2010-07-28 19:43:36

അല്‍ഫോന്‍സാമ്മയുടെ
തിരുനാളും ജന്മശതാബ്ദിയും


28 ജൂലൈ 2010

ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശദാബ്ദിയാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്നു.

ആഗോളസഭ ജൂലൈ 28-ാം തിയതി സഹനത്തിലൂടെ വിശുദ്ധിയുടെ പടവുകള്‍ കയറിയ ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അനുസ്മരിച്ചു. 1910 ആഗസ്റ്റ് 19-ാം തിയതി കോട്ടയത്തെ കുടമാളൂരില്‍ ജനിച്ച അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിവര്‍ഷത്തിലെ തിരുനാളായിരുന്നു ഇതെന്ന് ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയുടെ സുപ്പീരിയര്‍ ജനറല്‍, സിസ്റ്റര്‍ സിംക്ലെയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിശുദ്ധ അല്‍ഫോന്‍സാ അംഗമായിട്ടുള്ള എഫ്.സി.സി., ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭയുടെ ആസ്ഥാനമായ ആലുവായിലെ പോര്‍സീങ്കുളായില്‍, സമൂഹബലിയര്‍പ്പണത്തോടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ സഹായനിധിയുടെ ഉത്ഘോടനത്തോടെയും ആഗസ്റ്റ് 9-ന് വളരെ ലളിതമായി വിശുദ്ധയുടെ ജന്മശതാബ്ദി ആഘോഷിക്കുമെന്ന് സിസ്റ്റര്‍ സിംക്ലെയര്‍ പറഞ്ഞു.

എന്നാല്‍ ആഗസ്റ്റ് 12-ാം തിയതി വിശുദ്ധയുടെ തീര്‍ത്ഥാടനകേന്ദ്രമായ ഭരണങ്ങാനത്ത് നടത്തപ്പെടുന്ന ജന്മശതാബ്ദിയുടെ സമാപനച്ചടങ്ങില്‍ ഭാരതത്തിന്‍റെ പ്രസിഡന്‍റ് പ്രതിഭാ പട്ടീല്‍ പങ്കെടുക്കുമെന്നും സിസ്റ്റര്‍ സിംക്ലെയര്‍ വെളിപ്പെടുത്തി.

2009 ആഗസ്റ്റ് 24-ന് ഭരണങ്ങാനത്ത് ആരംഭിച്ച്, ഒരു വര്‍ഷം നീണ്ടുനിന്ന ജന്മശദാബ്ദി ആഘോഷങ്ങള്‍ ഈ തിരുനാളോടെ സമാപിക്കുമെങ്കിലും,

ഭാരത സര്‍ക്കാര്‍ പുറത്തിറക്കിയ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള അഞ്ചുരൂപാ നാണയം, വിശുദ്ധയുടെ അനശ്വരമായ സഹനത്തിനും കാരുണ്യത്തിനും സ്നേഹജീവിതത്തിനുമുള്ള ഒരു ദേശീയാംഗീകാരമായിരുന്നുവെന്ന് സിസ്റ്റര്‍ സിംക്ലെയര്‍ പ്രസ്താവിച്ചു.

കേരളസഭയുടെ ആരാമത്തില്‍ വിരിഞ്ഞ ഈ ഫ്രാന്‍സിസ്കന്‍ പുണ്യപുഷ്പ്പം വിശുദ്ധരായ ഫ്രാന്‍സിസ് അസ്സീസിയോടും ക്ലാരയോടുമൊപ്പം ഇന്ന് ഭാരതത്തില്‍ മാത്രമല്ല ലോകമെമ്പാടും സാഹോദര്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും പ്രതീകമായി തെളിഞ്ഞു നില്ക്കുന്നുവെന്ന് സിസ്റ്റര്‍ സിംക്ലെയര്‍ പറഞ്ഞു.

 








All the contents on this site are copyrighted ©.