2010-09-17 21:08:26

മതങ്ങള്‍ ദൈവസ്നേഹത്തിന്‍റെ
ബോധ്യമുള്ള സാക്ഷികള്‍


17 സെപ്തംമ്പര്‍ 2010
മതാത്മക ദര്‍ശനങ്ങളും ബോധ്യങ്ങളും മനസ്സിലാക്കപ്പെടാതെയും പ്രോത്സാഹിക്കപ്പെടാതെയും പോകുന്ന ഇക്കാലഘട്ടത്തില്‍ ആത്മീയ ജീവിതത്തിന് ശക്തമായ സാക്ഷൃംനല്കുന്ന നിങ്ങളെ കത്തോലിക്കാസഭയുടെ നാമത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. സമൂഹിക സാമ്പത്തിക ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ സമര്‍പ്പണമാനസരായ വ്യക്തികളുടെ സാന്നിദ്ധ്യംവഴി, മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല, കര്‍ത്താവിന്‍റെ നാവില്‍നിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നതെന്നും, നിയമാവര്‍ത്തനം 8, 3, മനുഷ്യാസ്ഥിത്വത്തിന്‍റെ അടിസ്ഥാനം ആത്മീയതയാണെന്നും പ്രഖ്യാപിക്കുവാന്‍ മതങ്ങള്‍ക്കു കഴിയും. വ്യത്യസ്ത മതപാരമ്പര്യങ്ങളില്‍ ജീവിക്കുമ്പോഴും, തോളോടു തോളുരുമ്മി സഹകരിച്ചും മുഖാമുഖം നിരന്തരമായി സംവാദത്തിലേര്‍പ്പെട്ടും മനുഷ്യരാശിയുടെ പൊതുന്ന്മയ്ക്കായി സഹകരിച്ച് പ്രവര്‍ത്തിക്കാം.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം ഇതര മതസ്തരുമായി സഹകരിക്കുവാനും സംവാദത്തിലേര്‍പ്പെടുവാനും കത്തോലിക്കാ സഭ അതിയായ ശുഷ്ക്കാന്തി കാണിച്ചിട്ടുണ്ട്. ഈ തുറവ് അതിന്‍റെ ഫലപ്രാപ്തിയിലെത്തണമെങ്കില്‍ അന്യോന്യത അനിവാര്യമാണല്ലോ.
മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനും സഹകരണത്തിനും പരസ്പര ബഹുമാനം ആവശ്യമാണ്. അതുവഴിയാണ് ഓരോ മതസ്തര്‍ക്കും പീഡിപ്പിക്കപ്പെടാതെയും പുറംതള്ളപ്പെടാതെയും നിര്‍ബന്ധ-മതപരിവര്‍ത്തനത്തിന് വിധേയരാകാതെയും, പരസ്യമായി ആരാധിക്കുവാനും, തങ്ങളുടെ മനസ്സാക്ഷിക്കനുസൃതമായ വിശ്വാസത്തില്‍ ജീവിക്കുവാനും വളരുവാനും സാധിക്കുന്നത്. അപ്രകാരം പരസ്പര ബഹുമാനത്തിന്‍റെയും തുറവിന്‍റെയും ഒരന്തരീക്ഷം സംലഭ്യമായാല്‍, സമാധാനത്തിലും പരസ്പരധാരണയിലും, വിവിധ മതങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുകൊണ്ട് ലോകസമക്ഷം ദൈവസ്നേഹത്തിന്‍റെ ബോദ്ധ്യമേകുന്ന സാക്ഷികളാകുവാന്‍ നമുക്കു സാധിക്കും.
(ലണ്ടണിലെ സെന്‍റെ മേരീസ് കോളെജ് ഹാളില്‍ ബ്രിട്ടണിലെ വിവിധ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗം).








All the contents on this site are copyrighted ©.