2010-07-29 20:03:24

ലീയോ 13-ാമന്‍ പാപ്പയുടെ
ജന്മനാട്ടിലേയ്ക്ക് ബനഡിക്ട് 16-ാമന്‍


29 ജൂലൈ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ലീയോ 13-ാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നു. ക്രിസ്തീയ സമൂഹ്യചിന്തകള്‍ ആദ്യമായി Rerum Novarum എന്ന ചാക്രിക ലേഖനത്തില്‍ ക്രോഡീകരിച്ച ലീയോ 13-ാന്‍ മാര്‍പാപ്പയുടെ
2-ാം ജന്മശദാബ്ദിയോടനുബന്ധിച്ച് ജന്മസ്ഥലമായ കര്‍പ്പിനേത്തോ റൊമാനോ, സെപ്തംബര്‍ 5-ാം തിയതി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റോമാനോ വെളിപ്പെടുത്തി. മാര്‍പാപ്പ തന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രാവിലെ 8.45-ന് കാര്‍പ്പിനേത്തോ റൊമാനോയിലെത്തും. സ്ഥലത്തെ മെത്രാന്‍ ബിഷപ്പ് ലൊറെന്‍സോ ലോപ്പായും മേയറും മറ്റു സഭയുടെയും സമൂഹത്തിന്‍റെയും പ്രമുഖരുംചേര്‍ന്ന് പാപ്പായെ സ്വീകരിക്കും. ലീയോ 13-ാമന്‍ പാപ്പയെ അനുസ്മരിച്ചുകൊണ്ട് സ്ഥലത്തെ മൊന്തെ ലപ്പീനി പൊതുചത്വരത്തില്‍‍ പ്രത്യേകമായി ഒരുക്കിയ വേദിയില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും.
5000-ത്തിനു താഴെമാത്രം നിവാസികളുള്ള കര്‍പ്പിനേത്തോ റൊമാനോ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖരുമായി ദിവ്യബലിക്കുശേഷം കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ മദ്ധ്യാഹ്നത്തോടെ തന്‍റെ വേനല്‍ക്കാല വസതിയിലേയ്ക്ക് മടങ്ങും.
കത്തോലിക്കാ സഭയുടെ പ്രഥമ സമൂഹ്യപ്രബോധനമായ Rerum Novarum എന്ന ചാക്രികലേഖനത്തിന്‍റെ ഉപജ്ഞാതാവാണ് ലീയോ പതിമൂന്നാമന്‍ മാര്‍പാപ്പ. റോമിന്‍റെ തെക്കന്‍ പ്രാന്തപ്രദേശമായ കര്‍പ്പിനേത്തോ റൊമാനോയിലെ ഒരു പ്രഭുകുടുംമ്പത്തില്‍ ജനിച്ച വിന്‍ച്ചെന്‍സ്സോ പെക്കിയാണ് 1878-ല്‍ ലീയോ പതിമൂന്നാമനായി സഭയെ നയിച്ചത്. 25-വര്‍ഷക്കാലം സഭയെ നയിച്ച അദ്ദേഹം ജീവിത വിശുദ്ധികൊണ്ടും സമൂഹ്യ പ്രതിബന്ധതകൊണ്ടും ശ്രദ്ധേയനായിരുന്നു. Rerum Novarum എന്ന ചാക്രികലേഖനം കൊണ്ടുമാത്രമല്ല, സഭയെ ശാസ്ത്രലോകത്തിനായി തുറന്നുകൊണ്ടും രാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രതിസന്ധികളില്‍ അനുരജ്ഞനത്തിനായി പരിശ്രമിച്ചുകൊണ്ടും അദ്ദേഹം ശ്രദ്ധേയനായി. സഭയിലെ ദൈവശാസ്ത്ര-വിശുദ്ധഗ്രന്ഥ പഠനങ്ങള്‍ക്ക് സ്ഥായിയായ അടിത്തറപാകി. വത്തിക്കാന്‍ ലൈബ്രറി ആദ്യമായി അകത്തോലിക്കരായ ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കുമായി തുറന്നുകൊടുത്തു എന്നതും ലിയോ 13-ാമന്‍റെ സവിശേഷതയാണ്. യേശുവിന്‍റെ തിരുഹൃദയത്തോടും വിശുദ്ധ യൗസേപ്പിതാവിനോടുമുള്ള ഭക്തിയും അനുദിനജപമാല സമര്‍പ്പണവും അദ്ദേഹത്തിന്‍റെതന്നെ ഊര്‍ജ്ജസ്വലമായ ഭക്തിയില്‍നിന്നും വളര്‍ന്നുവന്ന സഭയിലെ വിശ്വാസനിഷ്ടകളാണ്. അക്കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ലൗകികവാദത്തെ നിഷേധിച്ച ലിയോ പാപ്പാ, പ്രവചനാത്മകമായ ധാര്‍ഷ്ട്യത്തോടെ സഭയുടെ മനസ്സാക്ഷിയെ ലോകത്തിനായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.







All the contents on this site are copyrighted ©.