2010-09-29 20:18:59

2011 മാധ്യമദിനം
സന്ദേശത്തിന്‍റെ പ്രമേയം


29 സെപ്തംമ്പര്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2011-ാമാണ്ടിലെ ആഗോള മാധ്യമദിന സന്ദേശത്തിന്‍റെ പ്രമേയം പുറത്തിറക്കി. സെപ്തംമ്പര്‍ 29-ാം തിയതി ആഘോഷിച്ച ഗബ്രിയേല്‍, റാഫേല്‍‍, മിഖായേല്‍ മുഖ്യദൂതന്മാരുടെ തിരുനാള്‍ ദിനത്തിലാണ് വത്തിക്കാന്‍ ഒരു വിജ്ഞാപനത്തിലൂടെ 2011-ാമാണ്ടിലെ
45-ാത് ആഗോള മാധ്യമദിനത്തിന്‍റെ പ്രമേയം പുറത്തിറക്കിയത്.
സത്യത്തിന്‍റെ പ്രഘോഷണവും ജീവന്‍റെ ആധികാരികതയും ഡിജിറ്റല്‍ യുഗത്തില്‍, എന്നതാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വരും വര്‍ഷത്തേയ്ക്കു നല്കുവാന്‍പോകുന്ന മാധ്യമദിന സ്ന്ദേശത്തിന്‍റെ പ്രതിപാദ്യവിഷയമെന്ന് വിജ്ഞാപനം വെളിപ്പെടുത്തി. പതിവനുസരിച്ച് 2011 ജനുവരി 24-ാം തിയതി, വിശുദ്ധ ഫ്രാന്‍സീസ് സാലസിന്‍റെ തിരുനാള്‍ ദിനത്തില്‍ സന്ദേശം ഔദ്യോഗികമായി പ്രകാശനംചെയ്യും. എല്ലാ ആശയവിനിമയ ശ്രേണികളും മനുഷ്യവ്യക്തിയെ കേന്ദ്രീകരിച്ചായിരിക്കണം എന്നതാരിക്കും സന്ദേശത്തിന്‍റെ മുഖ്യചിന്താധാര. ആധുനിക വിവരസാങ്കേതികത മനുഷ്യജീവിതത്തെ കീഴ്പ്പെടുത്തുകയോ ഏറെ നിയന്ത്രിക്കുകയോ ചെയ്യുന്ന ഇക്കാലഘട്ടത്തില്‍ മനുഷിക മൂല്യങ്ങള്‍ മാനിക്കപ്പെടുകയും പ്രഘോഷിക്കപ്പെടുകയും ചെയ്യണമെന്ന വസ്തുതയിലേയ്ക്ക് ആഗോളമാധ്യമദിന സന്ദേശം വിരല്‍ചൂണ്ടുമെന്നും വിജ്ഞാപനം വ്യക്തമാക്കി. വിശ്വാസ്യത നല്കുവാനോ മൂല്യങ്ങളുടെ സ്രോതസ്സായി നില്ക്കുവാനോ സാങ്കേതികതയ്ക്കാവില്ലെന്നും അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യവ്യക്തിയാണ് സത്യത്തിന്‍റെയും നന്മയുടെയും പ്രയോക്താവാകേണ്ടതെന്നും വിഷയം വ്യക്തമാക്കുന്നു. സത്യത്തില്‍ അചഞ്ചലമായി നില്ക്കുന്ന ഒരു നവമാധ്യമസംസ്കാരം ഡിജിറ്റല്‍ യുഗത്തിന്‍റെ ചക്രവാളത്തില്‍ ഉദയംചെയ്യാനുള്ള ആഹ്വാനമായിരിക്കും 2011-ലെ ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടടെ ആഗോളമാധ്യമ ദിനസന്ദേശമെന്നും വിജ്ഞാപനം വെളിപ്പെടുത്തി. സത്യസന്ധമായി ജീവിക്കുവാനും അങ്ങിനെയുള്ളൊരു ജീവിതശൈലിക്ക് ഉറപ്പുനല്കുവാനും ആധുനിക മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും, വിശിഷ്യാ കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന ചിന്തയാണ് അടുത്തവര്‍ഷത്തെ മാധ്യമസന്ദേശത്തില്‍ മാര്‍പാപ്പ ലക്ഷൃംവയ്ക്കുന്നതെന്ന് പ്രതിപാദ്യവിഷയം വെളിപ്പെടുത്തുന്നു.







All the contents on this site are copyrighted ©.