2010-06-24 19:23:51

പ്രാര്‍ത്ഥനയിലൂടെ തുറക്കപ്പെടുന്ന
കൃപാവരത്തിന്‍റെ സ്രോതസ്സുകള്‍


മറിയം താഴ്മയില്‍ ഏറ്റുപറഞ്ഞ സമ്പൂര്‍ണ്ണ സമ്മതംപോലെ അനുദിനജീവിതത്തില്‍ ദൈവികപദ്ധതികളോട് മനുഷ്യന്‍ വിധേയത്വം കാണിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
റോമിലെ മോന്തേ മാരിയോയില്‍ നടന്ന പരിശുദ്ധ ദിവ്യജനനിയുടെ പുരാതന തിരുസ്വരൂപത്തിന്‍റെ പുനഃര്‍പ്രതിഷ്ഠയ്ക്കുശേഷം, സമീപത്തുള്ള ഡൊമിനിക്കന്‍ സഹോദരിമാരുടെ മിണ്ടമഠത്തിലെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ സമാപനത്തില്‍ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഇങ്ങനെ ആഹ്വാനംചെയ്തത്. വചനമാകുന്ന ക്രിസ്തുവിനെ നിശ്ശബ്ദമായി തന്‍റെ ജീവിതത്തിലും ഹൃദയത്തിലും പേറിയ മറിയം, യേശുവുമായി എപ്പോഴും പുലര്‍ത്തിയ മാതൃസ്നേഹത്തിന്‍റെ ദൃഢബന്ധം, വചനത്തിന്‍റെ ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും എന്നും തുടരുവാന്‍ സാധിക്കട്ടെയെന്ന് മാര്‍പാപ്പ അവടത്തെ സമൂഹത്തെ ഉദ്ബോധിപ്പിച്ചു.
ദൈവാനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവകളാണ് മൗനസമര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടെ ജീവിതംവഴി തട്ടിത്തുറക്കപ്പെടുന്നതെന്നും, അതുവഴി പ്രത്യാശയറ്റവര്‍ക്ക് തുണയും, അവര്‍ യേശുവിനെ വീണ്ടും കണ്ടെത്തി, ദൈവരാജ്യം അവരുടെ ഹൃദയത്തില്‍ പുനഃര്‍പ്രതിഷ്ഠിക്കുവാനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുമെന്നും മാര്‍പാപ്പ ആഹ്വാനംചെയ്തു.
മദ്ധ്യഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം മിണ്ടാമഠത്തിലെ സഹോദരിമാരുമായി സംഭാഷിച്ച മാര്‍പാപ്പ, പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിയോടെ വത്തിക്കാനിലേയ്ക്കു മടങ്ങി.







All the contents on this site are copyrighted ©.