2010-06-24 19:00:59

മറിയത്തിന്‍റെ തിരുസ്വരൂപം
മാര്‍പാപ്പ പുനഃര്‍പ്രതിഷ്ഠിച്ചു


ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമാനിവാസികളുടെ സംരക്ഷകയായ പരിശുദ്ധ ദിവ്യജനനിയുടെ പുരാതന തിരുസ്വരൂപം പുനര്‍പ്രതിഷ്ഠിച്ചു.
1953-ല്‍ റോമാപട്ടണത്തിലെ വിശ്വാസികളുടെ താല്പര്യപ്രകാരം രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍നിന്ന് പട്ടണത്തെ പരിരക്ഷക്കണമേ എന്ന പ്രാര്‍ത്ഥനയോടെ പണിതീര്‍ത്ത മനോഹരമായ ദിവ്യജനനിയുടെ തിരുസ്വരൂപം, 2009 ഒക്ടോബര്‍ മാസത്തിലുണ്ടായ പേമാരില്‍ നിലംപതിക്കുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ചെമ്പില്‍ തീര്‍ത്ത്, സ്വര്‍ണ്ണം പൂശിയ 30 അടിവിലുപ്പമുള്ള പ്രതിമയുടെ പുനരുദ്ധാരണവും പുനര്‍പ്രതിഷ്ഠയും അതിവേഗം നടന്നത് മാര്‍പാപ്പയുടെ താല്പര്യ പ്രകാരമായിരുന്നു.
വത്തിക്കാനില്‍നിന്നും ജൂണ്‍ 24, വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയും
10.15 ന് പുറപ്പെട്ട മാര്‍പാപ്പ ഏകദേശം 20 കി.മീ. റോഡുമാര്‍ഗ്ഗം സഞ്ചരിച്ച് മോന്തോ മാരിയോയില്‍ എത്തിച്ചേര്‍ന്നു. വിശ്വാസ ജീവിതത്തില്‍ ദൈവമാതാവിനുള്ള ഉത്തുംഗസ്ഥാനമാണ് മോന്തേ മാരിയോ കുന്നിന്‍ മുകളിലെ പ്രതിഷ്ഠയെന്നും, യേശുവിന്‍റെ അമ്മ പട്ടണവാസികളുടെ കേഴുന്ന മനസ്സുകള്‍ക്ക് സമാശ്വാസവും യാത്രകളില്‍ വഴികാട്ടിയും അനുദിന കുടുംമ്പ ജീവിതത്തില്‍ സ്നേഹവാത്സല്യങ്ങളുടെ മാതൃസാന്നിദ്ധ്യവുമാണെന്ന്, ആശീര്‍വ്വാദത്തിനു മുന്‍പായി നടത്തിയ പ്രഭാഷണത്തില്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. റോമാപട്ടണത്തിന്‍റെ സംരക്ഷകയായ മറിയത്തിന്‍റെ തിരുസ്വരൂപം മോന്തേ മാരിയോയില്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്ത, വിശുദ്ധ ഓറിയോണിനെയും മാര്‍പാപ്പ അനുസ്മരിച്ചു. യഥാര്‍ത്ഥമായ സ്നേഹത്തിനേ ലോകത്തെ രക്ഷിക്കാനാവൂ എന്നു വിശ്വസിച്ച വിശുദ്ധ ഓറിയോണ്‍, മോന്തേ മാരിയോയിലെ ദിവ്യജനനിക്കൊപ്പം റോമാക്കാര്‍ക്ക് ഇന്നും പ്രത്യാശയുടെ പ്രതീകമാണെന്നും, സ്നേഹം വിശ്വാസത്തിലേയ്ക്ക് നമ്മുടെ കണ്ണുകള്‍ തുറക്കുകയും ദൈവസ്നേഹത്തിന്‍റെ ഊഷ്മളതയാല്‍ നമ്മുടെ ഹൃദയങ്ങള്‍ നിറയ്ക്കുന്നുവെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
പുനര്‍പ്രതിഷ്ഠാ കര്‍മ്മത്തില്‍ സന്നിഹിതരായിരുന്ന പട്ടണത്തിന്‍റെ മേയര്‍ ജിയാന്നി അലമേന്നോ, പൗരപ്രമുഖര്‍, ആയിരക്കണക്കിന് പട്ടണവാസികള്‍, റോമാ രൂപതയുടെ വികാരി, കര്‍ദ്ദിനാള്‍ വില്ലീനി, മെത്രാന്മാര്‍,
ഡോണ്‍ ഓറിയോണ്‍ സെന്‍ററിന്‍റെ ഡയറക്ടര്‍ ഡോണ്‍ ഫ്ലാവിയോ
തുടങ്ങി എല്ലാവര്‍ക്കും മാര്‍പാപ്പ നന്ദിപറയുകയും,
പ്രാദേശിക സമയും 11.15-ന് അടുത്തുള്ള ഡൊമിനിക്കന്‍ സഹോദരിമാരുടെ മിണ്ടാമഠം സന്ദര്‍ശിക്കുന്നതിനായി പുറപ്പെടുകയും ചെയ്തു.







All the contents on this site are copyrighted ©.