2010-08-19 13:52:22

മാള്‍ട്ടായുടെ മുന്‍പ്രസിഡന്‍റ് ഗ്വീദോ ദി മാര്‍ക്കോയുടെ മരണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.


17\08\2010

ക്രിസ്തുവിലുള്ള വിശ്വാസത്തിനു പൊതുജീവിതത്തിലൂടെ സാക്ഷൃം നല്‍കിയ ഗ്വീദോ ദി മാര്‍ക്കോയുടെ മാതൃക പൊതുപ്രവര്‍ത്തകര്‍ക്ക് പ്രചോദനമാകട്ട‍െയെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചിസ്യോ ബര്‍ത്തോണെ വഴി അയച്ച സന്ദേശത്തില്‍ മാര്‍പാപ്പ ആശംസിച്ചു. ഗ്വീദോ ദി മാര്‍ക്കോ (79) ഓഗസ്റ്റ് മാസം 12-ാം തിയതിയാണ് ചരമമടഞ്ഞത്. 16-ാം തിയതി തിങ്കളാഴ്ചയായിരുന്നു ശവസംസ്ക്കാരചടങ്ങ്. തിങ്കളാഴ്ച, പ്രാദേശീക സമയം 2.40ന് മാള്‍ട്ടായിലെ വാലെത്താ നഗരത്തിലെ വി. യോഹന്നാന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച അന്തിമോപചാര ദിവ്യബലിക്കുശേഷമാണ് മാര്‍പാപ്പയുടെ സന്ദേശം വായിക്കപ്പെട്ടത്.
ഗ്വീദോ ദി മാര്‍ക്കോയുടെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ വേദനയനുഭവിക്കുന്ന മറ്റെല്ലാവര്‍ക്കും മാര്‍പാപ്പ സന്ദേശത്തില്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ഗുയ്ദോ ദി മാര്‍ക്കോ മാള്‍ട്ടായിലെ പ്രസിഡന്‍റായിരിക്കെ അന്നാട്ടിലെ ജനങ്ങള്‍ക്കും ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയുടെ അദ്ധ്യക്ഷനായിരിക്കെ അന്താരാഷ്ട്ര സമൂഹത്തിനും നല്കിയിട്ടുള്ള സംഭാവനകള്‍ ആദരവോടെ അനുസ്മരിച്ച മാര്‍പാപ്പ, ക്രിസ്തുവിലുള്ള തന്‍റെ വിശ്വാസത്തിന് അദ്ദേഹം പൊതുജീവിതത്തിലൂടെ സാക്ഷൃംനല്‍കിയെന്നും സന്ദേശത്തില്‍ പരാമര്‍ശിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇക്കൊല്ലം ഏപ്രില്‍ മാസം മാള്‍ട്ട സന്ദര്‍ശിച്ചപ്പോള്‍ ഗ്വീദോ ദി മാര്‍ക്കോയെയും പത്നിയെയും ഒരു സ്വകാര്യ കൂടികാഴ്ച്ചയില്‍ സ്വീകരിച്ചിരുന്നു.
 







All the contents on this site are copyrighted ©.