2010-09-19 18:51:02

ജീവന്‍ ഏതവസ്ഥയിലും പരിരക്ഷിക്കപ്പെടണം-
പാപ്പ ലണ്ടനിലെ വൃദ്ധമന്ദിരം സന്ദര്‍ശിച്ചു


18 സെപ്തംമ്പര്‍ 2010
ലണ്ടണ്‍ പട്ടണത്തില്‍ വിശുദ്ധ പത്രോസിന്‍റെ നാമഥേയത്തില്‍ വൃദ്ധമന്ദിരം നടത്തുന്ന പാവങ്ങളുടെ എളിയ സഹോദരിമാര്‍ക്ക് The Little Sisters of the Poor –ന് പ്രത്യേകം നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പ്രഭാഷണം ആരംഭിച്ചത്. വൈദ്യശാസ്ത്രത്തിന്‍റെ പുരോഗതിപോലുള്ള പല ഘടകങ്ങളും മനുഷ്യായുസ്സിന്‍റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഒരുനുഗ്രഹമെന്നോണം വര്‍ദ്ധിച്ചുവരുന്ന പ്രായമായവരുടെ എണ്ണവും സാന്നിദ്ധ്യവും നാം അംഗീകരിക്കേണ്ടതാണ്. മുന്‍തലമുറക്കാരുടെ അനുഭവത്തില്‍നിന്നും അറിവില്‍നിന്നും ഓരോ തലമുറയ്ക്കും ഒത്തിരികാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുണ്ട്. പ്രായമായവരെ പരിചിരിക്കുവാന്‍ നാം ചെയ്യുന്ന കാര്യങ്ങള്‍ വലിയ ഔദാര്യമായി കാണേണ്ടതില്ല, മറിച്ച് അത് നന്ദിയുടെ ഒരു കടബാദ്ധ്യത തീര്‍ക്കല്‍ മാത്രമാണ്.
എക്കാലവും സഭ പ്രായമായവര്‍ക്ക് ഏറെ ആദരവ് നല്കിയിട്ടുണ്ട്. നാലാമത്തെ ദൈവപ്രമാണം പഠിപ്പിക്കുന്നതുപോലെ, നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന നാട്ടില്‍ നിനക്കു നന്മയുണ്ടാകാനുംവേണ്ടി അവിടുന്നു കല്പിച്ചിരിക്കുന്നതുപോലെ നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക, (നിയമാവര്‍ത്തനം
5, 16). പ്രായമായവര്‍‍ക്കും നിരാലംബര്‍ക്കുംവേണ്ടി സഭചെയ്യുന്ന സേവനങ്ങള്‍ അവര്‍ക്ക് സനേഹവും പരിചരണവും ലഭ്യമാക്കുന്നതോടൊപ്പം, ദൈവം ഈ കല്പന പാലിക്കുന്നവര്‍ക്ക് വാഗ്ദാനംചെയ്യുന്ന അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനും ഇടയാക്കുന്നു. പ്രായമായവരുടെ അന്തസ്സും ശ്രേഷ്ഠതയും, ആരോഗ്യവും സുസ്ഥിതിയും ശരിയാംവണ്ണം സംരക്ഷിക്കപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. ബ്രിട്ടണിലും ഇതര സ്ഥലങ്ങളിലുമുള്ള സഭയുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥാപനങ്ങള്‍വഴി, പ്രായമോ ചുറ്റുപാടുകളോ നോക്കാതെ, എപ്പോഴും ഏതവസ്ഥയിലും മനുഷ്യജീവനെ ആദരിക്കുവാനും പരിരക്ഷിക്കുവാനുള്ള കര്‍ത്താവിന്‍റെ കല്പന പാലിക്കുവാനും പൂര്‍ത്തീകരിക്കുവാനും സാധിക്കട്ടെ.
പത്രോസിന്‍റെ പരമാധികാര ശുശ്രൂഷയിലേയ്ക്ക് തന്നെ ഉയര്‍ത്തിയ ദിനത്തില്‍ പറഞ്ഞവാക്കുകള്‍ മാര്‍പാപ്പ അനുസ്മരിച്ചു. നാം ഓരോരുത്തരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും സ്നേഹിക്കപ്പെട്ടവരും വിളിക്കപ്പെട്ടവരുമാണ്. ഗര്‍ഭധാരണം മുതല്‍ അവസാനം നാം സ്വാഭാവിക മരണത്തിന് കീഴ്പ്പെടുംവരെ ജീവന്‍ ദൈവത്തിന്‍റെ ദാനമാണ്. അതെടുക്കുവാനോ നല്കുവാനോ ദൈവത്തിനു മാത്രമേ അവകാശമുള്ളൂ.

വാര്‍ദ്ധക്യ കാലത്ത് ഒരാള്‍ക്ക് നല്ല ആരോഗ്യമുണ്ടായിരിക്കാം, എന്നാല്‍ നാം ചില ആലസ്യങ്ങള്‍ക്ക് അടിമപ്പെടാന്‍ ദൈവം ഇടയാക്കിയാലും, ഒരു ക്രൈസ്തവന്‍ അതുവഴി ക്രിസ്തുവിന്‍റെ പീഡകളില്‍ പങ്കുചേരുന്നതില്‍ മടികാണിക്കരുത്. എന്‍റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്‍റെ ജീവിതത്തിന്‍റെ അവസാന വര്‍ഷങ്ങളില്‍ ഏറെ പരസ്യമായി യാതനകള്‍ സഹിച്ചത് നിങ്ങള്‍ ഓര്‍ക്കമല്ലോ. അദ്ദേഹം അതു ചെയ്തത് ക്രിസ്തുവിന്‍റെ പീഡകളുമായി സാരുപ്യപെട്ടുകൊണ്ടണെന്നതില്‍ സംശയമില്ല. അവസാന ദിനങ്ങളില്‍ സന്തോഷത്തോടും ക്ഷമയോടുംകൂടെ അദ്ദേഹം ഏറ്റെടുത്ത യാതനകള്‍, പ്രായാധിക്യത്തിന്‍റെ ഭാരംവഹിക്കുന്ന നമുക്കേവര്‍ക്കും ശ്രദ്ധേയവും ഹൃദയസ്പര്‍ശിയായ മാതൃകയാണ്.
ഈ അര്‍ത്ഥത്തില്‍, ഞാന്‍‍ നിങ്ങളുടെ മദ്ധ്യേ നില്ക്കുന്നത് പിതാവെന്ന നിലയിലല്ല, മറിച്ച്, പ്രായാധിക്യത്തോടു ചേര്‍ന്നുണ്ടാകുന്ന സുഖദുഃഖങ്ങള്‍ നന്നായി അറിയുന്ന ഒരു സഹോദരനായിട്ടാണ്. നമുക്കു അവിടുന്നു തരുന്ന നീണ്ട ആയുസ്സ് ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനമായ ജീവന്‍റെ മനോഹാരിതയും, അതിന്‍റെ ആത്മീയമായ ലോലതയും ഒരുപോലെ നാം മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനും വേണ്ടിയാണ്. മറ്റു ചിലര്‍ക്ക് ഇനിയും ലഭിക്കുന്ന ദീര്‍ഘായുസ്സ്, നമ്മുടെ മനുഷ്യപ്രകൃതിയില്‍ പങ്കാളിയാകുവാന്‍ തിരുമനസ്സാകുകയും, തന്നെത്തന്നെ നിസ്സാരനാക്കുകയും ചെയ്ത ക്രിസ്തുവിന്‍റെ മൗതിക രഹസ്യത്തെക്കുറിച്ചുള്ള അവബോധം കൂടുതല്‍ ആഴപ്പെടുത്തുന്നതിനു ലഭിക്കുന്ന അത്ഭുതകരമായ അവസരവുമാണ്.
ആയുസ്സു വര്‍ദ്ധിക്കുമ്പോള്‍ ശാരീരികമായി നാം ക്ഷീണിതരാകുമെങ്കിലും ഇക്കാലഘട്ടം ആത്മീയമായി ഫലദായകമാക്കാവുന്നതാണ്. ജീവിതത്തിലൂടെ കടന്നുപോയവരെയെല്ലാം സനേഹപൂര്‍വ്വം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കാവുന്നതും, നാം ആയിരിക്കുന്നതും ചെയ്തവയുമെല്ലാം ദൈവത്തിന്‍റെ ആര്‍ദ്രമായ കാരുണ്യത്തിനു മുന്നില്‍ സമര്‍പ്പിക്കാവുന്നതുമായ ദിനങ്ങളാണിത്. ഈ ചിന്ത തീര്‍ച്ചയായും, നമുക്ക് വലിയ ആത്മീയാശ്വാസം പകരുകയും, നവമായ നന്മയും സ്നേഹവും ശിഷ്ടകാലമൊക്കെയും കണ്ടെത്താന്‍ സഹായകവുകയും ചെയ്യും.

സിസ്റ്റര്‍ മാരി ക്ലെയറിര്‍, സെന്‍റ് പീറ്റര്‍ വൃദ്ധമന്ദിരത്തിലെ
സുപ്പീരിയറിന്‍റെ സ്വാഗതാശംസ:
ഈ പ്രായമായ സഹോദരീ സഹോദരന്മാരെ പ്രത്യേകമായി സന്ദര്‍ശിക്കുന്നതു വഴി, പരിശുദ്ധ പിതാവേ, അങ്ങ് ഇന്നത്തെ സമൂഹത്തിലുള്ള ഏറ്റവും വ്രണപ്പെട്ടവരും ദുര്‍ബലരുമായ മനുഷ്യരോട് ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിനുള്ള അപരിമേയമായ സ്നേഹത്തിനാണ് സാക്ഷൃംവഹിക്കുന്നത്. അങ്ങയുടെ സന്ദര്‍ശന പരിപാടിയില്‍ ഈ പ്രായമായവരെക്കൂടി ഉള്‍പ്പെടുത്തിയതിന്, ഞങ്ങള്‍ നന്ദിപറയുന്നു,
ഇതു വഴി വര്‍ദ്ധക്യപരിചരണത്തിന് ഇന്നത്തെ ലോകം നല്കേണ്ട പ്രാധാന്യം അങ്ങു അടിവരയിട്ടു കാണിക്കുകയാണ്.
അന്തേവാസി പട്രീഷ്യാ ഫ്ളാസ്കിയുടെ വാക്കുകള്‍
അങ്ങയുടെ സന്ദര്‍ശനം ഈ വൃന്ദമന്ദരത്തിനും ഇവിടത്തെ അന്തേവാസികള്‍ക്കും ആശ്വാസദായകമാണ്. അങ്ങ് ലോകത്തിനു നല്കുന്ന സന്ദേശം: പ്രായമായവരോടു കാണിക്കേണ്ട സാന്ത്വന-സനേഹത്തിന്‍റെ സന്ദേശം വയോവൃദ്ധരായ ഞങ്ങള്‍ക്ക് സമാശ്വാസവും ഉത്തേജനവും പകരുന്നു.







All the contents on this site are copyrighted ©.