2010-09-01 18:52:31

അല്‍മായര്‍ ജീവദായകമായ
സത്യത്തിന്‍റെ പ്രഘോഷകരെന്ന്


ഉത്ഥിതനായ ക്രിസ്തുവിനെയും, അവിടുത്തെ വചനത്തിന്‍റെ ജീവിദായകമായ സത്യത്തെയും അല്‍മായര്‍ പ്രഘോഷിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അല്മായരുടെ ഏഷ്യന്‍ സമ്മേളനത്തിലയച്ച സന്ദേശത്തില്‍ ആഹ്വാനംചെയ്തു.
ദക്ഷിണ കൊറിയയിലെ സോളില്‍ ആഗസ്റ്റ് 31-ാം തിയതി ചൊവ്വാഴ്ച ആരംഭിച്ച ഏഷ്യന്‍ അല്‍മായ സമ്മേളനത്തിന്, അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവൂസ് റെയില്‍ക്കോവഴി അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്. ഏഷ്യില്‍ ഇന്ന് യേശുവിനെ പ്രഘോഷിക്കുക, എന്ന മുഖ്യപ്രമേയവുമായി ആരംഭിച്ചിരിക്കുന്ന ഏഷ്യന്‍ അല്മായ സമ്മേളനം സെപ്തംമ്പര്‍ 5-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും.
ലോകത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉള്‍ക്കൊള്ളുന്ന
ഏഷ്യാ മഹാഭൂഖണ്ഡം, അഭൂതപൂര്‍വ്വമായ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചയില്‍ എത്തിനില്ക്കുന്ന ഈ കാലഘട്ടത്തില്‍, അല്‍മായരുടെ ഈ സമ്മേളനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ക്രിസ്തുവിനുമാത്രം നല്കാനാവുന്നതും, ലോകംമുഴുവനും ആഗ്രഹിക്കുന്നതുമായ ദൈവ-മനുഷ്യൈക്യത്തിന്‍റെ അടയാളവും വാഗ്ദാനവുമാകാന്‍ ഏഷ്യയിലെ കത്തോലിക്കര്‍ പ്രത്യേകമായി വിളിക്കപ്പെട്ടിരിക്കുകയാണെന്ന് മാര്‍പാപ്പ സമ്മേളനത്തെ അനുസ്മരിപ്പിച്ചു. വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ജനതകളുടെയും സംഗമസ്ഥാനമായ ഏഷ്യയില്‍ ലോകരക്ഷകനായ ക്രിസ്തു ഇനിയും പ്രഘോഷിക്കപ്പെടണമെന്നും, അതിനുപയുക്തമാകുന്ന നവചൈതന്യവും ദര്‍ശനവും നല്കാന്‍‍ ഈ അല്‍മായ സമ്മേളനത്തിന് സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവരിലും പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍ നേര്‍ന്ന മാര്‍പാപ്പ, അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.
 







All the contents on this site are copyrighted ©.