2010-06-24 19:19:10

വരാപ്പുഴ മെത്രാപ്പോലീത്താ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
മാര്‍പാപ്പയില്‍നിന്നും പാലിയം-സ്ഥാനികചിഹ്നം സ്വീകരിക്കും


കേരളത്തിലെ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയില്‍നിന്നും പാല്ലിയം- സ്ഥാനികചിഹ്നം സ്വീകരിക്കും. ആഗോളസഭയില്‍ മാര്‍പാപ്പ പുതുതായി മെത്രാപ്പോലീത്തന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയ 38 മ‍െത്രാന്മാരാണ്
ജൂണ്‍ 29-ാം തിയതി ചൊവ്വാഴ്ച വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളില്‍ സ്ഥാനികചിഹ്നങ്ങള്‍ സ്വീകരിക്കുന്നത്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍വച്ച്, മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിമദ്ധ്യേയായിരിക്കും പാലിയം നല്ക്പ്പെടുന്നത്. ചെമ്മരിയാടിന്‍റെ രോമം ഉപയോഗിച്ച്, കൈകൊണ്ട് നെയ്തുണ്ടാക്കിയ വെളുത്ത് കട്ടിയുള്ള കഴുത്തിലണിയുന്ന നാട, അല്ലെങ്കില്‍ ഉത്തരീയമാണ് pallium –മെന്ന മെത്രാപ്പോലീത്തന്‍ സ്ഥാനികചിഹ്നം. വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ മാര്‍പാപ്പ ആശീര്‍വ്വദിക്കുന്ന പാലിയങ്ങള്‍ പാപ്പ അണിയുന്ന പാലിയത്തിന്‍റെ പകര്‍പ്പാണ്. മെത്രാന്‍റെ അധികാരത്തിന്‍റെയും മാര്‍പാപ്പയുടെ പരമാധികാരത്തിലുള്ള പങ്കുചേരലിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമാണ് പാലിയം. അമേരിക്കന്‍ ഐക്യനാടുകളില്‍നിന്ന് 12 പേരും യൂറോപ്പില്‍നിന്ന് 14 പേരും ആഫ്രിക്കയില്‍നിന്ന് 8 പേരും ഏഷ്യയില്‍നിന്ന് 4 പേരുമാണ് മെത്രാപ്പോലീത്താ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്.
ഏറെ വിസ്തൃതമായിരുന്ന ചരിത്രപുരാതനമായ വരാപ്പുഴ അതിരൂപയില്‍ന്നും തൃശൂര്‍ ജില്ലയുടെ തെക്കുഭാഗവും എറണാകുളത്തിന്‍റെ വടക്കുഭാഗവും ചേര്‍ത്ത് രൂപീകൃതമായ കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനായി 1984-ല്‍ ഡോക്ടര്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നിയമിതനായി.
12 വര്‍ഷക്കാലം കോട്ടപ്പുറത്ത് സ്തുത്യര്‍ഹ സേവനംചെയ്ത അദ്ദേഹം,
2009 ഒക്ടോബറിലുണ്ടായ ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പിലിന്‍റ‍െ നിര്യാണത്തെ തുടര്‍ന്നാണ്, 2010 ഫെബ്രുവരിയില്‍ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നിയമിച്ചത്‍.
2010 ഏപ്രില്‍ 4-ാം തിയതി ഡോക്ടര്‍ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി സ്ഥാനാരോപിതനാവുകയും ചെയ്തു.







All the contents on this site are copyrighted ©.