2010-08-04 10:30:18

മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാസന്ദേശം


ലത്തീന്‍ റീത്തിലെ ആരാധനക്രമപ്രകാരം ഞായറാഴ്ച ദിവ്യബലിമദ്ധ്യേ വായിച്ച സുവിശേഷ ഭാഗത്തെക്കുറിച്ചുള്ള സുവിശേഷ പരിചിന്തനമാണ് ത്രികാല പ്രാര്‍ത്ഥനയ്ക്കു മുന്‍പ് മാര്‍പാപ്പ നല്‍കിയത്. ലൂക്കായുടെ സുവിശേഷം 12-ാം അദ്ധ്യായം 13 മുതല്‍ 21 വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷ ഭാഗം.

മാര്‍പാപ്പ സുവിശേഷ പരിചിന്തനം ഇങ്ങനെ ആരംഭിച്ചു.
“ജനക്കൂട്ടത്തിലൊരാള്‍ ഉന്നയിച്ച ചോദ്യത്തില്‍നിന്നാരംഭിച്ചുകൊണ്ട് യഥാര്‍ത്ഥ വിജ്ഞാനത്തെക്കുറിച്ച് യേശു നമ്മെ പഠിപ്പിക്കുന്നു.
ഗുരോ, പിതൃസ്വത്ത് എന്നോടു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു കല്പിക്കണമേ. ആ വ്യക്തിക്ക് ഉത്തരം നല്കുന്ന യേശു ഭോഷനായ ധനികന്‍റെ ഉപമയിലൂടെ ഈ ലോക സമ്പത്തുകള്‍ക്കുവേണ്ടിയുള്ള മോഹത്തോട് ജാഗ്രത പുലര്‍ത്താന്‍ ആഹ്വാനംചെയ്യുന്നു. ഉപമയിലെ ധനികന്‍ തനിക്കായി സമൃദ്ധമായ വിളവെടുത്തശേഷം അദ്ധ്വാനം അവസാനിപ്പിച്ചുകൊണ്ട് തന്‍റെ സമ്പത്ത് ആസ്വദിച്ച് ആനന്ദിക്കുകയാണ്. മരണത്തില്‍നിന്നുപോലും താനകന്നിരിക്കുന്നുവെന്ന മിഥ്യാധാരണയിലാണയാള്‍. പക്ഷെ ദൈവം അയാളോട് ചോദിക്കുന്നു. ഭോഷാ, ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടുകയാണെങ്കില്‍, നീ ഒരുക്കിവച്ചിരിക്കുന്നതെല്ലാം ആരുടേതാകും. ദൃശ്യവസ്തുക്കളുടെ കാര്യത്തില്‍ ഒന്നും ശാശ്വതമല്ലെന്നും യൗവ്വനം ശാരീരികാരോഗ്യംപോലെയും സൗകര്യങ്ങള്‍ അധികാരസ്ഥാനങ്ങള്‍ പോലെയും, അങ്ങനെ എല്ലാം കടന്നുപോകുമെന്ന് തിരിച്ചറിയാന്‍ കൂട്ടാക്കാത്തവനാണ് ബൈബിളിലെ ഭോഷന്‍. ക്ഷണികമായ യഥാര്‍ത്ഥ്യങ്ങളില്‍ സ്വജീവിതം വിശ്വസിച്ചേല്‍പ്പിച്ചത് ഭോഷത്തരം തന്നെയാണ്. എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന മനുഷ്യന്‍ ജീവിതത്തിന്‍റെ പ്രതികൂല സാഹചര്യങ്ങളെയോ മരണത്തിന്‍റെ അനിവാര്യമായ യഥാര്‍ത്ഥ്യത്തെയോ ഭയപ്പെടുകയില്ല. വിശുദ്ധരെപ്പോലെ, വിജ്ഞാനമുള്ള ഒരു ഹൃദയം അവന്‍ സ്വന്തമാക്കിയിരിക്കുന്നു”, എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ വിചിന്തനം അവസാനിപ്പിച്ചത്.

ത്രികാലപ്രാര്‍ത്ഥന ആരംഭിക്കുന്നതിനു മുന്‍പ് ഈ ആഴ്ചയിലെ പ്രധാനസംഭവങ്ങള്‍ മാര്‍പാപ്പ പരാമര്‍ശിച്ചു.
1216-ല്‍ മൂന്നാം ഓണോരിയോ മാര്‍പാപ്പയില്‍നിന്ന് വിശുദ്ധ ഫ്രാന്‍സിസ് സ്വീകരിച്ച അസ്സീസിയിലെ ക്ഷമദാനം എന്നറിയപ്പെടുന്ന, പട്ടണത്തിന്‍റെ താഴ്വാരത്തുള്ള ദേവാലയമായ (The Church of Our Layd of Angels) പോര്‍സ്യൂംങ്കൂളായ്ക്കു നല്കപ്പെട്ടിരിക്കുന്ന പൂര്‍ണ്ണദണ്ഡവിമോചന ദാനം, ആഗസ്റ്റ്മാസത്തിലെ 2-ാം തിയതി സ്വീകരിക്കാന്‍ സാധിക്കുമെന്ന് മാര്‍പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ആഗസ്റ്റ് മാസം 5-ാം തിയതി മേരി മേജര്‍ ബസിലിക്കായുടെ സമര്‍പ്പണദിനം അനുസ്മരിച്ചുകൊണ്ട് 431-ാമാണ്ടില്‍ എഫേസൂസിലെ സൂനഹദോസ് പ്രഖ്യപിച്ച ഈ സവിശേഷ ശീര്‍ഷക നാമത്തോടെ (Mary Major) ദൈവമാതാവിനെ ആദരിക്കുമെന്നും മാര്‍പാപ്പ അറിയിച്ചു.

ആഗസ്റ്റ് 6-ാം തിയതി വെള്ളിയാഴ്ച പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മരണവാര്‍ഷികമാണെന്ന് അനുസ്മരിച്ച മാര്‍പാപ്പ അതേ ദിവസം കൊണ്ടാടപ്പെടുന്ന കര്‍ത്താവിന്‍റെ രൂപാന്തരീകരണ തിരുനാള്‍, അഞ്ചാം നൂറ്റാണ്ടില്‍ പൂര്‍വ്വദേശത്ത് പ്രത്യക്ഷമായതിനുശേഷം ആയിരം വര്‍ഷങ്ങള്‍ക്കുശേഷം കലിസ്റ്റസ് മൂന്നാം മാര്‍പാപ്പ സഭമുഴുവനിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നവെന്നും പറഞ്ഞു.

തുടര്‍ന്ന് മാര്‍പാപ്പ വിശ്വാസികളോടൊത്ത് ത്രികാലപ്രാര്‍ത്ഥനചൊല്ലി. പ്രാര്‍ത്ഥനയ്ക്കൊടുവില്‍ മാര്‍പാപ്പ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലികാശിര്‍വ്വാദം നല്കി.

മാര്‍പാപ്പയുടെ അപ്പസ്തോലികാശിര്‍വ്വാദം RealAudioMP3








All the contents on this site are copyrighted ©.