2010-09-01 18:43:11

ജനങ്ങള്‍ കാത്തിരിക്കുന്ന
മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനം


31 ആഗസ്റ്റ് 2010
കത്തോലിക്കര്‍ മാത്രമല്ല, ഇംഗ്ലണ്ടിലെ എല്ലാജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മുഹൂര്‍ത്തമാണ്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനമെന്ന് വെസ്റ്റ് മിനിസ്റ്ററിലെ ആര്‍ച്ചുബിഷപ്പ്, വിന്‍സെന്‍റ് നിക്കോളസ് ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചു. മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന് രണ്ട് ആഴ്ചമാത്രം ബാക്കി നില്ക്കേ, ആഗസ്റ്റ് 31-ാം തിയതി ചൊവ്വാഴ്ച നല്കിയ ഒരഭിമുഖത്തിലാണ് വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പും ഇംഗ്ളണ്ടിലെയും വെയില്‍‍സിലെയും കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ് ഇങ്ങനെ പ്രസ്താവിച്ചത്. സെപ്തംമ്പര്‍ 16-മുതല്‍ 19-വരെയുള്ള മാര്‍പാപ്പയുടെ സന്ദര്‍ശന-സാന്നിദ്ധ്യം ഇംഗ്ളണ്ടിലെ ജനങ്ങളുടെ വിശ്വാസജീവിതത്തെ ഉത്തേജിപ്പിക്കുന്ന സുന്ദരദിനങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം, ഏറെ ആവേശപൂര്‍ണ്ണവും ജനപങ്കാളിത്തത്തോടെയുമുള്ള ഒരു സന്ദര്‍ശനമാണ് താന്‍ മുന്നില്‍ കാണുന്നതെന്നും വെളിപ്പെടുത്തി.
500-വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ളണ്ടിലെ ഒരു വ്യക്തി വാഴ്ത്തെപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുകയാണ്, എന്നത് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്ന്,
ആംഗ്ളിക്കന്‍ സഭയില്‍ ജീവിച്ച്, പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനകര്‍മ്മത്തെ പരാമര്‍ശിച്ചുകൊണ്ട്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ് അഭിമുഖത്തില്‍ വ്യക്തമാക്കി. വളരെ വ്യക്തിപരമായും ആകര്‍ഷണീയവുമായി സംസാരിക്കാന്‍ കരുത്തുള്ള ബനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പയുടെ സന്ദര്‍ശനം ഹൃദയം ഹൃദയത്തോടു സംസാരിക്കുന്ന ഒരനുഭവം ജനങ്ങള്‍ക്കു നല്കുമെന്ന് വെസ്റ്റ് മിനിസ്റ്ററിലെ ആര്‍ച്ചുബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
 







All the contents on this site are copyrighted ©.