2010-09-02 17:46:46

ക്രൈസ്തവ ജീവിതശോഭ
ഏഷ്യയില്‍ തെളിയിക്കുക


1, സെപ്തംമ്പര്‍ 2010
സഭ ഈ ലോകത്ത് പ്രേഷിതദൗദ്യത്തിന്‍റെയും കൂട്ടായ്മയുടെയും
നിരന്തര സാന്നിദ്ധ്യമാകണമെന്ന് കര്‍ദ്ദിനാള്‍ റെയില്‍ക്കോ അല്‍മായ സമ്മേളനത്തോടാഹ്വാനം ചെയ്തു. ദക്ഷിണ കൊറിയായിലെ സോളില്‍ സെപ്തംമ്പര്‍ 1-ാം തിയതി ബുധനാഴ്ച ആരംഭിച്ച ഏഷ്യയിലെ കത്തോലിക്കാ അല്‍മായരുടെ സമ്മേളനത്തില്‍ അര്‍പ്പിച്ച, പ്രാരംഭദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ്,
അല്‍മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാല്‍ സ്റ്റനിസ്ലാവൂസ് റെയില്‍ക്കോ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 8.30-ന് അര്‍പ്പിച്ച സമൂഹദിവ്യബലിയില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 400-ല്‍പ്പരം അല്‍മായ പ്രതിനിധികളും അല്‍മായ സംഘടനകളുടെ ഉത്തരവാദിത്വം വഹിക്കുന്ന മെത്രാന്മാരും വൈദികരും, സിയോളിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ നിക്കോളസ് ച്യോങ്ങ്, കൊറിയായിലുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഓസ്വാള്‍ഡ് പെല്ലീദാ , ഇന്ത്യയില്‍നിന്നും റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലിസ്ഫോറോ തോപ്പാ, ഗുവഹാത്തി ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പില്‍, ഏഷ്യന്‍ രാജ്യങ്ങളിലെ അല്‍മായ സംഘടകളുടെ ഉത്തരവാദിത്വം വഹിക്കുന്ന സന്യസ്തര്‍ എന്നിവര്‍ പങ്കെടുത്തു.
ദൈവം സ്നേഹമാകുന്നു, എന്നു വെളിപ്പെടുത്തിത്തന്ന ക്രിസ്തുവുമായുള്ള ആത്മബന്ധമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ നാന്നിയെന്ന്, Deus Caritas est ദൈവം സ്നേഹമാകുന്നു, എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ റെയില്‍ക്കോ സമ്മേളനത്തെ ദിവ്യബലിമദ്ധ്യേ ഉദ്ബോധിപ്പിച്ചു.
സോളിലെ മ്യോങ്ങ് ഡോങ്ങ് കത്തീദ്രലിലാണ് അല്‍മായ സമ്മേളനത്തില്‍ ഉത്ഘാടനബലി അര്‍പ്പിക്കപ്പെട്ടത്. തുടന്ന് ഉദ്ഘാടന സമ്മേളനം അടുത്തുള്ള കോസ്തേ ഹാളില്‍ നടത്തപ്പെട്ടു. ഏഷ്യമഹാഭൂഖണ്ഡത്തിന്‍റെ സുവിശേഷവത്ക്കരണ ഉത്തരവാദിത്വം കണക്കിലെടുക്കുമ്പോള്‍, കത്തോലിക്കാ വിശ്വസത്തില്‍ നാം അഭിമാനംകൊള്ളുകയും സുവിശേഷം നിര്‍ഭയം നമുക്കു ചുറ്റും പ്രഘോഷിക്കപ്പെടമെന്ന് ഉത്ഘാടന സമ്മേളനത്തില്‍ വീണ്ടും കര്‍ദ്ദിനാള്‍ റെയില്‍ക്കോ ഉദ്ബോധിപ്പിച്ചു.
ബന്ഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പ്രത്യേക സന്ദേശം, കൊറിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് ഓസ്വാള്‍ദോ പല്ലീദാ സമ്മേളനത്തില്‍ വായിച്ചു. ക്രിസ്തീയ ജീവിതം ശ്രേഷ്ഠമായ ആത്മീയ ആനന്ദത്തിന്‍റെ ഉറവയാണെന്നും, ആ ദൈവികദാനം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത് ക്രൈസ്തവന്‍റെ കടമയാണെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. ഏഷ്യയിലെ സഭയ്ക്കു ലഭിച്ചിരിക്കുന്ന സാമ്യമില്ലാത്ത ക്രൈസ്തവജീവിതശോഭ കൂടുതല്‍ തീക്ഷ്ണമായി പങ്കുവയ്ക്കുവാനും യേശുക്രിസ്തുവനെ ലോകരക്ഷകനായി പ്രഘോഷിക്കുവാനും സമ്മേളനത്തിനു സാധിക്കട്ടെയെന്ന് ആശംസിച്ച മാര്‍പാപ്പ, അവര്‍ക്ക് അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.

ഉദ്ഘാടന സമ്മേളനത്തില്‍ കൊറിയന്‍ പ്രസിഡന്‍റ് മ്യൂങ്ങ് ബാക്കിന്‍റെ സന്ദേശം സാംസ്കാരിക വകുപ്പുമന്ത്രി, ഇഞ്ചോക്ക് പാക്ക് വായിച്ചു. കൊറിയയിലെ കത്തോലിക്കാ സഭ അവിടത്തെ അല്‍മായരുടെ ത്യാഗപൂര്‍ണ്ണമായ വിശ്വാസ സമര്‍പ്പണത്തിന്‍റെയും ജീവിതത്തിന്‍റെയും ഫലമാണെന്ന് സന്ദേശത്തില്‍ പ്രസ്താവിച്ച പ്രസിഡന്‍റ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ ആത്മീയതയും അറിവും പങ്കുവയ്ക്കുന്ന ഒരു അവസരമാവട്ടെ ഈ സമ്മേളനമെന്നും ആശംസിച്ചു.







All the contents on this site are copyrighted ©.