന്‍ റേഡിയോ ജീവനക്കാരുടെ പ്രയത്നങ്ങളെ പ്രശംസിച്ച അദ്ദേഹം, പന്ത്രണ്ടാം പിയൂസ് മാര്‍പ്പായുടെ ചരിത്രപ്രധാനമായ റേഡിയോ സന്ദേശങ്ങളും, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിനിടെ ജോണ്‍ 23-ാമന്‍‍ മാര്‍പ്പാപ്പ, പോള്‍ ആറാമന്‍ മാര്‍പ്പാപ്പ എന്നിവര്‍ നല്കിയ സന്ദേശങ്ങളും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ അപ്പസ്തോലിക പര്യടനസന്ദേശങ്ങളും ഈയിടെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഇംഗ്ലണ്ടില്‍ നടത്തിയ പ്രഭാഷണങ്ങളും ഹൃദയസ്പര്‍ശിയായിരുന്നുവെന്നും പരാമര്‍ശിച്ചു.

ദിവ്യബലിക്കുശേഷം വത്തിക്കന്‍ റേഡിയോയിലെ 3 ജീവനക്കാര്‍ക്ക്
പ്രൊ പൊന്തിഫിച്ച്യേ എത് എക്ലേസിയാ – മാര്‍പ്പാപ്പായ്ക്കും സഭയ്ക്കുംവേണ്ടി എന്നറിയപ്പെടുന്ന പേപ്പല്‍ ബഹുമതി നല്കപ്പെട്ടു.....







All the contents on this site are copyrighted ©.