2010-08-18 17:50:05

വത്തിക്കാന്‍ വെബ് സൈറ്റ്
www.vatican.va


 നവീകരിച്ച വത്തിക്കാന്‍റെ വെബ് സൈറ്റില്‍ അറബി, റഷ്യന്‍ ഭാഷകള്‍കൂടെ ചേര്‍ക്കുന്നു.സമ്പൂര്‍ണ്ണ നവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വത്തിക്കാന്‍ സൈറ്റിന്‍റെ ഉത്തവാദിത്തംവഹിക്കുന്ന, ആര്‍ച്ചുബിഷപ്പ് ലൂസിയോ ഏഡ്രിയന്‍ ആഗസ്റ്റ് 16-ാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍റെ ദിനപത്രം, ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വസ്തുത. ആനുകാലിക ഇന്‍റെര്‍ നെറ്റ് ഉപഭോക്താക്കള്‍ക്ക് ആവുന്നത്ര വിവരങ്ങള്‍ വിവിധങ്ങളായ ഭാഷകളില്‍ എത്തിച്ചുകൊടുക്കുകയാണ് വത്തിക്കാന്‍ സൈറ്റിന്‍റെ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് ലൂസിയോ പ്രസ്താവിച്ചു. നിലവിലുള്ള ഇംഗ്ലീഷ്, ഫ്രഞ്ച്, ജെര്‍മ്മന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ചൈനീസ്, പോര്‍ച്ചുഗീസ് എന്നിവയ്ക്കു പുറമേയാണ് റഷ്യന്‍, അറബി ഭാഷകള്‍കൂടി ചേര്‍ക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 1995-ല്‍ പുണ്യശ്ലോകനായ ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പയുടെ ക്രിസ്തുമസ്സ് സന്ദേശവുമായി ആരംഭിച്ച വത്തിക്കാന്‍ സൈറ്റിന്‍റെ, www.vatican.va -യുടെ നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെങ്കിലും, ശ്രമകരമായ ജോലികള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്ന് ആര്‍ച്ചുബിഷപ്പ് ലൂസിയോ വെളിപ്പെടുത്തി. സഭാചരിത്രം, പഠനങ്ങള്‍, പ്രമാണരേഖകള്‍, സിദ്ധീകരണങ്ങള്‍, മാര്‍പാപ്പമാരുടെ പ്രസംഗങ്ങല്‍, ചരിത്രത്തിലെ 265 പത്രോസിന്‍റെ പിന്‍ഗാമിമാരുടെയും ജീവചരിത്രങ്ങള്‍, എന്നിവ സൈറ്റിന്‍റെ സവിശേഷതകളാണ്. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ ഒരു പ്രത്യേക വിഭാഗംതന്നെയുള്ള വത്തിക്കാന്‍ സൈറ്റ്, അദ്ദേഹത്തിന്‍റെ സമകാലീന പ്രസ്താവനകള്‍, പ്രബോധന രേഖകള്‍, ഇടയസന്ദര്‍ശനങ്ങള്‍, പ്രേഷിതയാത്രകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.







All the contents on this site are copyrighted ©.