2010-09-09 19:16:35

വത്തിക്കാനില്‍നിന്നും
റമദാന്‍ ആശംസകള്‍


9 സെപ്തമ്പര്‍ 2010
ലോകമെമ്പാടും മുസ്ലീം സഹോദരങ്ങള്‍ ആഘോഷിക്കുന്ന റമദാന്‍ തിരുനാളിന് വത്തിക്കാന്‍റെ മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റെ കര്‍ദ്ദിനാള്‍ ലൂയി തൗറാനാണ് സന്ദേശമയച്ചത്. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ദാനനിഷ്ഠയുടെയും ദിനങ്ങളിലൂടെ ഈദ്-ഉള്‍-ഫിത്തിര്‍ തിരുനാളിന് മുസ്ലീം സഹോദരങ്ങള്‍ ആഘോഷിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങളുടെ പേരിലുള്ള ഈ ആശംസ കൂടുതല്‍ സാഹോദര്യത്തിന്‍റെയും സൗഹൃത്തിന്‍റെയും ചിന്തകള്‍ ലോകത്ത് വളര്‍ത്തുവാന്‍ സഹായകമാകുമെന്ന് താന്‍ പ്രത്യാശിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ തൗറാന്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു. ഒരുമയോടെ അധര്‍മ്മങ്ങള്‍ക്കെതിരെ, എന്ന ചിന്തയാണ് ഈ വര്‍ഷത്തെ സന്ദേശത്തിന്‍റെ കേന്ദ്ര ആശയം. ലോകത്തിന്‍റെ ചില ഭാഗങ്ങളിലെങ്കിലും മതങ്ങള്‍ തമ്മില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളാണ്, ഐക്യത്തോടെ അധര്‍മ്മത്തിനെതിരെ പോരാടണമെന്ന സന്ദേശമെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ തൗരാന്‍ വ്യക്തമാക്കി. മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും, അദ്വൈതവാദിയായ മതങ്ങളുടെ സംവാദത്തിനായുള്ള അല്‍-ആഷെര്‍ സംഘടനയും ഒത്തൊരുമിച്ചെടുത്ത തീരുമാനത്തിലാണ് ഈ വിഷയം തിരഞ്ഞ‍െടുത്തത്. മതങ്ങളുടെ രാഷ്ടീയവത്ക്കരണം, ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള വിവേചനം, അജ്ഞത, ദാരിദ്ര്യം, വികസനമില്ലായ്മ എന്നിവയാണ് വിവിധ മതങ്ങളിലെ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നതിനുള്ള പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളെന്ന് സന്ദേശം വെളിപ്പെടുത്തി. സമാധാനപരവും ഫലപ്രദവുമായ സഹവര്‍ത്തിത്വത്തിന് ക്ഷമയിലൂടെയും അനുരഞ്ജനത്തിലൂടെയും ഹൃദയങ്ങള്‍ തുറക്കണമെന്നും, ഒരു സാംസ്കാരിക സംവാദത്തിന്‍റെ തുടക്കമായി, പരസ്പരമുള്ള വൈവിധ്യങ്ങള്‍ക്കൊപ്പം, ചേര്‍ച്ചകളെയും ഒരുപോലെ അംഗീകരിക്കണമെന്നും, ജാതി-മത വ്യത്യാസങ്ങള്‍ക്കതീതമായും മുന്‍വിധികൂടാതെയും മനുഷ്യന്തസ്സും അവകാശങ്ങളും മാനിക്കപ്പെടണമെന്നും, വിദ്യാഭ്യാസത്തിന്‍റെ എല്ലാ മേഖലകളിലും സംവാദത്തിന്‍റെയും തുറവിന്‍റെയും ഒരു മനോഭാവം എപ്പോഴും നിലനിര്‍ത്തണമെന്നുമുള്ള...പ്രായോഗിക നിര്‍ദ്ദേശങ്ങളും സന്ദേശത്തില്‍ ഉള്‍‍ക്കൊണ്ടിരുന്നു.
 







All the contents on this site are copyrighted ©.