2010-08-07 18:28:44

ഓസ്ട്രേലിയായിലെ സീറോ മലബാര്‍
സഭാംഗങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍


6 ആഗസ്റ്റ് 2010
ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരി ഓസ്ട്രേലിയായിലെ സീറോ-മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററായി നിയമിക്കപ്പെട്ടു. ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിലായി ജീവിക്കുന്ന 11,000-ത്തോളം വരുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ കോര്‍ഡിനേറ്ററായിട്ടാണ് ഫാദര്‍ ഫ്രാന്‍സിസ് കോലഞ്ചേരിയെ ഓസ്ട്രേലിയായിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി ആഗസ്റ്റ് 5-ാം തിയതി വ്യാഴാഴ്ച നിയമിച്ചു. കേരളത്തിലെ സീറോമലബാര്‍ സഭയുടെ ആസ്ഥാനത്തുനിന്നുമുള്ള അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ഈ നിയമനം നടന്നത്. സീറോ-മലബാര്‍ സഭയില്‍പ്പെട്ട വിശ്വാസ സമൂഹത്തെ സഭാ-പാരമ്പര്യത്തിലും തനിമയിലും വളര്‍ത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഓസ്ട്രേലിയായിലെ വിവിധ കേന്ദ്രങ്ങളില്‍ ചെയ്യുകയാണ് ഈ നിയമനത്തിന്‍റെ മുഖ്യലക്ഷൃം. ഓസ്ട്രേലിയായില്‍ വിവിധ കാലഘട്ടങ്ങളിലായി കുടിയേറിപ്പാര്‍ത്ത സീറോ-മലബാര്‍ സഭാംഗങ്ങളെ അവരുടേതായ സാംസ്കാരിക പൈതൃകത്തില്‍ വളരാന്‍ സഹായിക്കുന്നതോടൊപ്പം, തദ്ദേശത്തിന്‍റെ സംസ്കാരത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും ഇഴുകിച്ചേരാന്‍ അവരെ സഹായിക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കുമെന്ന്, ഫാദര്‍ കോലഞ്ചേരി വാര്‍ത്താ ഏജെന്‍സികളോട് പറഞ്ഞു.
ഇപ്പോള്‍ ഓസ്ട്രേലിയായിലെ കാണ്‍ബെറായില്‍ വിശുദ്ധ ക്രിസ്റ്റഫറിന്‍റെ നാമത്തിലുള്ള ദേവാലയത്തില്‍ ജോലിചെയ്യുന്ന ഫാദര്‍ കോലഞ്ചേരി, കേരളത്തില്‍ എറണാകുളും-അങ്കമാലി അതിരൂപതാംഗമാണ്.







All the contents on this site are copyrighted ©.