2010-09-18 20:00:39

മലയാളം അനുസ്മരിക്കുന്ന
വാഴ്ത്തപ്പെട്ട ന്യൂമാന്‍


18 സെപ്തംമ്പ‍‍ര്‍ 2010
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം കേരളത്തില്‍ ആരാധനക്രമം പ്രാദേശികവത്ക്കരിക്കപ്പെട്ടു. ലത്തീനില്‍നിന്നും ആരാധക്രമം മലയാളത്തിലേയ്ക്ക് പരിഭാഷചെയ്യപ്പെട്ടു. അന്തിമോപചാര ശുശ്രൂഷയില്‍ പരേതന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ കല്ലറയില്‍ സംസ്കരിച്ചുകഴിഞ്ഞു അവസാനമായി വിശ്വാസികള്‍ ഒന്നു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നത് ഇങ്ങനെയാണ്.

നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ
ചുറ്റിലും ഇരുള്‍ പരന്നിടുന്ന വേളയില്‍
അന്ധകാരപൂര്‍ണ്ണമായ രാത്രിയാണുപോല്‍
നിന്‍ ഗൃഹത്തില്‍ നിന്നുമേറെ ദൂരെയാണു ഞാന്‍
നീ നയിക്കുക സാദരം വിഭോ
നിന്‍ പ്രാകാശധാര തൂകി നീ നിയിക്കുക
നീ നയിക്കുക.
ഏറെ ദൂരെയുള്ള നല്ല കാഴ്ചകാണുവാന്‍
അല്ലയെന്‍റെയര്‍ത്ഥനകള്‍ നിന്‍ വരത്തിനായ്
എന്‍റെ പാദമൊന്നു നീ നയിക്കിലെത്രയും
എന്‍റെ മാര്‍ഗ്ഗദീപമേ, നയിക്കൂ തൃപ്തിയായ്

ചുറ്റുമുള്ള ജീവിതത്തിന്‍റെ കൂരിരുട്ടിലും നിത്യവെളിച്ചമായ ദൈവത്തില്‍ പ്രത്യാശവച്ച് മുന്നോട്ടു നീങ്ങുന്ന ഒരു യാത്രികന്‍റെ സുന്ദരമായ ഈരടികള്‍..
കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വിശ്വത്തരമായ പ്രാര്‍ത്ഥന, Lead Kindly light ആണ്,
നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ...എന്ന ഗാനം.
പരേതരുടെ ശുശ്രൂഷയ്ക്കുപയോഗിക്കുന്ന ഏറെ പ്രശസ്തമായ കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ഈ പ്രാര്‍ത്ഥന ഈ പ്രാര്‍ത്ഥന 1969-ല്‍ ഫാദര്‍ ജോസഫ് മനക്കിലാണ് മലയാളത്തിലേയ്ക്ക് പരിഭാഷചെയ്തത്. ആംഗലഭാഷയിലായിരുന്ന കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ കവിത മനക്കിലച്ചന്‍ മനോഹരമായി ഈരടിയാക്കിയപ്പോള്‍, മൂലരചനയുടെ സത്തയും വികാരവും ചോര്‍ന്നുപോകാതെ ജോബ് ആന്‍റ് ജോര്‍ജ്ജ് സംഗീത-ജോഡി അതിന് ഹൃദയസ്പര്‍ശിയായ ഈണവും പകര്‍ന്നു. കേരളത്തില്‍ ഇന്ന് കത്തോലിക്കാ സമൂഹത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്തിമോപചാര ശുശ്രൂഷയ്ക്ക് സമാപനമായി ഈ ഗാനം ആലപിക്കമ്പോള്‍ ആരും കര്‍ദ്ദിനാള്‍ ന്യൂമാനെ ഓര്‍ക്കാറില്ലെങ്കിലും, ഏതോ ആവാച്യമായ അത്മീയാനുഭൂതിയുടെ പ്രത്യേക തീരങ്ങളിലേയ്ക്ക് ഈ പ്രാര്‍ത്ഥന ഏവരെയും നയിക്കുന്നു.
ലോകത്ത് ജാതിമതഭേതമെന്ന്യേ എല്ലാവരെയും ആകര്‍ഷിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ ആത്മീയതയുടെ ആഴം തെളിയിക്കുന്ന പ്രാര്‍ത്ഥന തന്നെയാണ് Lead Kindly light.. മനോഹരമായ ഈ പ്രാര്‍ത്ഥനയ്ക്ക് ആംഗലഭാഷയില്‍ കവിതാഭംഗികൂടെയുള്ളതുകൊണ്ട് സ്കൂള്‍ തുടങ്ങി വലിയ കലാലയങ്ങള്‍ വരെ ഈ പ്രാര്‍ത്ഥന പാഠ്യവിഷയത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക യാമപ്രാര്‍ത്ഥനകളില്‍ ഈ പ്രകാശത്തിന്‍റെ പ്രാര്‍ത്ഥനയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
അങ്ങിനെ ആത്മീയതയുടെ പടവുകള്‍ ഈ ജീവിതത്തില്‍ കയറിയ കര്‍ദ്ദിനാള്‍ ന്യൂമാന്‍ തന്‍റെ പ്രാര്‍ത്ഥനകളിലുടെയും ആത്മീയചിന്തകളിലൂടെയും മനുഷ്യമനസ്സുകളില്‍ ഇന്നും ജീവിക്കുകയും, സ്നേഹപിതാവും സത്യപ്രകാശമായ ദൈവത്തിങ്കലേയ്ക്ക് സകലരേയും ആകര്‍ഷിക്കുകയും ചെയ്യുന്നു.
 







All the contents on this site are copyrighted ©.