2010-08-04 20:24:59

മാര്‍പാപ്പ യൂറോപ്പിലെ
അള്‍ത്താര ശുശ്രൂഷകര്‍ക്കൊപ്പം
Wednesday General Audience


04 ആഗസ്റ്റ് 2010
ക്യാസില്‍ ഗണ്ടോള്‍ഫോ അരമനയില്‍ വേനല്‍ക്കാലം ചിലവഴിക്കുന്ന മാര്‍പാപ്പ ബുദ്ധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനായി രാവിലെ ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം വത്തിക്കാനിലെത്തി. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ് മാര്‍പാപ്പ ഈ ബുദ്ധനാഴ്ച (4 ആഗസ്റ്റ് 2010) വത്തിക്കാനില്‍ പ്രഭാഷണത്തിനെത്തിയത്. വിശുദ്ധ പത്രോസിന്‍റെ ചത്വരമായിരുന്നു കുടിക്കാഴ്ചാവേദി. പൊതുജനങ്ങള്‍ക്കൊപ്പം യൂറോപ്പിലെ 17 രാജ്യങ്ങളില്‍നിന്നെത്തിയ അള്‍ത്താര ബലന്മാരുടെയും ബാലികാമാരുടെയും സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. അള്‍ത്താരശുശ്രൂഷകരും പൊതുസന്ദര്‍ശകരും ചേര്‍ന്ന് 50,000-ല്‍പ്പരം പേര്‍ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ പങ്കെടുത്തു. വേനല്‍ച്ചൂടു വകവയ്ക്കാതെ പതിവില്‍ക്കവിഞ്ഞ ആവേശത്തോടെ അവര്‍ മാര്‍പാപ്പയെ കാത്തിരുന്നു. കൃത്യസമയത്ത് പേപ്പല്‍ വാഹനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ചത്വരത്തിലേയ്ക്ക് കടന്നുവന്നപ്പോള്‍ ജനങ്ങളുടെയും യുവാക്കളുടെയും അവേശത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു. വേദിയിലെത്തിയ മാര്‍പാപ്പയെ അള്‍ത്താരശുശ്രൂഷകരുടെ സംഘടനയായ Coetus Internationalis Ministrantium –ന്‍റെ പ്രസിഡന്‍റ് ബിഷപ്പ് മാര്‍ട്ടിന്‍ ഗെച്ചര്‍ സ്വാഗതംചെയ്തു. തുടര്‍ന്ന് മാര്‍പാപ്പ അള്‍ത്താര ശുശ്രുഷകരെയാണ് അഭിസംബോധന ചെയ്തത്. ഭക്തിയോടും വിശ്വാസത്തോടുംകൂടെ അള്‍ത്താരയില്‍ ശുശ്രൂഷചെയ്യുന്നവര്‍ വൈദികരെ സഹായിക്കുകമാത്രമല്ല, ബലിയര്‍പ്പണത്തിലുള്ള സജീവപങ്കാളിത്തംവഴി യേശുവിനെ സദാ ഏവര്‍ക്കും സമീപസ്ഥനും സന്നിഹിതനുമാക്കാന്‍ സഹായിക്കുകയുമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ദിവ്യകാരുണ്യ നാഥനോട് അടുത്തായിരിക്കുന്ന അള്‍ത്താര ശുശ്രൂഷകര്‍ക്ക് യേശുവിന്‍റെ സുഹൃത്തുക്കളായി വളരുവാന്‍ സാധിക്കുമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. ഈ സുഹൃദ്ബന്ധം സ്വന്തമായി സൂക്ഷിക്കണമെന്നും വളര്‍ത്തിയെടുക്കണമെന്നും മാര്‍പാപ്പ യുവാക്കളെ ഉദ്ബോധിപ്പിച്ചു. അള്‍ത്താര ശുശ്രൂഷകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ താര്‍സ്സിയൂസിന്‍റെ ജീവിതമാതൃക മാര്‍പാപ്പ അവര്‍ക്കായി വിവരിക്കുകയും ചെയ്തു.
പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ കെടുതിയില്‍പ്പെട്ടവരെയും റഷ്യന്‍ ഫെഡറേഷനിലെ കാട്ടുതീയുടെ കെടുതിയനുഭവിക്കുന്നവരേയും മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. സമാപനമായി പാപ്പ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കി.







All the contents on this site are copyrighted ©.