2010-09-17 19:42:17

വചനത്തിന്‍റെ രക്ഷാകരസത്യത്തിന്
ഒത്തൊരുമിച്ച് സാക്ഷൃമേകാം


17, സെപ്തംമ്പര്‍ 2010
ഇതാ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. ലൂക്കാ 10,9.
നിങ്ങള്‍ ശ്രവിച്ച ഈ സുവിശേഷവചനത്തോടെ എല്ലാവരെയും
ഞാന്‍ സ്നേഹപൂര്‍വ്വം കര്‍ത്താവില്‍ അഭിസംബോധനചെയ്യുന്നു. തീര്‍ച്ചയായും ദൈവരാജ്യം നമ്മുടെ മദ്ധ്യേ ഉണ്ട്. സ്കോട്ട്ലന്‍റിലെ എല്ലാ വിശ്വാസികളും പത്രോസിന്‍റെ പിന്‍ഗാമിയോടുചേര്‍ന്ന് അര്‍പ്പിക്കുന്ന ഈ ദിവ്യബലിയില്‍ ക്രിസ്തുവിന്‍റെ വചനത്തിലുള്ള വിശ്വാസവും, നിരാശപ്പെടുത്താത്ത അവിടുത്തെ വാഗ്ദാനങ്ങളിലുള്ള പ്രത്യാശയും ഒരിക്കല്‍ക്കൂടെ നമുക്ക് നവീകരിക്കാം. ദൈവരാജ്യം പ്രഘോഷിക്കാനും ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനുമായി ഭവനങ്ങള്‍തോറും, പട്ടണങ്ങള്‍തോറും ക്രിസ്തു തന്‍റെ ശിഷ്യന്മാരെ അയക്കുന്ന ഭാഗമാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ശ്രവിച്ചത് (ലൂക്കാ 22, 32). എന്‍റെ മുന്‍ഗാമി ജോണ്‍ പോള്‍ രണ്ടമന്‍ മാര്‍പാപ്പ മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ദിവ്യബലിയര്‍പ്പിച്ച വേദിക്കുസമീപം വികാരഭരിതനായി നിന്നുകൊണ്ടാണ് ഞാന്‍ നിങ്ങളെ അഭിസംബോധനചെയ്യുന്നത്. സ്കോട്ട്ലന്‍റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്ന അന്നിവിടെ സമ്മേളിച്ചതെന്നും ഞാന്‍ മനസ്സിലാക്കുന്നു.
ആ ചരിത്ര സന്ദര്‍ശനത്തിനുശേഷം ഒത്തിരികാര്യങ്ങള്‍ ഇവിടെ സ്കോട്ട്ലന്‍റിലും ഇവിടത്തെ സഭയിലും സംഭവിച്ചിട്ടുണ്ട്. ഇതര ക്രൈസ്തവ സഭകളുമായി കൈയ്യോര്‍ത്തു നീങ്ങാനുള്ള പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം, സ്കോട്ട്ലന്‍റിലെ സഭയെയും ഇവിടത്തെ എപ്പിസ്കോപ്പല്‍ സഭയെയും ഇതര സഭാവിഭാഗങ്ങളെയും ഏറെ ആത്മവിശ്വാസത്തിന്‍റെയും സൗഹൃദത്തിന്‍റെയും വഴിയിലെത്തിച്ചിട്ടുണ്ട്.
അവരോടു ചേര്‍ന്നുനിന്നുകൊണ്ട് പൊതുവായതും സമഗ്രവുമായ ഒരു ആത്മീയ പൈതൃകം സ്കോട്ട്ലന്‍റില്‍ വളര്‍ത്തിയെടുക്കുവാന്‍വേണ്ടി പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇന്നത്തെ ആദ്യവായനയില്‍ പൗലോസ് അപ്പസ്തോലന്‍ അനുസ്മരിപ്പിക്കുന്നതുപോലെ, (റോമ. 12, 5) ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ പരസ്പരസ്നേഹത്തിലും ബഹുമാനത്തിലും നാം എന്നും ജീവിക്കേണ്ടതാണ്.
ഈ അരൂപിയിലാണ് ഇവിടെ സന്നിഹിതരായിരിക്കുന്ന ക്രൈസ്തവ സഭൈക്യ സംരംഭത്തിന്‍റെ പ്രതിനിധികളെ ഞാന്‍ അനുമോദിക്കുന്നത്. ആധുനീക ക്രൈസ്തവൈക്യ സംരംഭത്തിന്‍റെ നാന്നിയായി ഏവരും പരിഗണിക്കുന്ന നവോത്ഥാന സമ്മേളനത്തിന്‍റെ Reformation Parliament-ന്‍റെ 450-ാം വാര്‍ഷികവും എഡിന്‍ബറോയില്‍ നടന്ന ആഗോള മിഷനറി സമ്മേളനത്തിന്‍റെ World Missionary Conference of Edinburgh-ന്‍റെ 100-ാം വാര്‍ഷികവും 2010-ല്‍, നാം അനുസ്മരിക്കുകയാണ്. അതിവേഗം പരിവര്‍ത്തനവിധേയമാകുന്ന ഈ ലോകത്ത് ദൈവവചനത്തിന്‍റെ രക്ഷാകര സത്യത്തിന് ഒത്തൊരുമിച്ച് സാക്ഷൃമേകാനാവുന്ന ക്രൈസ്തവ-സഭൈക്യ-സംരംഭത്തിനും, സഹകരണത്തിലൂടെയും പരസ്പര ധാരണയിലൂടെയും ഈ സംരംഭം നല്കുന്ന ഭാവി പ്രതീക്ഷകള്‍ക്കും നമുക്ക് ദൈവത്തിനു നന്ദിപറയാം.

നമുക്കു ലഭിച്ചിരിക്കുന്ന കൃപാവരത്തിനനുസൃതമായി നമുക്കുള്ള ദാനങ്ങളും വിഭിന്നങ്ങളാണ് (Rom. 12, 7). സഭയെ പടുത്തുയര്‍ത്തുവാന്‍ പൗലോസ് അപ്പസ്തോലന്‍ സൂചിപ്പിക്കുന്ന കൃപകളിലൊന്ന് പ്രബോധനമാണ്. എങ്ങനെ ദൈവവചനം ഒരു പ്രത്യേക സംസ്കാരത്തില്‍ രൂഢമൂലമായി വളരുന്നുവെന്നത് സുവിശേഷപ്രഘോഷണത്തോടനുബന്ധിച്ച് എപ്പോഴും ഉയര്‍ന്നുവരുന്ന ഒരു ആശങ്കയാണ്. സ്ഥാപനത്തിന്‍റെ 600-ാം വര്‍ഷികം ആഘോഷിക്കുന്ന വിശുദ്ധ അന്ത്രയോസിന്‍റെ സര്‍വ്വകലാശാല ഉള്‍പ്പെടെ ഇവിടെ സ്കോട്ട്ലന്‍റില്‍ മദ്ധ്യകാലഘട്ടത്തില്‍ മാര്‍പാപ്പമാര്‍ തുടങ്ങിയ മൂന്നു പ്രധാന സര്‍വ്വകലാശാലകളെയും ഞാന്‍ അനുസ്മരിക്കുന്നു.
കഴിഞ്ഞ 30 വര്‍ഷങ്ങളായിട്ട് ഭരണാധികാരികളുടെ പിന്‍തുണയോടെയുള്ള സ്കോട്ട്ലന്‍റിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിശ്രമം ഇവിടത്തെ യുവാക്കളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്. അത് യുവാക്കളുടെ ആത്മീയവും മാനുഷികവുമായ പുരോഗതിക്കു മാത്രമല്ല, തൊഴില്‍ സമ്പാദിക്കുന്നതിനും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നതിനും സഹായിക്കുന്നു. ഈ നാടിന്‍റെ സമകാലിന സംസ്കാരത്തെ പിന്‍തുണച്ചുകൊണ്ട് വിശ്വാസ രൂപീകരണത്തിനായി പരിശ്രമിക്കുവാന്‍ ഇവിടത്തെ എല്ലാ കത്തോലിക്കാ അധ്യാപകരെയും സാങ്കേതിക വിദഗ്ധരേയും ഭരണകര്‍ത്താക്കളെയും ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു.
വചനപ്രഘോഷണ മദ്ധ്യേ സ്കോട്ട്ലന്‍റിലെ മെത്രാന്മാരെയും വൈദികരെയും അഭിസംബോധനചെയ്ത മാര്‍പാപ്പ ജീവിത വിശുദ്ധിക്കായി വിശ്വസ്തതയോടെ പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. തുടര്‍ന്ന് യുവജനങ്ങളെയും മാര്‍പാപ്പ അഭിസംബോധനചെയ്തു. താല്ക്കാലിക സന്തോഷം പകരുന്ന ഭൗമിക സന്തോഷങ്ങളില്‍നിന്നകന്ന് ശാശ്വതമായവ, പ്രത്യേകിച്ച് യുവാക്കള്‍ ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ അഭയം തേടാന്‍ പരിശ്രമിക്കണമെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു. തുടര്‍ന്ന സ്കോട്ടലാന്‍റിലെ വംശീയ ഭാഷയായ സ്കോസ്സിയായില്‍.. ദൈവം നിങ്ങളെ സമാധാനത്തില്‍ നയിക്കട്ടെ, ദൈവസ്നേഹത്താല്‍ നിറഞ്ഞ് സ്കോട്ട്ലന്‍‌റിലെ ജനങ്ങള്‍ നന്മയുടെ സമൃദ്ധിയില്‍ വളരട്ടെ, എന്ന് ആശംസിച്ചുകൊണ്ട് മാര്‍പാപ്പ തന്‍റെ വചനപ്രഘോഷണം ഉപസംഹരിച്ചു.
(Extract from the Homily of the Pope at the Bellahouston Park, Glasgow, Scotland – 16th September 2010)







All the contents on this site are copyrighted ©.