2010-09-19 19:54:15

മരിയ ഭക്തനായ
വാഴ്ത്തപ്പെട്ട ന്യൂമാന്‍


19 സെപ്തംമ്പര്‍ 2010
ഔദ്യോഗികമായി കര്‍ദ്ദിനാള്‍ ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയര്‍ത്തിയ സമൂഹദിവ്യബലിയര്‍പ്പണത്തിനും കര്‍മ്മങ്ങള്‍ക്കും ശേഷം മാര്‍പാപ്പ തൃകാലപ്രാര്‍ത്ഥനാസന്ദേശം നല്കി.
സ്പെയിനിലെ സെവീല്ലെയില്‍ സെപ്തംമ്പര്‍ 19-ന് ഞായറാഴ്ച തന്നെ വാഴ്ത്തപ്പെട്ടവരുടെ പദവിലേയ്ക്കുയര്‍ത്തപ്പെട്ട കുരിശിന്‍റെ മദര്‍ മേരി പുരീസ്സിമയെ പാപ്പ അനുസ്മരിച്ചു. ഏകാഗ്രതയോടെ ദൈവസ്നേഹത്തെപ്രതി മനുഷ്യര്‍ക്ക് നന്മചെയ്തുകൊണ്ട് ജീവിച്ച ഈ വിശുദ്ധാത്മാവ് ലോകത്തെ സ്ത്രീജനങ്ങള്‍ക്ക് പ്രചോദനമാവട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു.
തുടര്‍ന്ന് മാര്‍പാപ്പ വാഴ്ത്തപ്പെട്ട ന്യൂമാനുണ്ടായിരുന്ന മരിയ ഭക്തിയെക്കുറിച്ച് വിവരിച്ചു. പൗരോഹിത്യ സ്വീകരണശേഷം റോമില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയ ന്യൂമാന്‍ ബര്‍മിങ്ങാമില്‍ തുടങ്ങിയ ആദ്യത്തെ യുവജനകേന്ദ്രത്തെ, മേരിവില്‍, എന്നു വിളിച്ചുകൊണ്ട് അമലോത്ഭവ നാഥയ്ക്ക് തന്‍റെ പ്രവര്‍ത്തനങ്ങളെയും തന്നെത്തന്നെയും സമര്‍പ്പിക്കുകയായിരുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ന്യൂമാന്‍ ആരംഭിച്ച അയര്‍ലണ്ടിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ദൈവമാതാവിനു സമര്‍പ്പിച്ചുകൊണ്ട് sedes sapientiae വിജ്ഞാനത്തിന്‍റെ ഇരിപ്പിടമേ, എന്ന മരിയ വിശേഷണമുപയോഗിച്ചുകൊണ്ടാണ് തന്‍റെ പ്രഥമ യൂണിവേഴ്സിറ്റിയെ നാമകരണംചെയ്തതെന്നും പാപ്പ പ്രസ്താവിച്ചു.
നമുക്ക് കൃപനിറഞ്ഞ മറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം യാചിക്കാമെന്ന് ലണ്ടനിലെ കോഫ്റ്റന്‍ പാര്‍ക്കില്‍ സമ്മേളിച്ച വന്‍ വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ചുകൊണ്ട് മാര്‍പാപ്പ തൃകാലപ്രാര്‍ത്ഥന ചൊല്ലി ഏവരെയും ആശിര്‍വ്വദിച്ചു.







All the contents on this site are copyrighted ©.