2010-09-15 19:49:22

മുന്നേറാനുള്ള
പ്രചോദനമാണ് കുരിശ്


15 സെപ്തംമ്പര്‍ 2010
മഹത്വീകൃതനായ മിശിഹായെയാണ് കുരിശ് സൂചിപ്പിക്കേണ്ടതെന്ന്
മാര്‍ ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ വിശ്വാസികളെ അനുസ്മരിപ്പിച്ചു. ആഗോള കത്തോലിക്കാ സഭ, സെപ്തംമ്പര്‍ 14-ാം തിയതി ചൊവ്വാഴ്ച ആഘോഷിച്ച കുരിശിന്‍റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഇടയലേഖനത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. മരണത്തെ ജയിച്ചവനും ജീവദാതാവും മഹത്ത്വീകൃതനുമായ മിശിഹായെയാണ് കുരിശ് സൂചിപ്പിക്കുന്നതെന്നും, ഈ വിശ്വാസം മൂലമാണ് കുരിശില്‍ പീഡസഹിച്ച്, തൂങ്ങിമരിച്ചു കിടക്കുന്നവനായി യേശുവിനെ ചിത്രീകരിക്കാന്‍ പൗരസ്ത്യസഭകള്‍ തയ്യാറാകാത്തതെന്നും ആര്‍ച്ചുബിഷപ്പ് പെരുന്തോട്ടം ഇടയലേഖനത്തില്‍ വിവരിച്ചു. ക്രൂശിക്കപ്പെട്ടവനെങ്കിലും ഉയിര്‍ത്ത്, മഹത്വം പ്രാപിച്ച ക്രിസ്തുവിനെയാണ് നാം സ്ലീവായില്‍ കാണേണ്ടതെന്നും, അതുകൊണ്ടുതന്നെ ക്രൂശില്‍ മരിച്ചു കിടക്കുന്നവനായി ഈശോയെ ആദിമ സഭാപരാമ്പര്യം ചിത്രീകരിക്കുന്നില്ലായെന്നും മാര്‍ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
ക്രിസ്തു മരിച്ചു കിടക്കുന്നതായുള്ള ചിത്രീകരണങ്ങള്‍ 12-ാം നൂറ്റാണ്ടു മുതലാണ് +ലത്തീന്‍ സഭയില്‍ വളര്‍ന്നുവന്നതെന്നും, അത് ചില പീഡാനുഭവ-ഭക്തി-പ്രസ്ഥാനക്കാരുടെ സ്വാധീനത്തില്‍ ഉയര്‍ന്നുവന്നതാണെന്നും മാര്‍ പെരുന്തോട്ടം വിവരിച്ചു. കുരിശില്‍ സഹിച്ച്, മരിച്ച യേശുവിനെ ഓര്‍ത്ത് നിരാശപ്പെടാനും ദുഃഖിക്കാനുമല്ല, കുരിശുമരണത്തിലൂടെ മരണത്തെയും തിന്മയുടെ ശക്തികളെയും പരാജയപ്പെടുത്തി, ജീവദാതാവായി ഉയിര്‍ത്തെഴുന്നേറ്റ മിശിഹായെ ധ്യാനിച്ച് പ്രത്യാശയോടെ ജീവിതത്തില്‍ മുന്നേറാനുള്ള പ്രചോദനമാണ് കുരിശ് പ്രദാനംചെയ്യേണ്ടതെന്ന് മാര്‍ പെരുന്തോട്ടും ജനങ്ങളെ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.