2010-09-17 20:30:34

മനുഷ്യവ്യക്തിയുടെ രൂപീകരണമാണ്
വിദ്യാഭ്യാസം –മാര്‍പാപ്പ


17 സെപ്തംമ്പര്‍ 2010
ബ്രിട്ടണിലെ വിദ്യാഭ്യാസ പുരോഗതിയില്‍ അവിടത്തെ സന്യസ്തര്‍ ചെയ്തിട്ടുള്ള നിസ്തുല സേവനങ്ങള്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ ലണ്ടണിലെ ടിക്കെന്‍ഹാമിലുള്ള സെന്‍റ് മേരീസ് കോളെജിലെ കപ്പേളയില്‍, ബ്രിട്ടണിലെ വിദ്യഭ്യാസപ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തത്.
ഒരദ്ധ്യാപകന്‍ എന്നു പറയുമ്പോള്‍, സമൂഹത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറെ അറിവും വൈദഗ്ദ്ധ്യവും പകര്‍ന്നുകൊടുക്കുന്ന വ്യക്തിയല്ല. വിദ്യാഭ്യാസത്തെ ഒരു വിനിയോഗ ദൃഷ്ടിയോടെയും കാണാനാവുകയില്ല. അതിന്‍റെ ശരിയായ വീക്ഷണത്തില്‍ വിദ്യാഭ്യാസം ഒരു മനുഷ്യവ്യക്തിയുടെ രൂപീകരണമാണ്. അതുവഴി അവന്‍റെ അല്ലെങ്കില്‍ അവളുടെ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ കരുപ്പിടിപ്പിക്കുകയാണ് വിദ്യാഭ്യാസ ലക്ഷൃം. ചുരുക്കത്തില്‍ യഥാര്‍ത്ഥ വിജ്ഞാനം പകര്‍ന്നുകൊടുക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ധര്‍മ്മം. സ്രഷ്ടാവായ ദൈവത്തെക്കുറിച്ചുള്ള അറവില്‍നിന്നും വിജ്ഞാനത്തെ വേര്‍പെടുത്താവുന്നതല്ല, വിജ്ഞാനത്തിന്‍റെ ഗ്രന്ഥം വിവരിക്കുന്നതുപോലെ, (7, 16.) വിവേകവും കരകൗശല വിദ്യയുമെന്നതുപോലെ നമ്മളും നമ്മുടെ പ്രവചനങ്ങളും ദൈവത്തിന്‍റെ കരങ്ങളിലാണ്. ഇന്നാടിന്‍റെ സുവിശേഷവത്ക്കരണത്തില്‍ പങ്കുവഹിച്ച സന്യാസവര്യന്മാര്‍ വിദ്യാഭ്യാസത്തിന്‍റെ അതീന്ദ്രിയമായ ഈ പരിമാണം അല്ലെങ്കില്‍ ത്രിമാനം മനസ്സിലാക്കിയിരുന്നു. വിശുദ്ധ അഗസ്റ്റിനോടൊപ്പം ഇംഗ്ലണ്ടിലെത്തിയ ബെനഡിക്ടൈന്‍ സന്യാസിമാരും, സ്കോട്ട്ലന്‍റിലും വടക്കെ ഇംഗ്ലണ്ടിലും വിശ്വാസം പ്രചരിപ്പിച്ച വിശുദ്ധ കൊളുംമ്പനും ശിഷ്യഗണങ്ങളും, വെയില്‍സില്‍ പ്രേഷിതപ്രവര്‍ത്തനം നടത്തിയ വിശുദ്ധ ഡേവിഡും അനുചരന്മാരും ഇത്തരുണത്തില്‍ അനുസ്മരണീയരാണ്. ആശ്രമങ്ങള്‍ക്കൊപ്പം ഗ്രന്ഥാലയവും സ്കൂളും വേണമെന്ന നിര്‍ബന്ധമായിരുന്നു അക്കാലത്ത് അവര്‍ക്കുണ്ടായിരുന്നത്. മാംസംധരിച്ച ദൈവവചനത്തെ അന്വേഷിക്കുവാനും അറിയുവാനുമുള്ള ഈ സന്യസ്തരുടെ ആത്മീയത്വരയുടെ പാതയിലാണ് പാശ്ചാത്യ സംസ്കാരത്തിനും നാഗരീകതയ്ക്കും ഒരു ക്രൈസ്തവ അടിത്തറ പാകപ്പെട്ടത്.







All the contents on this site are copyrighted ©.