2010-08-25 17:35:09

ലോകംമുഴുവനും ആഘോഷിക്കുന്ന
മദറിന്‍റെ ജന്മശതാബ്ദി


ആഗസ്റ്റ് 26, വ്യാഴാഴ്ച ലോകം മുഴുവനും മദര്‍ തെരേസായുടെ ജന്മശതാബ്ദിയാഘോഷിക്കുന്നു. സ്നേഹം കൊണ്ട് വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുകയും വിശ്വാസംകൊണ്ട് പ്രതിബന്ധങ്ങളുടെ മലകളെ മറികടക്കുകയും ചെയ്ത പാവങ്ങളുടെ അമ്മ, മദര്‍ തെരേസായുടെ 100-ാം ജന്മദിനം ആഗസ്റ്റ് 26-ാം തിയതി വാഴാഴ്ച ആഘോഷിക്കപ്പെടുമ്പോള്‍, കാണപ്പെടുന്ന മനുഷ്യനെ സ്നേഹിക്കുന്നതും പരിചരിക്കുന്നതും, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുന്നതിനു തുല്യമാണെന്ന് മദര്‍ നമ്മെ പഠിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ മദര്‍ തെരേസായുടെ ജീവചരിത്രകാരന്‍ നവീന്‍ ചൗള കല്‍ക്കത്തയില്‍ പ്രസ്താവിച്ചു.
തീക്ഷ്ണമായ ക്രിസ്തുവിശ്വാസത്തില്‍ ജീവിച്ചപ്പോഴും, ജാതിയുടെയും മതത്തിന്‍റെയു അതിര്‍വരമ്പുകള്‍ താണ്ടിയ ക്രിസ്തുസ്നേഹം മദറും മദറിന്‍റെ സഹോദരിമാരും ജീവിച്ചുവെന്ന് ചൗള പറഞ്ഞു. തങ്ങള്‍ ശുശ്രൂഷിച്ച ഒരോ പാവംമനുഷ്യനിലും, വേദിനിക്കുന്ന ക്രിസ്തുവിനെയാണ് മദര്‍ കണ്ടതെന്ന്, മദര്‍ തെരേസായെ മൂന്നു പതിറ്റാണ്ടുകാലം വ്യക്തിപരമായി അറിഞ്ഞ ചൗള വെളിപ്പെടുത്തി. തെരുവില്‍ മരിക്കാറായിക്കിടക്കുന്ന ഒരു പാവം മനുഷ്യനും, ധരിക്കുന്ന കുരിശിലെ ക്രിസ്തുവും മദര്‍ തെരേസായ്ക്ക്, രണ്ടല്ല, ഒന്നായിരുന്നുവെന്ന്, ഇന്ത്യയുടെ മുന്‍ ഇലക്ഷന്‍ കമ്മിഷണര്‍ കൂടിയായിരുന്ന നവീന്‍ ചൗള സാക്ഷൃപ്പെടുത്തി. ഞങ്ങള്‍ ഈ ശുശ്രൂഷാ ജോലിയില്‍ എത്രത്തോളം വിജയിക്കുന്നു എന്നതല്ല മറിച്ച് എത്രത്തോളം വിശ്വസ്തരാണ് എന്നതാണ് പ്രധാനം, എന്ന് മദറിനെ ഉദ്ദരിച്ചുകൊണ്ട് ചൗള പ്രസ്താവിച്ചു. ഞാന്‍ ദൈവത്തിന്‍റെ കൈയ്യില്‍ ഒരു പെന്‍സില്‍മാത്രമാണെന്ന്, ഒരിക്കല്‍ മദര്‍ തന്നോടു നേരിട്ടു പറഞ്ഞത് ഹൃദയസ്പര്‍ശിയായിരുന്നുവെന്നും ചൗള അനുസ്മരിച്ചു. ഹൈന്ദവമതസ്തനായ ചൗള ഡല്‍‍ഹി സ്വദേശിയാണ്.
പുസ്തകങ്ങള്‍... 1992-ല്‍ മദര്‍ തെരേസാ, പാവങ്ങളുടെ അമ്മ, 14 ഭാഷകളില്‍‍ പരിഭാഷചെയ്യപ്പെട്ടു. 1996-ല്‍ വിശ്വാസവും കാരുണ്യവും, ഇംഗ്ളിഷ്, ഹിന്ദി കൂടാതെ സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍. 1987-ല്‍ കുഷ്ഠരോഗം ഇന്ത്യയില്‍, ഡല്‍ഹിയില്‍ മദര്‍ പ്രകാശനംചെയ്ത പുസ്തകം.
കുടാതെ, 1000-ല്‍ പരം ലേഖനങ്ങള്‍ മദറിനെക്കുറിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പത്രമാസികകള്‍ക്കായി രചിച്ചു.







All the contents on this site are copyrighted ©.