2010-09-09 17:26:48

സഭൈക്യ പ്രാധാന്യമുള്ള
പാപ്പയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ സന്ദര്‍ശനം


9 സെപ്തംമ്പര്‍ 2010
സെപ്തംമ്പര്‍ 16 മുതല്‍ 19-വരെ തിയതികളില്‍ നടക്കുന്ന മാര്‍പാപ്പയുടെ ഗ്രേറ്റ് ബ്രിട്ടണ്‍ സന്ദര്‍ശനം, ഏറെ സഭൈക്യ പ്രാധാന്യമുള്ളതാണെന്ന്, ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ച്, ക്രൈസ്തവായ്ക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രത്യാശപ്രകടിപ്പിച്ചു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആസന്നമാകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സന്ദര്‍ശനത്തെക്കുറിച്ച് സെപ്തംമ്പര്‍ 9-ാം തിയതി, വ്യാഴാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരുമായി വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. കത്തോലിക്കരും ഇംഗ്ളണ്ടിലെ ഇതര ക്രിസ്ത്യന്‍ സഭകളുമായുള്ള ഐക്യത്തിനായുള്ള സംവാദങ്ങളുടെ ഫലമറിയുന്നൊരവസരമായിരിക്കും ബനഡിക്ട് 16-ാന്‍ മാര്‍പാപ്പയുടെ ഈ സന്ദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തലവനെന്ന നിലയില്‍ ഒരു മാര്‍പാപ്പയുടെ ഗ്രേയ്റ്റ് ബ്രിട്ടണിലേയ്ക്കുള്ള പ്രഥമ ഔദ്യോഗിക സന്ദര്‍ശനമാണിതെങ്കിലും, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 1982-ലെ അജപാലന സന്ദര്‍ശനം ആംഗ്ളിക്കന്‍ സഭയുമായുള്ള കത്തോലിക്കാ സഭയുടെ അനുരഞ്ജന ശ്രമങ്ങളുടെ നാന്നിയായിരുന്നവെന്നും ആര്‍ച്ചുബിഷപ്പ് കോച്ച് മാധ്യമ പ്രവര്‍ത്തകരോടു വെളിപ്പെടുത്തി. വിശുദ്ധ തോമസ് മൂറിന് റോമന്‍ സഭയോടുണ്ടായിരുന്ന വിശ്വസ്തതയ്ക്ക് വിധിപ്രഖ്യാപിച്ച വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ നില്ക്കുമ്പോള്‍, സഭയിലെ നവോത്ഥാനകാലത്തുണ്ടായ വിഭജനത്തിന്‍റെ ചിന്തകള്‍ മാര്‍‍പാപ്പയുടെ മനസ്സില്‍ പ്രതിഫലിക്കാമെങ്കിലും, കാന്‍റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസുമായി നടക്കുവാന്‍ പോകുന്ന അവിടെത്തന്നെയുള്ള കൂടിക്കാഴ്ചയും പ്രാര്‍ത്ഥനയും, ഇരുസഭകള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെയും ഐക്യശ്രമങ്ങളുടെയും പാതയില്‍ മറ്റൊരു കാല്‍വയ്പ്പാകുമെന്ന്, ക്രൈസ്തവൈക്യ-കര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് കേര്‍ട്ട് കോച്ച് പ്രത്യാശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.