2010-08-24 16:16:37

ഏഷ്യന്‍ കത്തോലിക്കാ അല്‍മായ സമ്മേളനം
ആഗസ്റ്റ് 31-മുതല്‍ സെപ്തംമ്പര്‍ 5-വരെ


 ദക്ഷിണ കൊറിയായിലെ സിയോളില്‍ ആഗസ്റ്റ് 31-മുതല്‍ സെപ്തംമ്പര്‍ 5-വരെ തിയതികളിലാണ് അല്‍മായര്‍ക്കായുളള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റ‍െ ആഭിമുഖ്യത്തിലുള്ള അല്മായ സമ്മേളനം സിയോളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. അപ്പസ്തോലകാലം മുതലേ വിശ്വാസത്തിന്‍റെ വേരോട്ടമുള്ള ഏഷ്യാ മഹാഭൂഖണ്ഡത്തില്‍ കത്തോലിക്കര്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. ആകെ ജനസംഖ്യയുടെ 4 ശതമാനം മാത്രമാണ് കത്തോലിക്കര്‍. അസമത്വത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും മനുഷ്യാവകാശ ദ്വംസനത്തിന്‍റെയും നവമായ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്ന ‘ഇന്നത്തെ ഏഷ്യയില്‍ യേശുവിനെ പ്രഘോഷിക്കുക,’ എന്നതാണ് ഈ സമ്മേളനത്തിന്‍റെ മുഖ്യവിഷയം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച Ecclesia in Asia ഏഷ്യയിലെ സഭ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ചോദിക്കുന്നുണ്ട്, എന്തുകൊണ്ടാണ് ഏഷ്യല്‍ ജനിച്ച ലോകരക്ഷകനെ ആ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം ജനങ്ങളും ഇനിയും അറിയാതിരിക്കുന്നത് എന്ന്. ഇതിന്‍റെ കാരണത്തെക്കുറിച്ച് ആഴമായി ചിന്തിക്കുകയും യേശുവിനെ ഇനിയും കൂടുതല്‍ ‍ബോദ്ധ്യത്തോടെ പ്രഘോഷിക്കുവാനുള്ള അറിവു നല്കിക്കൊണ്ട്, നവീകൃതമായ ഒരു സമര്‍പ്പണത്തോടെ ജീവിക്കാന്‍ അല്‍മായരെ ഒരുക്കുക എന്നതാണ് ഈ സമ്മേളനത്തിന്‍റെ പ്രായോഗിക ലക്ഷൃം.

ക്രിസ്തുവിനോടു വിശ്വസ്തരായ കൂടുതല്‍ അല്മായരെ രൂപപ്പെടുത്തുക, ഇടവകകളേയും, അജപാലന ശുശ്രൂയേയും കുടുംമ്പങ്ങളെയും നവീകരിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമൂഹികപ്രതിബദ്ധക വളര്‍ത്തുക, യുവാക്കള്‍ക്കായുള്ള അജപാലന ശുശ്രൂഷയും, സ്ത്രീകളുടെ ശാക്തികരണവും യാഥാര്‍ത്ഥ്യമാക്കുക, എന്നിവയും 10 ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനത്തിന്‍റെ മറ്റു പ്രതിപാദ്യവിഷയങ്ങളാണ്. അല്‍മായര്‍ ക്രിസ്തുവിന്‍റെ പ്രവാചക ദൗത്യത്തിന്‍റെ പങ്കാളികളാണ്. അവരുടെ പ്രത്യേകമായ വിളി ലോകത്തില്‍ വ്യത്യസ്തങ്ങളായ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ അവരെ പ്രാപ്തരാക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുവാന്‍ അവര്‍ പ്രത്യേകം വിളിക്കപ്പെട്ടിരിക്കുന്നു. ക്രൈസ്തവ വിളിയാല്‍ത്തന്നെ അവര്‍ പ്രേഷിതരാണ്. മാമ്മോദീസാ, സ്ഥൈര്യലേപനം എന്നീ കൂദാശകള്‍വഴി പിന്നെയും ലഭിക്കുന്ന കൃപാസ്പര്‍ശം അവരുടെ ഈ പ്രേഷിതസ്വഭാവത്തെ കൂടുതല്‍ വെളിപ്പെടുത്തുകയും അതിന് ഓജസ്സു പകരുകയും ചെയ്യുന്നു. അല്‍മായരുടെ ജീവിതാവസ്ഥകൊണ്ടുതന്നെ അവരുടെ പ്രേഷിതപ്രവര്‍ത്തന മണ്ഡലം വിപുലവും സങ്കീര്‍ണ്ണവുമാണ്. രാഷ്ട്രീയം, സാമ്പത്തികത, വ്യവസായം, വിദ്യാഭ്യാസം, മാധ്യമങ്ങള്‍, സാങ്കേതികവിദ്യ, കലകള്‍, കായികം എന്നിവയുടെ വിസ്തൃതമായ ലോകത്ത് നന്മയുടെ പ്രായോജകരാകുവാന്‍ അല്‍മായര്‍ക്കു കഴിയും. പ്രത്യേകിച്ച് രാഷ്ട്രീയ-സാമൂഹ്യ ചുറ്റുപാടുകള്‍കൊണ്ട് പലേ രാജ്യങ്ങളിലും വൈദികര്‍ക്കും സ്ന്യസ്തര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സമൂഹങ്ങളിലേയ്ക്കും സാഹചര്യങ്ങളിലേയ്ക്കും ക്രിസ്തു- സാഹോദര്യത്തിന്‍റെ സാന്ത്വന പ്രകാശവുമായി അല്‍മായര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നു. എവിടെയും ക്രിസ്തു സാക്ഷികളായി ദൈവജനത്തിന്‍റെ ജീവിതത്തിലും ദൗത്യത്തിലും പങ്കുചേരാന്‍ അല്‍മായരെ കരുത്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ തിരുസഭയെക്കുറിച്ചുള്ള പ്രഥമവും പ്രധാനവുമായ Lumen Gentium എന്ന തിരുസ്സഭയെക്കുറിച്ചുള്ള പ്രമാണരേഖ ആരംഭിക്കുന്നത് ദൈവജനത്തെപ്പറ്റിയുള്ള അദ്ധ്യായത്തോടെയാണ്. സഭയുടെ നവമായ ദര്‍ശനത്തില്‍ ഇന്ന് അല്മായര്‍ക്കു നല്കേണ്ട സവിശേഷ പങ്ക് ഇവിടെ എടുത്തുകാണിക്കുന്നുണ്ട്. മാത്രമല്ല അല്‍മായ പ്രേഷിതത്വത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മറ്റൊരു പ്രമാണരേഖ Apostolicam Auctositatem, എന്ന ഡിക്രിയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിപുലമായി ചര്‍ച്ചചെയ്തതും സഭയില്‍ അല്‍മായര്‍ക്കു നല്കേണ്ട പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. സഭയുടെ അധികാരക്രിമത്തിലും ശുശ്രൂഷയിലും വൈവിധ്യങ്ങളുണ്ടെങ്കിലും ലക്ഷൃത്തില്‍ അല്‍മായര്‍ തുല്യരാണെന്ന സത്യം ഡിക്രീ വ്യക്തമാക്കുന്നു. ക്രിസ്തു-സത്യങ്ങളാല്‍ നവീകരിക്കപ്പെട്ടതും ശക്തമാക്കപ്പെട്ടതുമായ ഹൃദയങ്ങളുടെ ഉടമകളാകുവാന്‍ അല്‍മായരെ പരിശീലിപ്പിക്കണം എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഏറെ പ്രകടമായ ലക്ഷൃവും ദര്‍ശനവുമാണ്. കാരണം സമൂഹത്തിലെവിടെയും, ഓരോ മണ്ഡലങ്ങളിലും സുവിശേഷത്തിനു സാക്ഷൃംവഹിച്ചുകൊണ്ട് അനീതിയെയും പീഡനങ്ങളെയും പഴുതെറിയുന്നതില്‍ അതുല്യമായൊരു പങ്കുവഹിക്കാന്‍ അല്‍മായ വിശ്വാസികള്‍ക്കു കഴിയും. അവര്‍ വേണ്ടത്ര പരിഷീലിപ്പിക്കപ്പെടണം എന്നത് അധികാരപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് കൗണ്‍സില്‍ ഓര്‍പ്പിക്കുന്നുണ്ട്. സമകാലീന ലോകത്തിന്‍റെ വെല്ലുവിളികളെ നേരിടാന്‍ കരുത്തുള്ള സുവിശേഷപ്രഘോഷകരായി അല്മായരെ പരിശീലിപ്പിക്കണമെന്നാണ് സഭയുടെ ദര്‍ശനമെന്നും, അക്കാര്യം ഉറപ്പുവരുത്തേണ്ടത് അജപാലകരുടെ കടമയാണെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ,. Ecclesia in Asia എന്ന സഭയുടെ അപ്പസ്തോലിക പ്രബോധനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. ഏഷ്യയിലെ മെത്രാന്മാരുടെ സിനഡ് ഇതിനുവേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത് ആഗോളസഭ ഏറെ ഔത്സുക്യത്തോടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്തിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളിലൊന്ന് രൂപതാതലത്തിലും ദേശീയതലത്തിലും അല്‍മായരുടെ രൂപീകരണത്തിനായി പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നതാണ്. Cf. Proposition 29 Asia synod doc.
സഭ, ഭാഗഭാഗിത്വമുള്ള ഒരു സഭയായിരിക്കണം, എന്ന താല്പര്യം – അതിന്‍റെ അടിസ്ഥാന സ്വഭാവത്തില്‍ അടങ്ങിയിരിക്കുന്നതാണ്. സഭ- സഭയാകുന്നത് അല്മായരുടെ സജീവ സാന്നിദ്ധ്യവും പങ്കാളിത്തവും എല്ലാമേഖലകളിലും ഉണ്ടാകുമ്പോഴാണ്. ഇത് സ്ത്രീ-പുരുഷഭേദമെന്യേ നല്കേണ്ടതാണ്. പ്രത്യേകിച്ച് ഏഷ്ന്‍-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ അന്തസ്സ് സാമൂഹ്യതലത്തില്‍ ഇടിച്ചു കാണിക്കുന്ന ഒരു സംസ്കാരത്തില്‍, സഭയുടെ ജീവിതത്തിലും പ്രേഷിതദൗത്യത്തിലും സ്ത്രീകള്‍ക്ക് വ്യാപകവും സവിശേഷവുമായ ഭാഗഭാഗിത്വം അടിയന്തിരമായി നല്‍കേണ്ടതാണ്. വിശ്വാസം കൈമാറുന്നതില്‍ സ്ത്രീകളുടെ പ്രത്യേക കഴിവ് ഏഷ്യയിലെ മെത്രാന്മാരുടെ സിനഡ് രേഖപ്പെടുത്തിയിട്ടുള്ളതാണ്. സമേറിയായില്‍വച്ച് യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍വന്ന സ്ത്രീയെയാണ് ആപ്രദേശത്ത് വിശ്വാസം പ്രചരിപ്പിക്കാന്‍ ക്രിസ്തു തിരഞ്ഞെടുത്തത്. ഏഷ്യയിലെ സഭയില്‍ പ്രത്യേകിച്ച് ഭാരതത്തില്‍ അല്‍മായരായ സ്ത്രീകളുടെ പങ്കാളിത്തം ഇനിയും യഥാര്‍ത്ഥ്യമാകണമെങ്കില്‍ അടിസ്ഥാന തലത്തില്‍തന്നെ തുറവും ദൈവശാസ്ത്രപരമായ പഠനമണ്ഡലങ്ങളില്‍ പൊതുവേ അല്മായര്‍ക്ക് വിശിഷ്യാ, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കേണ്ടതാണ്. അടുത്ത കാലത്ത് ഇന്ത്യയിലെ പൂനെ പേപ്പല്‍ സെമിനാരിയില്‍ ഒരു ഫാക്കല്‍റ്റിയുടെ മേധാവിയായി ഒരു സന്യാസിനിയെ നിയോഗിച്ചത് വാര്‍ത്തയായിരുന്നു. സഭയിലുള്ള സ്ത്രീ പങ്കാളിത്തത്തിന് അത് വൈകിവന്ന ഉദാഹരണമായെങ്കിലും, സഭാദൗത്യത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം ഇനിയും വിദൂരത്താണ് ഭാരതത്തില്‍.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്‍റെ നസ്രായനായ യേശു എന്ന ദൈവശാസ്ത്ര ഗ്രന്ഥത്തിന്‍റെ ആദ്യ വാല്യത്തില്‍ പ്രദിപാതിക്കുന്നതുപോലെ, ക്രിസ്തുവും ക്രിസ്തുവില്‍ നമുക്ക് സംലബ്ധമായ ദൈവരാജ്യവും, ബൗദ്ധികപഠനത്തിനായുള്ള ഒരു ധാര്‍മ്മിക സിദ്ധാന്തമല്ല, അത് ഒരു ചരിത്രസംഭവമാണ്. ക്രിസ്തുവാണ് ഭൂമുഖത്തെ എല്ലാ സ്ത്രീ-പുരുഷന്മാരും അറിഞ്ഞിരിക്കേണ്ട, അംഗീകരിക്കേണ്ട അമൂല്യനിധിയും കേന്ദ്രബിന്ദുവും.
ക്രിസ്തു പിറന്ന ഏഷ്യന്‍ മണ്ണില്‍ ആ തിരുപ്പിറവിയുടെ 2000-ാമണ്ടുകള്‍ക്കു ശേഷവും ക്രിസ്തുവെളിച്ചം പരത്തുവാന്‍ ഏഷ്യയിലെ സഭ, ഭാരത സഭ ഇനിയും ഉണരേണ്ടിയിരിക്കുന്നു. നമ്മുടെ ലോകം ദൈവസ്നേഹത്താല്‍ ഇനിയും പ്രകാശിതമാവണം. അതിന് ക്രിസ്തുമാര്‍ഗ്ഗം ജനങ്ങള്‍ കുടുതല്‍ അറിയണം, അംഗീകരിക്കപ്പെടണം. ദൈവസ്നേഹം മനുഷ്യരില്‍ എത്തിക്കുന്ന ക്രിസ്തുവിന്‍റെ പ്രവാചക ദൗത്യത്തില്‍ അല്‍മായരെ പങ്കുകാരാക്കുവാന്‍ പോരുന്ന പ്രായോഗിക തീരുമാനങ്ങളിലേയ്ക്ക് എത്തിച്ചേരുവാന്‍ സിയോളിലെ ഈ പ്രത്യേക അല്‍മായ സമ്മേളനത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
 







All the contents on this site are copyrighted ©.