2010-06-28 20:37:57

കിഴക്കിന്‍റെ പ്രതിനിധികളെ
മാര്‍പാപ്പ സ്വീകരിച്ചു


28 ജൂണ്‍ 2010
ഒക്ടോബര്‍ മാസത്തില്‍ താന്‍ വിളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ മദ്ധ്യ-പൂര്‍വ്വദേശങ്ങള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനം,
സഭകള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കുമെന്ന് ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍‍ പങ്കെടുക്കുവാന്‍ ജൂണ്‍ 28-ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെത്തിയ, കോണ്‍സ്റ്റാന്‍റെനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമന്‍ അയച്ച പ്രതിനിധിസംഘത്തെ, പേപ്പല്‍ അരമനയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
സൈപ്രസ്സ് സന്ദര്‍ശനവേളയില്‍ താന്‍ പ്രകാശനം ചെയ്ത
മദ്ധ്യ-പൂര്‍വ്വദേശങ്ങള്‍ക്കുവേണ്ടിയുള്ള സിനഡിന്‍റെ കര്‍മ്മരേഖയില്‍, സഭകളുടെ കൂട്ടായ്മ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. ന്യൂനപക്ഷമായ ക്രൈസ്തവര്‍ മദ്ധ്യ-പൂര്‍വ്വദേശത്ത് അനുഭവിക്കുന്ന പീഡനങ്ങള്‍ ഇസ്ലാം, യഹൂദ മതങ്ങളുമായുള്ള സംവാദത്തിലൂടെ പരിഹരിക്കാനാവുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ജൂണ്‍ 29 ചൊവ്വാഴ്ച ആഘോഷിക്കപ്പെടുന്ന വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വം ഓര്‍ത്തഡോക്സ് സഭകളും അന്നേദിവസംതന്നെ ആഘോഷിക്കുന്നു എന്നത് സഭയുടെ കൂട്ടായ്മയുടെ
ഒരു നല്ല കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു.
കിഴക്കുനിന്നെത്തിയ 4-അംഗ പ്രതിനിധിസംഘം‍ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച് വത്തിക്കാനില്‍
ജൂണ്‍ 28 തിങ്കളാഴ്ച നടക്കുന്ന സാഘോഷമായ സായാഹ്നപ്രാര്‍ത്ഥനയിലും
29-ാം തിയതി, ചെവ്വാഴ്ച രാവിലെ അര്‍പ്പിക്കപ്പെടുന്ന,
സമൂഹദിവ്യബലിയിലും പങ്കെടുക്കും. എല്ലാവര്‍ഷവും പതിവുള്ള അവരുടെ സ്നേഹസാന്നിദ്ധ്യത്തിന് പ്രത്യേകം നന്ദിപറഞ്ഞ മാര്‍പാപ്പ എല്ലാവര്‍ക്കും തിരുനാള്‍ ആശംസകള്‍ നേര്‍ന്നു.







All the contents on this site are copyrighted ©.