2010-07-07 10:25:55

ആഗോള പൗരോഹിത്യവത്സര സമാപനദിനത്തില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം


ആമുഖം
2009 ജൂണ്‍ 11-ാം തിയതി ഈശോയുടെ തിരുഹൃദയ തിരുനാളില്‍ ആരംഭിച്ച പൗരോഹിത്യ വത്സരം, 2010 ജൂണ്‍ 11-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ വീണ്ടും ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളാഘോഷത്തോടെയാണ് സമാപിച്ചത്. ലോകത്തിന്‍റെ നാനാ ഭാഗത്തുനിന്നുമായി എത്തിയ 16,000-ല്‍പ്പരം വൈദികര്‍ പത്രോസിന്‍റെ പിന്‍ഗാമിയും ആഗോളസഭയുടെ പരമാദ്ധ്യക്ഷനുമായ മാര്‍പാപ്പയോടൊപ്പം വിവിധ പരിപാടികളില്‍ സംബന്ധിച്ചുകൊണ്ട് മൂന്നു ദിവസങ്ങള്‍ റോമില്‍ ചിലവഴിച്ചു. സമാപനദിനമായ ജൂണ്‍ 11-ന് നടത്തപ്പെട്ട സമൂഹദിവ്യബലിയര്‍പ്പണത്തില്‍ നല്ലിയിടയനായ ക്രിസ്തുനാഥന്‍റെ അജപാലന ദൗത്യം ലോകത്ത് വിശ്വസ്തതയോടെ തുടരുവാനുള്ള പൗരോഹിത്യ ധര്‍മ്മം നവീകരിച്ചുകൊണ്ടാണ് പൗരോഹിത്യ വത്സരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചത്. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായുടെ മട്ടുപ്പാവില്‍ പശ്ചാത്തലമായി ഉയര്‍ന്നുനിന്ന വിശുദ്ധ മരിയ ജോണ്‍ വിയാനിയുടെ ബൃഹത്തായ എണ്ണച്ഛായാചിത്രം ആഗോളസഭയില്‍ വൈദികര്‍ക്ക് തങ്ങളുടെ അജപാലന ശുശ്രൂഷയില്‍ പാലിക്കേണ്ട സമര്‍പ്പണത്തിന്‍റെയും വിശുദ്ധിയുടെയും വിശ്വാസത്തിന്‍റെയും ജീവിതശൈലിയ്ക്ക് മാതൃകയായി തെളിഞ്ഞുനിന്നു.

പൗരോഹിത്യവത്സരം
പൗരോഹിത്യവത്സരം പ്രഖ്യാപിക്കുവാന്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയ്ക്ക് പ്രചോദനംനല്കിയ ചരിത്രസംഭവം ഫ്രാന്‍സില്‍ ആര്‍സിലെ വികാരിയായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ചരമത്തിന്‍റെ 150-ാം വാര്‍ഷികം ആയിരുന്നു. വൈദികരുടെ കൗദാശിക ജീവിതത്തിന്‍റെയും ജനമദ്ധ്യേയുള്ള വിശുദ്ധിയുടെയും അജപാലന സമര്‍പ്പണത്തിന്‍റെയും മാതൃകയായ വിശുദ്ധ ജോണ്‍ മരിയ വിയാനിയെ ആഗോളസഭ ഇതുവഴി ഒരിക്കല്‍ക്കൂടി എല്ലാവൈദികരുടെയും മദ്ധ്യസ്ഥനായി പുനഃര്‍പ്രതിഷ്ഠയായിരുന്നു. കത്തോലിക്കാ സഭയിലെ പൗരോഹിത്യ ശുശ്രൂഷയുടെ മഹത്വവും മനോഹാരിതയും ഒരു നവമാര്‍ന്ന ചൈതന്യത്തോടെ ജീവിക്കുവാനും പരിപോഷിപ്പിക്കുവാനും വിശുദ്ധ വിയാനി വൈദികര്‍ക്കു തുണയും മാതൃകയുമാവട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പൗരോഹിത്യ വത്സരസമാപന സന്ദേശം ആരംഭിച്ചത്.

പൗരോഹിത്യം ശുശ്രൂഷയുടെ സമര്‍പ്പണം
സമൂഹത്തില്‍ ചിലകാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള ഒരു ഉദ്യോഗമല്ല പൗരോഹിത്യം. മനുഷ്യരെ ദൈവവുമായി ഐക്യപ്പെടുത്തുവാനും അടുപ്പിക്കുവാനും, ഈ ലോകത്തെ ദൈവത്തിനായി തുറന്നു കൊടുക്കുവാനുമുള്ള ഒരു ശുശ്രൂഷയുടെ സമര്‍പ്പണമാണത്. ക്രിസ്തുവിന്‍റെ നാമത്തില്‍ ഒരു വൈദികന്‍ ഉരുവിടുന്ന വചനംവഴി, മനുഷ്യരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നു. ക്രിസ്തു പഠിപ്പിച്ച സ്തോത്രയാഗപ്രാര്‍ത്ഥന ഉരുവിടുന്ന ഒരു വൈദികന്‍ ഭൗമികപദാര്‍ത്ഥങ്ങളും മാനവികതയുടെ പ്രതീകങ്ങളുമായ അപ്പവും വീഞ്ഞും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളാക്കി രൂപാന്തരപ്പെടുത്തുകയും അങ്ങനെ ഈ ലോകത്തെ ദൈവത്തിനായി തുറക്കുകയും മനുഷ്യരെ ദൈവത്തോട് രമ്യപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നു. ആകയാല്‍ പൗരോഹിത്യം ഒരു ഉദ്ദ്യോഗമല്ല, മറിച്ച് ഒരു കൂദാശയാണ്. ലോകത്തുള്ള എല്ലാ സ്ത്രീ-പുരുഷന്മാരുടെയും നാമത്തില്‍ ദൈവസന്നിധിയില്‍ ഈ കൂദാശപരികര്‍മ്മംചെയ്യുന്നതിന് എളിയവരായ മനുഷ്യരെയാണ് ദൈവം തിരഞ്ഞെടുത്തത്. തന്നെത്തന്നെ മനുഷ്യരുടെമദ്ധ്യേ സന്നിഹിതനാക്കാന്‍ ദൈവം മനുഷ്യരെത്തന്നെയാണ് തിരഞ്ഞെടുത്തു നിയോഗിച്ചത്. ദൈവത്തിന്‍റെ വലിയ ദാക്ഷിണ്യമാണത്. മനുഷ്യന്‍റെ ബലഹീനതകള്‍ അറിഞ്ഞിട്ടും അവിടത്തെ നാമത്തില്‍ പ്രവര്‍ത്തിക്കുന്നതിനും അവിടുത്തെ സാന്നിദ്ധ്യം ഭൂമിയില്‍ അറിയിക്കുന്നതിനും അവനെ തിരഞ്ഞെടുത്തത് തീര്‍ച്ചയായും ദൈവത്തിന്‍റെ വലിയ ഔദാര്യമാണ്. പൗരോഹിത്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന വലിയ മഹത്വവും ദൈവത്തിന്‍റെ ഈ ഔദാര്യംതന്നെയാണ്.

പൗരോഹിത്യവത്സരത്തിന്‍റെ ലക്ഷൃങ്ങള്‍
ബലഹീനരായ മനുഷ്യര്‍ക്ക് ദൈവത്തിന്‍റെ സാന്നിദ്ധ്യം ഭൂമിയില്‍ അനുഭവവേദ്യമാക്കാന്‍ സാധിക്കുമെന്ന് ദൈവം കരുതുന്നതുകൊണ്ടാണ്, അവിടത്തെ ശുശ്രൂഷയ്ക്കായി അവരെ വിളിക്കുന്നത്. അങ്ങനെ ആ വിളിയിലൂടെ അവരെ ദൈവവുമായി ഐക്യപ്പെടുത്തുന്ന പ്രമേയമാണ് കഴിഞ്ഞൊരു വര്‍ഷക്കാലം ആഗോളസഭയില്‍ വിലമതിക്കാനും വിലയിരുത്താനും പരിശ്രമിച്ചത്.
നാല് പ്രായോഗിക ലക്ഷൃങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുമാണ് പൗരോഹിത്യവത്സരം ആചരിക്കപ്പെട്ടത്.
ഒന്നാമതായി, വൈദികര്‍ ദൈവത്തോട് ഏറെ അടുത്തിരിക്കേണ്ടവരാണ് എന്നതിലുള്ള അതിയായ സന്തോഷം നവീകരിക്കാനും പുനഃരാവഹിക്കാനും ശ്രമിക്കുകയയായിരുന്നു. രണ്ടാമതായി, ബലഹീനരായ മനുഷ്യരെ പ്രത്യേകമായി വിളിക്കുകയും നയിക്കുകയും പരിപാലിക്കുകയും ചെയ്തതില്‍ വൈവത്തോടുള്ള അതിയായ നന്ദിരേഖപ്പെടുത്തുന്ന സമയമായിരുന്നു അത്. മൂന്നാമതായി, ദൈവത്തിനുവേണ്ടിയും ദൈവത്തോടുകൂടിയുമുള്ള ഈ ശുശ്രൂഷയുടെ വിളിയെക്കുറിച്ച് വളരുന്ന തലമുറയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് അവബോധം നല്കുവാനും, ഈ വിളിയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ ദൈവം പ്രതീക്ഷിക്കുകയും ചെയ്യുന്നുവെന്ന് അനുസ്മരിപ്പിക്കുന്ന ഒരു വര്‍ഷവുമായിരുന്നു. നാലാമതായി സാര്‍വ്വത്രിക സഭയോട് ചേര്‍ന്ന് പൗരോഹിത്യ ദൈവവിളിക്കായി പ്രാര്‍‍ത്ഥിക്കുന്ന ഒരു വര്‍ഷമായിരുന്ന അത്. ദൈവത്തിന്‍റെ വിളഭൂമിയില്‍ വേളക്കാരെ ഇനിയും ആവശ്യമുണ്ട്. അതിനായി നാം പ്രാര്‍ത്ഥിക്കണം. ഈ പ്രാര്‍ത്ഥന യുവാക്കളുടെ ഹൃദയകവാടങ്ങളില്‍ ദൈവം ആഗ്രഹിക്കുന്നതും നിയോഗിക്കുന്നതും, നിര്‍വ്വഹിക്കുന്നതിനുള്ള ഒരു വിളിയായി മാറേണ്ടതുമാണ്.




മണ്‍പാത്രത്തിലെ നിധി, പൗരോഹിത്യ ബലഹീനതകള്‍
പൗരോഹിത്യ വത്സരാചരണത്തിലൂടെ സഭ ഉന്നംവച്ച പൗരോഹിത്യത്തിന്‍റെ നവമായ പ്രഭ ശത്രുപാളയങ്ങളില്‍ ഒരിക്കലും പ്രീതികരമായിരുന്നില്ല. അവര്‍ ആഗ്രഹിച്ചത് പൗരോഹിത്യത്തിന്‍റെ പ്രഭമങ്ങാനും, അത് ലോകത്തുനിന്ന് തിരോധാനം ചെയ്യപ്പെടാനുമാണ്. അതുവഴി ദൈവത്തെതന്നെ ഈ ഭൂമുഖത്തുനിന്നും കുടിയിറക്കാമെന്നും വ്യാമോഹിച്ചു കാണണം. അങ്ങനെ പൗരോഹിത്യ-കൂദാശയിലുള്ള സന്തോഷം പ്രഘോഷിക്കുന്ന വര്‍ഷത്തില്‍തന്നെ പൗരോഹിത്യത്തിന്‍റെ ബലഹീനതകള്‍ വെളിച്ചത്തു കൊണ്ടുവരപ്പെട്ടു - പ്രത്യേകിച്ച് കുട്ടികളുടെ ലൈഗീക പീഡന കഥകള്‍. അവിടെ ദൈവസ്നേഹത്തിന്‍റെ മുഖകാന്തി കാണിക്കേണ്ടവര്‍ തിന്മയുടെ പ്രതിരൂപങ്ങളായി മാറി എന്നത് ഏറെ ഖേദകരമാണ്. നിര്‍ബന്ധമായും നിരന്തരമായും ദൈവത്തോടും അതിന് ഇരയായവരോടും നാം മാപ്പിനായി കേഴുമ്പോഴും, ഇനിയും അങ്ങിനെയുള്ള തിന്മകള്‍ ഉണ്ടാകാതിരിക്കുവാന്‍ എല്ലാകരുതലും എടുക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. അതുപോലെ പൗരോഹിത്യത്തിലേയ്ക്ക് വ്യക്തികളെ തിരഞ്ഞെടുക്കുന്നതിലും അവരുടെ തുടര്‍ന്നുള്ള രൂപീകരണത്തിലും അവരുടെ വിളിയുടെ സത്യസന്ധത അറിയുന്നതിലും, വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും. പൗരോഹിത്യ അജപാലന ശുശ്രൂഷയുടെ വഴിത്തിരവുകളില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍ വീഴാതിരിക്കുവാനും, വൈദികര്‍ തെറ്റുകളില്‍ വീഴുമ്പോള്‍ അവയില്‍നിന്നു അവരെ മോചിക്കുവാനും തിരുത്തുവാനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യും.

പൗരോഹിത്യവത്സരം വൈദികരുടെ നേട്ടങ്ങളുടെ ഒരു കൊട്ടിഘോഷിക്കലായിരുന്നുവെങ്കില്‍ അത് നാശത്തിന്‍റെ വഴിയിലേയ്ക്ക് തിരിയുമായിരുന്നു. മറിച്ചാണ് ദൈവം ആഗ്രഹിച്ചതും സംഭവിച്ചതും. മണ്‍പാത്രങ്ങളിലെ നിധിപോലെ മാനുഷിക ബലഹീനതകള്‍ക്കിടയിലും നവമായും നന്ദിയോടെയും പൗരോഹിത്യദാനംവഴി, ദൈവസ്നേഹം കൂടുതല്‍ സ്പഷ്ടമായി ലോകത്ത് വളരുവാന്‍ ഇന്നും ദൈവം ഇടയാക്കുന്നു. പൗരോഹിത്യ ജീവിതത്തിന് ഇണങ്ങാത്തതായി സംഭവിച്ചതൊക്കെ നവീകരണത്തിനുള്ള ഒരു വിളിയായും, പരോഹിത്യത്തിലൂടെ ദൈവം വൈദികരോടു കാണിക്കുന്ന വലിയ സ്നേഹത്തെയും, അവരെ ഭരമേല്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തെയും ഭാവിയില്‍ വിശ്വസ്തതയോടെ അംഗീകരിച്ച് പ്രതികരിക്കുവാനുള്ള ഒരവസരവുമായിട്ടാണ് ഇതിനെ കാണേണ്ട്.. ഈ വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്‍റെ ദാനം ഒരു സമര്‍പ്പണമായി മാറുന്നത്. ദൈവം ഔദാര്യത്തോടും താഴ്മയോടുംകൂടെ മനുഷ്യനിലര്‍പ്പിച്ച വിശ്വാസം, മനുഷ്യന്‍ എളിമയോടും ധൈര്യത്തോടുകൂടി അംഗീകരിക്കുകയും വിശ്വസ്തതയോടെ അതിനോട് സഹകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നതുവഴി അത് സമര്‍പ്പണമായി മാറുന്നു. ക്രിസ്തുവിന്‍റെ വാക്കുകള്‍തന്നെ അതിന് നമുക്ക് പ്രചോദനമേകുന്നു.
“ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം നിങ്ങള്‍ വഹിക്കുകയും എന്നില്‍നിന്ന് പഠിക്കുകയും ചെയ്യുവിന്‍, അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും, എന്‍റെ നുകം എളുപ്പമുള്ളതും ഭാരം ലഘുവുമാണ്” മത്തായി 11, 29.

മാതൃകയാക്കേണ്ട ക്രിസ്തുവിന്‍റെ ഇടയസ്നേഹം
കാല്‍വരിയിലെ കുരിശില്‍ യേശുവിന്‍റെ ഹൃദയം പിളര്‍ക്കപ്പെട്ടതുപോലെ പൗരോഹിത്യവത്സര സമാപനദിനത്തിലും യേശുവിന്‍റെ തിരുഹൃദയത്തിലേയ്ക്ക് ആത്മീയമായി ചൂഴ്ന്നിറങ്ങുമ്പോള്‍ ദൈവസ്നേഹം നമ്മില്‍ സമൃദ്ധമായി ചൊരിയപ്പെടുകയാണ്. സമാപനദിനത്തിലെ ആരാധനക്രമത്തിലൂടെ വചനഭാഗങ്ങള്‍ ചുരുളഴിയുന്നത്, യേശുവിന്‍റെ ദിവ്യഹൃദയത്തിന്‍റെ ഭാഷ്യത്തില്‍ തന്നെയാണ്. “ദൈവം നമ്മുടെ ഇടയനാണ്,” എന്നതാണ് മുഖ്യപ്രമേയം. അങ്ങനെ ലോകരക്ഷയ്ക്കായ് ദൈവത്താല്‍ അയക്കപ്പെട്ട ക്രിസ്തുവിന്‍റെ ഹൃദയത്തില്‍ ഊന്നിനില്കുന്ന അവിടത്തെ പൗരോഹിത്യവും അജപാലന സ്നേഹവുമാണ് തിരുഹൃദയത്തിരുനാളിലെ ആരാധനക്രമം വെളിപ്പെടുത്തുന്നത്. പരസ്പരപൂരകങ്ങളായ ആരാധനക്രമത്തിലെ വചനവും പ്രതിവചനവും മനുഷ്യന്‍റെ ദൈവവചനത്തോടുള്ള പ്രതികരണമായി മാറേണ്ടതാണ്. ഇതിലേറ്റവും ശ്രദ്ധേയമാകുന്നത് ഇസ്രായേല്‍ ജനത്തിനു വെളിപ്പെട്ടു കിട്ടുകയും മാര്‍ഗ്ഗദീപമാവുകയും ചെയ്ത “ദൈവമാണെന്‍റെ ഇടയന്‍,”
എന്ന 22-ാം സങ്കീര്‍ത്തനമാണ്. “കര്‍ത്താവെന്‍റെ ഇടയനാണ്, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല,” എന്ന ആദ്യവചനം ദൈവം നമ്മോടൊപ്പമുണ്ട്, അവിടുന്ന് നമ്മെ നയിക്കുന്നു എന്ന ചിന്തയാല്‍ മനുഷ്യകുലത്തിന് പ്രത്യാശപകരുന്നു. ദൈവമായ കര്‍ത്താവരുള്‍ചെയ്യുന്നു, ഞാന്‍തന്നെ എന്‍റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും, എന്ന് എസേക്കിയേല്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നതും, ദൈവത്തിന്‍റെ മനുഷ്യരോടുള്ള അജപാലനസ്നേഹം വെളിപ്പെടുത്തുന്നു. വ്യഗ്രതയാര്‍ന്ന ഇന്നത്തെ ലോകത്തിന്‍റെയും സമൂഹത്തിന്‍റെയും ചുറ്റുപാടുകളിലും ദൈവം എന്നെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നു എന്ന പ്രത്യാശയാണ് ഈ വചനം നല്കുന്നത്.

തന്നെത്തന്നെ ലോകത്തിന് വെളിപ്പെടുത്തിയ ദൈവം മനുഷ്യരില്‍നിന്ന് അകന്നിരിക്കുന്നില്ല, മറിച്ച് മനുഷ്യരോടുകൂടെ ആയിരിക്കുകയും അവരെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.
ലോകത്തുള്ള ഇതരമതങ്ങളും ദൈവത്തെ അന്വേഷിക്കുകയാണ്. അവസാനം എല്ലാവരും ഒരു ദൈവത്തിലുള്ള വിശ്വസം ഏറ്റുപറയുന്നുണ്ടെങ്കിലും,
ആ ദൈവം അവരില്‍നിന്നും അകന്നിരിക്കുന്നവനാണ്, സമീപസ്ഥനല്ല.
ആ ദൈവം മറ്റു ശക്തികളിലുടേയും പ്രതിഷ്ഠകളിലൂടെയും നേരിട്ടല്ലാതെയുമാണ് മനുഷ്യരോട് ഇടപഴകുന്നത്. അതുകൊണ്ടുതന്നെ അവര്‍ ആ ദൈവത്തെ അത്ര തേടിയില്ല. പ്രബോധോദയ-കാലത്ത് (Period of Enlightenment) ദൈവത്തെക്കുറിച്ചുള്ള സങ്കല്പമിതായിരുന്നു. ദൈവം അകന്നിരിക്കുന്ന ആദികാരണമായിരുന്നു അവര്‍ക്ക്. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതി നിയമങ്ങളായിരുന്നു പ്രപഞ്ചത്തെ നയിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്‍ പതറിപ്പോകാവുന്നിടങ്ങളില്‍ തുണയ്ക്കുന്ന ദൈവത്തിന്‍റെ ഇടയരുപം ക്രിസ്തു നമുക്ക് നല്കുന്നു...മനുഷ്യരെ നയിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തിന്‍റെ പ്രതിച്ഛായയാണ് ഈ ഇടയരൂപം. യോഹന്നാന്‍ 10, 14.
“ഞാന്‍ നല്ലിടയനാണ്. പിതാവ് എന്നെയും, ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ, ഞാന്‍ എനിക്കുള്ളവരെയും എനിക്കുള്ളവ എന്നെയും അറിയുന്നു.” ക്രിസ്തു പഠിപ്പിക്കുന്ന ഈ ദൈവസ്നേഹത്തിന്‍റെ അനുഭവം ജീവിതമേഖലകളില്‍ പങ്കുവച്ചുകൊണ്ട് ദൈവസ്നേഹം എന്താണെന്ന് ജനങ്ങളെ അറിയിക്കുന്നവരാണ് വൈദികര്‍. അറിയുക, അറിയിക്കുക..
(to know) എന്ന വാക്കിന് ഈ പശ്ചാത്തലത്തില്‍ സ്നേഹിക്കുക എന്നുകൂടെ അര്‍ത്ഥം സ്ഫുരിക്കുന്നുണ്ട്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, “ഞാന്‍ എന്‍റെ ആടുകളെ അറിയുന്നു, അവ എന്നെയും.” പൗരോഹിത്യധര്‍മ്മം ഈ ആഴമായ അറിവിലാണ് അടങ്ങിയിരിക്കുന്നത്. ദൈവസ്നേഹത്തിന്‍റെ പാതയില്‍ ലോകത്ത് മനുഷ്യരോടോത്തു ചരിക്കുക എന്നത് പൗരോഹിത്യ ധര്‍മ്മമാണ്. “തന്‍റെ നാമത്തെപ്രതി അവിടുന്ന് എന്നെ നേരായ പാതകളിലൂടെ നടത്തുന്നു.” ക്രിസ്തുനാഥനെ അനുകരിച്ച് ജനങ്ങളെ വിശുദ്ധിയുടെയും നന്മയുടെയും പാതയിലൂടെ നടത്തേണ്ടവരാണ് വൈദികര്‍.

കര്‍ത്താവു നയിക്കുന്നു
22-ാം സങ്കീര്‍ത്തനം തുടര്‍ന്നും ചിന്താവിഷയമാക്കുമ്പോള്‍, “തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ അവിടുന്ന് എന്നെ നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു.” തന്നെ ഭരമേല്പിച്ചിരിക്കുന്നവര്‍ക്ക് ഇടയന്‍ നേരായവഴി കാട്ടിക്കൊടുക്കുന്നു. അയാള്‍ മുന്നെ നടക്കുകയും ആടുകളെ നയിക്കുകയും ചെയ്യുന്നു. ആ വരികള്‍തന്നെ വ്യത്യസ്തമായി വ്യാഖ്യാനിക്കുമ്പോള്‍, നല്ല മനുഷ്യരായി ജീവിക്കാനുള്ള വഴി നമുക്ക് ദൈവം കാണിച്ചു തരുന്നു. ഒരു നല്ല വ്യക്തിത്വത്തിനുവേണ്ട ജീവനകല അവിടുന്ന് പകര്‍ന്നു നല്കുന്നുണ്ട്. ഞാന്‍ വീണുപോകാതിരിക്കുവാനും, ജീവിതം പാഴായിപ്പോകാതിരിക്കാനും, എന്തുചെയ്യണം?. എല്ലാവരും തങ്ങളോട്തന്നെ ചോദിക്കേണ്ട എന്നും പ്രസക്തവുമായ ഒരു ചോദ്യമാണിത്. ഇക്കാലഘട്ടത്തില്‍ ഈ ചിന്ത പാടേ എല്ലാവരും മറന്നിരിക്കുകയാണ്. എപ്പോഴും ഓര്‍ക്കാവുന്ന ഒരു സുവിശേഷ വചനമാണ്, “ജനങ്ങളെ കണ്ടപ്പോള്‍ അവിടത്തേയ്ക്ക് അനുകമ്പതോന്നി, കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപോലെയായിരുന്നു.”
കര്‍ത്താവേ, ഞങ്ങളില്‍ കരുണയുണ്ടാകണമേ, ഞങ്ങളെ നയിക്കേണമേ, എന്നു നിരന്തരമായി പ്രാര്‍ത്ഥിക്കാം. സുവിശേഷത്തില്‍നിന്നും നമുക്കറിയാം, അവിടുന്നാണ് ജീവന്‍റെ വഴിയെന്ന്. ക്രിസ്തുവിനോടൊത്തു ജീവിക്കുക, അവിടുത്തെ അനുഗമിക്കുക എന്നത് ഈ ജീവന്‍റെ മാര്‍ഗ്ഗം കണ്ടെത്തുന്നതാണ്. അങ്ങനെ നമ്മുടെ ജീവിതങ്ങള്‍ അര്‍ത്ഥസമ്പുഷ്ടമാവുകയും, ജീവിതം സാഫല്യമായി, എന്ന് ഒരുനാള്‍ സംതൃപ്തിയോടെ നമുക്ക് പറയാനാവുകയും ചെയ്യും. ജീവിത പാന്ഥാവില്‍ മാര്‍ഗ്ഗദീപമായ പത്തുകല്പനകളേകിയ തമ്പുരാനോട് എന്നും നന്ദിയുള്ളവരായി ഇസ്രായേല്‍ ജനം ജീവിച്ചു.

119-ാം സങ്കീര്‍ത്തനം ദൈവകല്പനകള്‍ക്ക് നന്ദിപറയുന്ന മഹത്തായ ഗീതമാണ്, “കര്‍ത്താവിന്‍റെ നിയമം അനുസരിച്ച് അപങ്കിലമായ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍,” 119, 1. ദൈവപ്രമാണങ്ങളുടെ സന്ദേശത്താല്‍ സമന്വയിക്കപ്പെട്ട യേശുവിന്‍റെ ജീവിതമാണ് മനുഷ്യകുലത്തിന് സജീവ മാതൃകയാകുന്നത്. അങ്ങനെ ദൈവകല്പനകള്‍ ബന്ധനങ്ങളല്ല, മറിച്ച് ദൈവം നമുക്കു കാണിച്ചുതരുന്ന ജീവിത പാതയാണ്. ക്രിസ്തുവിനോടൊത്തു ചരിക്കുമ്പോള്‍, നമുക്ക് അങ്ങനെ വെളിപാടിന്‍റെ സന്തോഷം അനുഭവവേദ്യമാകുന്നു. കര്‍ത്താവിന്‍റെ വഴികള്‍ അറിഞ്ഞവര്‍ എന്ന നിലയില്‍ നാം ഈ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതാണ്.

ഇരുളിന്‍റെ താഴ്വാരത്തിലൂടെ കര്‍ത്താവ് നമ്മെ നയിക്കുന്നു.
നമ്മുടെ ജീവിത പാന്ഥാവ് അവസാനം മറ്റാര്‍ക്കും നമ്മെ അനുധാവനം ചെയ്യാനാവാത്ത മരണത്തിന്‍റെ താഴ്വാരത്ത് എത്തിച്ചേരുന്നു. എങ്കിലും കര്‍ത്താവ് നമ്മുടെ കൂടെയുണ്ട്. മരണത്തിന്‍റെ ഇരുണ്ട രാത്രിയില്‍ കര്‍ത്താവ് നമ്മുടെ പക്കലേയ്ക്ക് ഇറങ്ങിവരുന്നു. അവിടെയും അവിടുന്ന് നമ്മെ കൈവിടുന്നില്ല, അവിടുന്ന് നമ്മെ നയിക്കുന്നു. ക്രിസ്തുതന്നെയും മരണത്തിന്‍റെ ഇരുണ്ട രാത്രി കണ്ടതാണ്. 139-ാം സങ്കീര്‍ത്തനം പറയുന്നതുപോലെ, ഞാന്‍ പാതാളത്തില്‍ നിപതിച്ചാലും കര്‍ത്താവ് അവിടെയുണ്ട്. അതുകൊണ്ടാണ്, ഇരുള്‍മൂടിയ താഴ്വാരത്തിലും എനിക്കൊരനര്‍ത്ഥവും ഉണ്ടാകില്ല, എന്ന് സങ്കീര്‍ത്തകന്‍ പാടിയത്. ഈ സാഹചര്യത്തില്‍ നാം ഓരോരുത്തരും കടന്നുപോകുന്ന പ്രലോഭനങ്ങളുടെയും, അതുയര്‍ത്തുന്ന നിരാശയുടെയും സംഘര്‍ഷങ്ങളുടെയും ഇരുണ്ട താഴ്വാരത്തെക്കുറിച്ചും വിചിന്തനം ചെയ്യേണ്ടതാണ്. ജീവിതത്തിന്‍റെ ഈ ഇരുണ്ട താഴ്വാരത്തിലും കര്‍ത്താവ് നമ്മുടെ കൂടെയുണ്ടെന്ന് പ്രത്യാശിക്കാം. പ്രലോഭനങ്ങളുടെ താഴ്വാരങ്ങളില്‍ ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നവരുടെ കൂടെ ആയിരിക്കുവാനും അവരെ അങ്ങെ പ്രകാശത്തിലേയ്ക്ക് നയിക്കുവാനും... ദൈവമേ, പുരോഹിതരായ ഞങ്ങളെ സഹായിക്കണമേ, എന്നു പ്രാര്‍ത്ഥിക്കാം.

അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു. Ps.23, 4b
ആടുകളുടെമേല്‍ പാഞ്ഞടുക്കുന്ന വന്യമൃഗങ്ങളില്‍നിന്നും കൊള്ളക്കാരില്‍നിന്നും അവയെ സംരക്ഷിക്കുന്നതിന് ഇടയന് ഊന്നുവടി ആവശ്യമാണ്. ഊന്നുവടിക്കൊപ്പമുള്ള ദണ്ഡ് വഴിയില്‍ ദുര്‍ഘടമായ പാതകള്‍ കടക്കാന്‍ സഹായകമാകുന്നു. ഇവ രണ്ടും സഭയുടെ സേവനലക്ഷൃത്തിന്‍റെയും പൗരോഹിത്യ ശുശ്രൂഷയുടേയും പ്രതീകങ്ങളാണ്. അജഗണത്തെ വഴിതെറ്റിക്കുന്ന ചിന്താധാരകളില്‍നിന്നും, വിശ്വാസത്തെ കലുഷിതമാക്കുന്ന വ്യക്തികളില്‍നിന്നും സംരക്ഷണം നല്കുന്നതിന് അധികാരത്തിന്‍റെ ഈ ഊന്നുവടി സഭയില്‍ ആവശ്യമാണ്. എന്നാല്‍ സഭയില്‍ അധികാരം ഒരു സ്നേഹ ശുശ്രൂഷയാണ്. ഇന്ന് പൗരോഹിത്യത്തിനിണങ്ങാത്ത ജീവിതരീതകള്‍ അങ്ങിങ്ങായി കാണുമ്പോള്‍ അവിടെ സ്നേഹമില്ലെന്ന് നാം മനസ്സിലാക്കണം. അതുപോലെ വ്യക്തികള്‍ സ്വതന്ത്രമായി പാഷണ്ഡതകള്‍ പറഞ്ഞുപരത്തുമ്പോഴും, വിശ്വാസം വളച്ചൊടിക്കപ്പെടുമ്പോഴും അജപാലന മേഖലയില്‍ സ്നേഹമില്ലായ്മയാണ് കാണുന്നത്. ദൈവത്തിന്‍റെ ദാനമായ വിശ്വാസത്തിന്‍റെ മണിമുത്ത് നഷ്ടമാകാന്‍ ഇടയാക്കരുത്. കര്‍ത്താവിന്‍റെ വഴിയെ ജനങ്ങളെ നയിക്കുവാന്‍ അധികാരത്തിന്‍റെ ഊന്നുവടി ദുര്‍ഘടപാതകള്‍ കടക്കുന്നതിനുള്ള ശാസനദണ്ഡായി മാറേണ്ടതാണ്.

കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ വസിക്കും
സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു,
“ശത്രുക്കളുടെ മുമ്പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു, എന്‍റെ ശിരസ്സ് തൈലംകൊണ്ട് അവിടുന്ന് അഭിഷേചിക്കുന്നു, എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുകയാണ്. അവിടുത്തെ നന്മയും കരുണയും എന്നെ അനുഗമിക്കും, കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ ദീര്‍ഘകാലം വസിക്കും.” ദേവാലയത്തില്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അവിടുന്ന് ശുശ്രൂഷിക്കുന്ന ഒരതിഥി ആയിരിക്കുന്നതിലുള്ള അതിയായ സന്തോഷംപോലെ, സഭയില്‍ ക്രിസ്തു സാന്നിദ്ധ്യത്തില്‍ ലഭിക്കുന്ന കൂടുതല്‍ ആഴമായ ആത്മീയാന്ദത്തിന്‍റെ പ്രതിസ്ഫുരണം ഈ വരികളിലുണ്ട്. ദൈവം നമ്മെ അതിഥികളായി സ്വീകരിച്ച്, തന്നെതന്നെ ഭോജ്യമായും പാനീയമായും നല്കുന്ന ദിവ്യകാരുണ്യ രഹസ്യത്തിന്‍റെ പ്രവചനാത്മകമായ ഒരു പ്രതിച്ഛായ ഈ വരികളില്‍ ഒളിഞ്ഞിരിക്കുന്നു. നമ്മള്‍ കര്‍ത്താവിന്‍റെ വിരുന്നു മേശയിലെ അതിഥികളാകുന്നതില്‍ സന്തോഷമില്ലേ. “ഇതു നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായ് ചെയ്യുവിന്‍” എന്ന് അവിടുന്ന് നമ്മോട് അരുള്‍ചെയ്തിട്ടുള്ളതാണല്ലോ. കര്‍ത്താവിന്‍റെ തിരുശരീരരക്തങ്ങളില്‍ അവിടുത്തെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്കായി ലഭ്യമാക്കുവാന്‍ ദൈവം വൈദികരെ വിളിച്ചതില്‍ ഏറെ സന്തോഷിക്കേണ്ടതാണ്. നമുക്ക് സങ്കീര്‍ത്തകനോടൊരുമിച്ചു പ്രാര്‍ത്ഥിക്കാം, “അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ നമ്മെ അനുഗമിക്കട്ടെ,” എന്ന് Ps.22, 6a.

കുത്തിത്തുറക്കപ്പെട്ട തിരുവിലാവ്
“പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാള്‍തന്നെ സാക്ഷൃപ്പെടുത്തിയിരിക്കുന്നു. അയാളുടെ സാക്ഷൃം സത്യവുമാണ്,” വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം വായിക്കുന്നു (19, 34).
യേശുവിന്‍റ‍െ പാര്‍ശ്വങ്ങളില്‍നിന്നൊഴുകിയ രക്തവും ജലവും, സഭയുടെ രണ്ട് അടിസ്ഥാന കൂദാശകളായ ജ്ഞാനസ്നാനത്തെയും ദിവ്യകാരുണ്യത്തെയും സൂചിപ്പിക്കുന്നു. എന്നാല്‍ സഭയാണ് നൂറ്റാണ്ടുകളായിട്ട് കര്‍ത്താവിന്‍റെ പാര്‍ശ്വത്തില്‍നിന്നൊഴുകിയ ജീവജലത്തിന്‍റെ സ്രോതസ്സായിട്ട് ചരിത്രത്തില്‍ നില്ക്കുന്നത്. അങ്ങനെ യേശുവിന്‍റെ കുത്തിത്തുറക്കപ്പെട്ട ഹൃദയം ജീവന്‍റെ ഉറവയായി. എസേക്കിയേല്‍ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ നാം വായിക്കുന്നതുപോലെ, പുതിയ ദേവാലയത്തില്‍നിന്നു പുറപ്പെട്ട ജലപ്രവാഹം ഫലസമൃദ്ധിയും ജീവനും പ്രദാനംചെയ്തതുപോലെ,
പുതിയ ദേവാലയമാകുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്ന ജീവജലം നമ്മിലേയ്ക്ക് ജ്ഞാനസ്നാനത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും എത്തിച്ചേരുന്നു. വീണ്ടും യോഹന്നാന്‍ തന്നെയാണ് എഴുതുന്നത്,
“ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്നും ജീവജലത്തിന്‍റെ അരുവികള്‍ പ്രവഹിക്കും,” യോഹന്നാന്‍ 7, 37. വിശ്വാസത്തില്‍ നാം ഈ ജീവന്‍റെ നീരുറവയില്‍നിന്നുതന്നെയാണ് പാനംചെയ്യുന്നത്. അങ്ങിനെ മനുഷ്യ ചരിത്രത്തില്‍ വീണ്ടും ഒരു വിശ്വാസി ആത്മീയമായി വരണ്ടുണങ്ങിയ ഭൂമിയില്‍ ജീവജലത്തിന്‍റെ ഉറവയായി മാറുന്നു. വിശുദ്ധാത്മാക്കളുടെ ജീവിതത്തില്‍ ഇതു വളരെ പ്രകടമായി കാണുന്നു. എല്ലാ തലമുറകള്‍ക്കും സ്നേഹത്തിന്‍റെയും ജീവന്‍റെയും അമ്മയായ പരിശുദ്ധ കന്യകാ മറിയം ചരിത്രത്തില്‍ ആത്മീയജീവന്‍റെ സ്രോതസ്സായി നില്ക്കുന്നു. ക്രിസ്തുവിന്‍റെ മാതൃകയില്‍ ഓരോ ക്രൈസ്തവനും ഓരോ വൈദികനും ഈ ഭൂമിയില്‍ സകലര്‍ക്കും ആത്മീയ ജീവന്‍റെ ഉറവയാകേണ്ടതാണ്. ആത്മീയമായി ശുഷ്കതയും വരള്‍ച്ചയും അനുഭവിക്കുന്ന ഇക്കാലഘട്ടത്തില്‍ നാം ലോകത്തിന് ജീവജലം പകരേണ്ടവരാണ്.

ഉപസംഹാരം
ഞങ്ങളോടുള്ള സ്നേഹത്താല്‍ അങ്ങെ തിരുവിലാവു തുറന്നുതന്ന ക്രിസ്തുവേ, അങ്ങേയ്ക്ക് നന്ദിപറയുന്നു, കാരണം അങ്ങേ മരണവും തിരുവുത്ഥാനവുംവഴി അങ്ങു ഞങ്ങളുടെ ജീവന്‍റെ സ്രോതസ്സായല്ലോ. അങ്ങേ ദിവ്യഹൃദയത്തില്‍നിന്നും ജീവന്‍ നുകര്‍ന്ന് ഞങ്ങള്‍ അങ്ങേ ദൈവീകജീവന്‍റെ ഈ ഭൂമിയിലെ ഉറവകളാവട്ടെ. പൗരോഹിത്യമെന്ന അങ്ങേ കൃപാദാനത്തിന് ഞങ്ങള്‍ നന്ദിപറയുന്നു. ഞങ്ങളെ അനുഗ്രഹിക്കണമേ. ഇനിയും അങ്ങേയ്ക്കായി ദാഹിക്കുകയും അങ്ങയെ അന്വേഷിക്കുകയും ചെയ്യുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. ആമേന്‍.

(പൗരോഹിത്യവത്സരാചരണത്തിന്‍റെ സമാപനദിനത്തില്‍ മാര്‍പാപ്പ വൈദികര്‍ക്കു നല്കിയ സന്ദേശത്തിന്‍റെ പരിഭാഷയാണിത്. 11 ജൂണ്‍ 2010)







All the contents on this site are copyrighted ©.