2010-08-11 17:21:21

കൂട്ടായ്മ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക്
പ്രചോദനമാവട്ടെ - മാര്‍പാപ്പ


11 ആഗസ്റ്റ് 2010
വചനത്തില്‍നിന്നു ലഭിക്കുന്ന സാഹോദര്യത്തിന്‍റെ കൂട്ടായ്മ, ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവട്ടെയെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അര്‍ജന്‍റീനായിലെ ജനങ്ങളോട് ആഹ്വാനംചെയ്തു.
അര്‍ജെന്‍റീനായിലെ ദേശീയമെത്രാന്‍ സമിതി സംഘടിപ്പിക്കുന്ന More for less, ഉള്ളവര്‍ ഇല്ലാത്തവര്‍ക്കായ്, എന്ന ദേശീയ ധനശേഖര പദ്ധതിയെ അഭനന്ദിച്ചുകൊണ്ട്, ആഗസ്റ്റ് 11-ാം തിയതി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി അവിടത്തെ അപ്പസ്തോലിക് നൂണ്‍‍ഷ്യോ, ആര്‍ച്ചുബിഷപ്പ് ഏഡ്രിയാനോ ബെര്‍ണ്ണാര്‍ദീനിക്കയച്ച കത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനംചെയ്തത്. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന അര്‍ജന്‍റീനായിലെ ബഹുഭൂരിപക്ഷംവരുന്ന പാവങ്ങളായ ജനങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങളെ സഹായിക്കുവാനുള്ള അവിടത്തെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടെ 39-മാം വര്‍ഷത്തെ പദ്ധതിയാണ്, സെപ്തംബര്‍ 14-ാം തിയതി ഞായറാഴ്ച എല്ലാ ഇടവകകളിലും എടുക്കുന്ന, ഉള്ളവര്‍ ഇല്ലാത്തവര്‍ക്കായ്, എന്ന പിരിവ്. ധനശേഖരത്തില്‍ സഹകരിക്കുന്ന അഭ്യുദയകാംഷികളെയും സഹകാരികളെയും തന്‍റെ സന്ദേശത്തില്‍ അഭിസംബോധനചെയ്ത മാര്‍‍പാപ്പ, എല്ലാ വിശ്വാസികളോടും ഈ സംരംഭത്തില്‍ അകമഴിഞ്ഞ് സഹകരിക്കണമെന്നും, വേണ്ട മുന്‍കൈയെടുത്ത് ദാരിദ്ര്യ നിര്‍മ്മാര്‍‍ജ്ജനത്തിനുള്ള പ്രസ്താനത്തെ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കഠിനാദ്ധ്വാനം, സത്യസന്ധത, പങ്കാളിത്തം, നീതിയുടെയും മനുഷ്യാവകാശത്തിന്‍റെയും സംരക്ഷണം എന്നീ മൂല്യങ്ങള്‍ സമൂഹജീവിതത്തില്‍ പ്രായോഗിമാക്കുവാനുള്ള ഉറച്ച തീരുമാനമെടുത്തുകൊണ്ട് നാടിന്‍റെ ശാശ്വതമായ അഭിവൃദ്ധിക്കായി പരിശ്രമിക്കേണ്ടതാണെന്നും മാര്‍പാപ്പ കത്തിലൂടെ ജനങ്ങളെ ഉദിബോധിപ്പിച്ചു.







All the contents on this site are copyrighted ©.