2010-06-23 19:27:51

പാപ്പാ പുനഃര്‍പ്രതിഷ്ഠിക്കുന്ന
റോമാനിവാസികളുടെ സംരക്ഷക


23 ജൂണ്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമിലെ മോന്തേ മാരിയോയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുസ്വരൂപം ജൂണ്‍ 25-ന് വ്യാഴാഴ്ച ആശിര്‍‍വ്വദിക്കും.
Salus Populi Romani റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ഈ തിരുസ്വരൂപം ലോകമഹായുദ്ധത്തിന്‍റെ കെടുതിയില്‍ നിന്നും റോമാ പട്ടണത്തെ രക്ഷിക്കണമേ, എന്ന പ്രാര്‍ത്ഥനയുമായി ആയിരക്കണക്കിന് റോമാ പട്ടണവാസികള്‍ സഹകരിച്ച് ഡോണ്‍ ഓറിയോണിന്‍റെ നേതൃത്വത്തില്‍ 1953 ഏപ്രില്‍ 4-ാം തിയതി സ്ഥാപിച്ചതാണ്. ചെമ്പില്‍ പണിതീര്‍ത്ത്, സ്വര്‍ണ്ണംപൂശിയ ദിവ്യജനനിയുടെ തിരുസ്വരൂപത്തിന് 30 അടി ഉയരമുണ്ട്. വലതുകരം സ്വര്‍ഗ്ഗോന്മുഖമായും ഇടതുകരം പട്ടണത്തെ അനുഗ്രഹിക്കുന്നതായും രുപകല്പനചെയ്ത പ്രതിമ പണിതീര്‍ത്തത്, യഹൂദ ചിത്രകാരനും ശില്പിയുമായ മിനേര്‍ബി അറീഗോയാണ്.
റോമാ നിവാസികള്‍ക്ക് പ്രിയങ്കരമായ ഈ തിരുസ്വരൂപം 2009 ഓക്ടോബര്‍
12-ാം തിയതിയിലുണ്ടായ പേമാരില്‍ നിലംപതിക്കുകയുണ്ടായി.
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരമാണ് കേടുപാടുകള്‍ സംഭവിച്ച തിരുസ്വരൂപം, നവീകരിച്ച് ഇത്രയും വേഗം പുനഃര്‍പ്രതിഷ്ഠിക്കുന്നത്. വ്യഴാഴ്ച രാവിലെ ഇറ്റലിയിലെ പ്രാദേശിക സമയും രാവിലെ 10.30-ന്, വത്തിക്കാനില്‍നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ റോമാപട്ടണത്തിനു വടക്കു പടിഞ്ഞാറുള്ള മൊന്തേ മാരിയോയില്‍ റോഡുമാര്‍ഗ്ഗം എത്തുന്ന മാര്‍പാപ്പ, തിരുസ്വരൂപത്തിന്‍റെ ആശീര്‍വ്വാദകര്‍മ്മങ്ങള്‍ക്കുശേഷം അടുത്തുള്ള ഏറെ പുരാതനമായ വിശുദ്ധ ബനഡിക്ടിന്‍റെ സഹോദരിമാരുടെ മിണ്ടാമഠവും സന്ദര്‍ശിക്കും.







All the contents on this site are copyrighted ©.